Sorry, you need to enable JavaScript to visit this website.

ഗ്യാൻവാപി തർക്കം കോടതിക്ക് പുറത്ത് തീർക്കണമെന്ന് മസ്ജിദ് കമ്മിറ്റിക്ക് ഹിന്ദു നേതാവിന്റെ കത്ത്

വാരണാസി- പരസ്പര സമ്മതത്തോടെ ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദ്  കോടതിക്ക് പുറത്ത് സമാധാനപരമായി ഒത്തുതീർപ്പാക്കണമെന്ന നിർദേശവുമായി  ശൃംഗാർ ഗൗരി-ഗ്യാൻവാപി കേസിലെ ഒന്നാം നമ്പർ ഹരജിക്കാരി രാഖി സിങ്ങിന്റെ വാദിയും വിശ്വ വേദിക് സനാതൻ സംഘ് (വിവിഎസ്എസ്) അന്താരാഷ്‌ട്ര പ്രസിഡന്റുമായ ജിതേന്ദ്ര സിംഗ് വിസെൻ. ഇതുസംബന്ധിച്ച് ചർച്ചക്ക് തയാറാകണമെന്ന് മസ്ജിദ് പരിപാലിക്കുന്ന അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റിക്ക് അദ്ദേഹം തുറന്ന കത്തെഴുതി. 

വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിന്റെ മേൽനോട്ടം വഹിക്കുന്ന അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റിയുടെ പ്രസിഡന്റ്, മാനേജർ, ജോയിന്റ് സെക്രട്ടറി എന്നിവർക്കാണ് കത്ത് നൽകിയിരിക്കുന്നത്.

ഹിന്ദുപക്ഷവും മുസ്ലീം പക്ഷവും തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയിക്കാൻ ഗ്യാൻവാപി സമുച്ചയവുമായി ബന്ധപ്പെട്ട് കോടതിയിൽ നിയമയുദ്ധം നടത്തുന്ന കാര്യം എല്ലാവർക്കും അറിയാം. രാജ്യത്തിനും സമൂഹത്തിനും ഒരുപോലെ ദോഷകരമാകുന്ന  ഈ നിയമപോരാട്ടം തങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി മുതലെടുക്കാൻ ചില സാമൂഹിക വിരുദ്ധർ ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയും സമാധാനവും കണക്കിലെടുത്ത് പരസ്പര ചർച്ചകളിലൂടെ നിയമപരമായ വിഷയം സമാധാനപരമായി പരിഹരിച്ച് മാതൃക കാണിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്- വിസെൻ കത്തിൽ പറഞ്ഞു.

 ഈ ക്ഷണം തുറന്നതും ഭക്തിയുള്ളതുമായ മനസ്സോടെ സ്വീകരിക്കാനും ഗ്യാൻവാപി വിഷയം പരിഹരിക്കുന്നതിന് ചർച്ചകൾക്ക് മുന്നോട്ട് വരാനും  അഭ്യർത്ഥിക്കുന്നു. പരസ്‌പര ചർച്ചയിലൂടെ കോടതിക്ക് പുറത്ത് സമാധാനപരമായ ഒരു പരിഹാരം കാണാൻ കഴിയും-അദ്ദേഹം പറഞ്ഞു.

ഇതുവരെ കത്ത് ലഭിച്ചിട്ടില്ലെന്നും  കത്ത്  കണ്ടതിന് ശേഷം  എന്തെങ്കിലും അഭിപ്രായം പറയാമെന്നും മസ്ജിദ് കമ്മിറ്റി ജോയിന്റെ സെക്രട്ടറി എസ്.എം. യാസിൻ പ്രതികരിച്ചു. 

കഴിഞ്ഞ വർഷം മേയിലാണ് കേസ് വാരാണസി ജില്ലാ ജഡ്ജിയുടെ കോടതിയിലേക്ക് മാറ്റിയത്. കേസ് വാരാണസി ജില്ലാ കോടതിയുടെ പരിഗണനയിലാണ്. അടുത്ത വാദം ഓഗസ്റ്റ് 17 നാണ്.

 

Latest News