പോലീസിനെ തെറി വിളിച്ച് ആക്രമിച്ച പതിനാറുകാരിയെ  പിടികൂടി ജുവനൈല്‍ ഹോമിലേക്ക് മാറ്റി  

ചങ്ങനാശേരി- തൃക്കൊടിത്താനത്ത് പോലീസിനെ ആക്രമിച്ച പതിനാറുകാരിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതോടെയാണ് അസഭ്യം പറഞ്ഞതും ആക്രമിച്ചതുമെന്ന് പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ച തൃക്കൊടിത്താനം കൈലാത്തുംപടിയിലാണ് സംഭവം നടന്നത്. തൃക്കൊടിത്താനം ഗോശാല പറമ്പില്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്തതോടെയാണ് ഒപ്പമുണ്ടായിരുന്ന പതിനാറു വയസുള്ള പെണ്‍കുട്ടി പോലീസിനെ അസഭ്യം പറഞ്ഞത്. നിരവധി കേസുകളില്‍ പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അറസ്റ്റിലായ വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബാറില്‍ അക്രമം നടത്തിയത് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടി പോലീസ് ജീപ്പിന്റെ ഡോര്‍ വലിച്ചടച്ചതോടെ കൈ കുടുങ്ങി സിവില്‍ പോലീസ് ഓഫീസര്‍ സെല്‍വരാജിന് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസിനെ ആക്രമിച്ച കേസ് ചുമത്തപ്പെട്ട പെണ്‍കുട്ടിയെ കോഴിക്കോട്ടെ പുനരധിവാസ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.

Latest News