Sorry, you need to enable JavaScript to visit this website.

ഓണം അവധിക്ക് കേരളത്തിലേക്ക് കർണാടക ആർ.ടി.സിയുടെ 32 ബസുകൾ

കാസർകോട്-ഓണം അവധിയുടേയും മറ്റും യാത്രാതിരക്കും പരിഗണിച്ച് നാട്ടിലെത്താനാഗ്രഹിക്കുന്നവർക്ക് ആശ്വാസമേകി കർണാടക ആർ.ടി.സിയുടെ 32 ബസുകൾ. ഇതിനകം ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കർണാടക 32 പ്രത്യേക ബസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതൽ ബസുകൾ വരും ദിനങ്ങളിൽ പ്രഖ്യാപിക്കുമെന്നും അറിയുന്നു. കർണ്ണാടകയിൽ ജോലി ചെയ്യുന്ന കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്ന 25 ന് മാത്രം 22 ബസുകളാണ് കർണ്ണാടക ആർ ടി സി കേരളത്തിലേക്ക് ഓടിക്കുന്നത്. കണ്ണൂർ, ആലപ്പുഴ, പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട്, കോട്ടയം, മൂന്നാർ, മൈസൂരു എന്നിവിടങ്ങളിലേക്കാണ് ആഗസ്റ്റ് 25 നുള്ള ബസുകൾ. 24 ന് അഞ്ച് ബസുകളുമുണ്ട്. 23 ന് മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് ഒരു സ്‌പെഷ്യൽ ബസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് രാത്രി 9.28 ന് മൈസൂരുവിൽ നിന്ന് പുറപ്പെടും. ആഗസ്റ്റ് 26 ന് നാല് പ്രത്യേക ബസുകളാണ് കേരളത്തിലേക്കുള്ളത്. ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള ബസ് രാത്രി 9.13നും പാലക്കാട് ബസ് രാത്രി 9.47നും തൃശൂർ ബസ് 9.45നും പുറപ്പെടും. 26ന് മൈസൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള ബസ് രാത്രി 9.28നും പുറപ്പെടും. ഈ സർവിസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.

തിരക്കിന് അനുസരിച്ച് 30 ശതമാനം അധികനിരക്കാണ് കർണാടക ആർ.ടി.സി ഈടാക്കുന്നത്. 23 മുതൽ 27 വരെയുള്ള പതിവ് സർവിസുകളിലെ ടിക്കറ്റുകൾ ഇതിനകം തീർന്നിട്ടുണ്ട്. ഇതോടെയാണ് പ്രത്യേക ബസുകൾ അനുവദിച്ചത്. കേരള ആർ.ടി.സി 25 ന് 20 സ്‌പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് കർണാടക ആർ.ടി.സി രണ്ട് പ്രത്യേക ബസുകളും അനുവദിച്ചു. ആഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും എ.സി മൾട്ടി ആക്‌സിൽ ബസ് ബംഗളൂരുവിൽ നിന്ന് പുറപ്പെടും. ശാന്തിനഗറിൽ നിന്ന് പുറപ്പെടുന്ന ഈ ബസുകൾ തൃശൂർ, എറണാകുളം വഴി രാവിലെ ഏഴിന് ആലപ്പുഴയിലെത്തും. ആലപ്പുഴയിലേക്കുള്ള പ്രതിദിന സർവിസിനു പുറമെയാണിത്. കേരളത്തിൽ നിന്നുള്ള എം പി മാരും എം എൽ എ മാരും കേരളത്തിലേക്ക് കൂടുതൽ ബസുകൾ അനുവദിക്കണമെന്ന് കർണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നു. ബംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് കേരള ആർ.ടി.സി പ്രത്യേക ബസുകൾ അനുവദിക്കാത്ത സാഹചര്യമാണ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. 

Latest News