Sorry, you need to enable JavaScript to visit this website.

രാജ്യം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍, ഇന്ത്യയാണ് നമ്മുടെ സ്വത്വമെന്ന് രാഷ്ട്രപതി

ന്യൂദല്‍ഹി- നഗര, ഗ്രാമങ്ങളെ ദേശസ്‌നേഹത്തിന്റേയും ചരിത്രസ്മരണകളുടേയും ദീപ്തനിമിഷങ്ങളിലേക്കുയര്‍ത്തി രാജ്യം എഴുപത്തേഴാം സ്വാതന്ത്ര്യദിനത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോഡി രാവിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യമെങ്ങും ഹര്‍തിരംഗയുടെ  ആഘോഷ ലഹരിയിലാണ്. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ അരങ്ങേറും.
സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രത്തോട് സംസാരിച്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തിന്റെ ശക്തി ലോകം അംഗീകരിച്ചതായി പറഞ്ഞു. ജി 20 അധ്യക്ഷപദത്തിലേക്ക് എത്തിയതോടെ ഇന്ത്യക്ക് മുന്നില്‍ തുറക്കുന്ന അവസരങ്ങള്‍ വലുതാണെന്നും ആഗോളനേതൃശേഷി തെളിയിക്കാന്‍ രാജ്യത്തിനാകുമെന്നും അവര്‍ പറഞ്ഞു.
സാമൂഹിക ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ഉപാധി വിദ്യാഭ്യാസമാണ്. സാമ്പത്തിക വളര്‍ച്ചക്കൊപ്പം രാജ്യം മാനുഷികവികസന ആകുലതകള്‍ക്കും ഉയര്‍ന്ന മുന്‍ഗണന നല്‍കിയിട്ടുണ്ട്്. 2020ലെ ദേശീയ വിദ്യാഭ്യാസ നയം മാറ്റമുണ്ടാക്കി. വിവിധ തലങ്ങളിലുള്ള വിദ്യാര്‍ഥികളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും  നടത്തിയ ഇടപെടലുകളില്‍നിന്ന്, പഠന പ്രക്രിയ കൂടുതല്‍ വഴക്കമുള്ളതായതായി മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും രാഷ്ട്രപതി പറഞ്ഞു.  
നമുക്കേവര്‍ക്കും നിരവധി സ്വത്വങ്ങളുണ്ടാകാം. ജാതി, മതം, ഭാഷ, പ്രദേശം എന്നിവക്ക് പുറമെ, നമ്മുടെ കുടുംബം, തൊഴില്‍ മേഖല തുടങ്ങിയവയുടെ പേരിലെല്ലാം നാം തിരിച്ചറിയപ്പെടുന്നു. എന്നാല്‍ അതിനെല്ലാം മുകളിലായി ഒന്നുണ്ട്. ഇന്ത്യന്‍ പൗരന്മാരെന്ന നമ്മുടെ സ്വത്വം. നാമോരോരുത്തരും തുല്യ അവകാശങ്ങളുള്ള പൗരന്‍മാരാണ്. ഈ മണ്ണില്‍ തുല്യമായ അവസരം, അവകാശം, ഉത്തരവാദിത്തം എന്നിവയുള്ള പൗരന്‍മാരാണ് നാമെല്ലാം.
സ്ത്രീകളുടെ വികസനം നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ആദര്‍ശങ്ങളിലൊന്നായിരുന്നു. നമ്മുടെ രാജ്യം സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനു പ്രത്യേക ഊന്നല്‍ നല്‍കുന്നു എന്നതില്‍ സന്തോഷമുണ്ട്. ആഗോളതലത്തില്‍ പണപ്പെരുപ്പം ആശങ്കാജനകമായി തുടരുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞു. അതിതീവ്രമായ കാലാവസ്ഥാ വ്യതിയാന സംഭവങ്ങള്‍ എല്ലാവരെയും ബാധിക്കുന്നു. പക്ഷേ, ദരിദ്രരിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലും അതിന്റെ ആഘാതം വളരെ രൂക്ഷമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഭരണഘടനയാണ് നമ്മുടെ മാര്‍ഗനിര്‍ദേശ രേഖ. അതിന്റെ ആമുഖത്തില്‍ നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആശയങ്ങള്‍ അടങ്ങിയിരിക്കുന്നു. നമ്മുടെ രാഷ്ട്രനിര്‍മ്മാതാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍  ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവത്തോടെ മുന്നോട്ട് പോകാമെന്നും രാഷ്ട്രപതി പറഞ്ഞു.


 

Latest News