ജിദ്ദ - ജിദ്ദ ഇസ്‌ലാമിക് പോർട്ടിനെ ഫാർ ഈസ്റ്റ്, ഇന്ത്യ, മിഡിൽ ഈസ്റ്റ്, മധ്യധരണ്യാഴി തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിംഗ് ലൈൻ ആരംഭിക്കുന്നതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എച്ച്.എം.എം ആണ് ജിദ്ദ തുറമുഖത്തെ ബന്ധിപ്പിച്ച് എഫ്.ഐ.എം എന്ന് പേരുള്ള പുതിയ ഷിപ്പിംഗ് ലൈൻ ആരംഭിക്കുന്നത്. ജിദ്ദ തുറമുഖത്തിന്റെ ലോജിസ്റ്റിക് കാര്യക്ഷമതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
സെപ്റ്റംബർ ആദ്യ വാരം മുതൽ പുതിയ ഷിപ്പിംഗ് ലൈൻ ആരംഭിക്കും. പതിനായിരം കണ്ടെയ്‌നർ വീതം ശേഷിയുള്ള 12 കപ്പലുകൾ ഉപയോഗിച്ച് ജിദ്ദ തുറമുഖത്തെ ലോകത്തെ 17 തുറമുഖങ്ങളുമായി പുതിയ ഷിപ്പിംഗ് ലൈൻ ബന്ധിപ്പിക്കും. ദക്ഷിണ കൊറിയയിലെ ബുസാൻ, ഗ്വാംഗ്‌യാംഗ്, ചൈനയിലെ യാംഗ്ഷൻ, നിൻഗ്‌ബോ ഷോഷാൻ, ഷികൂ, ഡാ ചാൻ ബേ, മലേഷ്യയിലെ പോർട്ട് ക്ലാംഗ്, സിങ്കപ്പൂർ, ഇന്ത്യയിലെ മുന്ദ്ര, ഞാവ ശേവ (മുംബൈ), ചെന്നൈയിലെ കാട്ടുപ്പള്ളി, പാക്കിസ്ഥാനിലെ കറാച്ചി, ഈജിപ്തിലെ ദമിയെത്ത, ഗ്രീസിലെ പിറയൂസ്, ഇറ്റലിയിലെ ജെനോവ, സ്‌പെയിനിലെ ബാഴ്‌സലോണ, വലെൻഷ്യ എന്നീ തുറമുഖങ്ങളെ ജിദ്ദ തുറമുഖവുമായി പുതിയ ഷിപ്പിംഗ് ലൈൻ ബന്ധിപ്പിക്കുന്നു. ജിദ്ദ തുറമുഖത്ത് കയറ്റുമതിയും ഇറക്കുമതിയും വർധിപ്പിക്കാനും ജിദ്ദ തുറമുഖത്തിന്റെ മത്സരക്ഷമത വർധിപ്പിക്കാനും സൗദി അറേബ്യയും ലോക തുറമുഖങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കരുത്ത് ഉയർത്താനും പുതിയ സേവനം സഹായിക്കും.
വിഷൻ 2030 പദ്ധതിക്കനുസൃതമായി ദേശീയ ഗതാഗത, ലോജിസ്റ്റിക് തന്ത്ര ലക്ഷ്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്ന നിലക്ക് ഉയർന്ന ഗുണനിലവാര മാനദണ്ഡങ്ങളോടെ ഏറ്റവും മികച്ച സേവനങ്ങൾ നൽകി ലോകത്തെ വൻകിട ഷിപ്പിംഗ് കമ്പനികളെ ആകർഷിക്കാനുള്ള ജിദ്ദ തുറമുഖത്തിന്റെ ശേഷി പുതിയ ഷിപ്പിംഗ് ലൈൻ വർധിപ്പിക്കുന്നതായി സൗദി പോർട്ട്‌സ് അതോറിറ്റി പറഞ്ഞു. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന, ആഗോള ലോജിസ്റ്റിക് സെന്റർ എന്നോണം സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താനും പെട്രോളിതര കയറ്റുമതി വർധിപ്പിക്കാനും വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും ദേശീയ ഗതാഗത, ലോജിസ്റ്റിക് തന്ത്രം ലക്ഷ്യമിടുന്നു.