കോഴിക്കോട് - സ്വകാര്യ ബസ്സിന് മുകളിൽ കയറി ആളുകൾ യാത്ര ചെയ്ത വീഡിയോ പുറത്തു വന്നതിനു പിന്നാലെ ബസ് ജീവനക്കാർക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസെടുത്തു. അപകടകരമായ രീതിയിൽ ആളുകളെ കയറ്റി സർവീസ് നടത്തിയതിനാണ് കേസ്. ബസ് െ്രെഡവർക്കും കണ്ടക്ടർക്കും എതിരേ നടപടി സ്വീകരിക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ.ബിജുമോൻ അറിയിച്ചു. കോഴിക്കോട് കിനാലൂർ റൂട്ടിലോടുന്ന നസീം ബസ്സിന് മുകളിൽ കയറി ആളുകൾ യാത്ര ചെയ്യുന്ന ദൃശ്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ബസിന് പിന്നാലെ വന്ന കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാത്രി 9.20ന് കോഴിക്കോട് നിന്ന് എടുക്കുന്ന ട്രിപ്പിലാണ് തിരക്കു കാരണം യാത്രക്കാർ ബസ്സിനു മുകളിൽ കയറിയത്. ഡോർ സ്‌റ്റെപ്പിലും ആളുകൾ ഉണ്ടായിരുന്നു.
ബുധനാഴ്ച കണ്ടക്ടറെയും െ്രെഡവറെയും എൻഫോഴ്‌സ്‌മെന്റ് ആർ ടി.ഒ മുമ്പാകെ ഹാജരാക്കാൻ ബസ് ഉടയോട് നിർദേശിച്ചിട്ടുണ്ട്. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കുമെന്നും നിർബന്ധിത പരിശീലനത്തിന് അയയ്ക്കുമെന്നും ആർ ടി.ഒ കെ.ബിജുമോൻ അറിയിച്ചു. കൂടാതെ ഇവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യും.
അതേ സമയം രാത്രി ഈ റൂട്ടിൽ ബസില്ലാത്തതാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്നാണ് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നു. സംഭവദിവസം ഇതേ റൂട്ടിൽ നസീം ബസ്സിന് മുമ്പുള്ള കെ.എസ്.ആർ.ടി.സി ബസ്സും സിറ്റി ബസ്സും ഓടിയിരുന്നില്ല. ഇതു കാരണം നല്ല തിരക്കായിരുന്നു ബസ്സിൽ. യാത്രക്കാരുടെ തിരക്ക് കരാണം ബസ്സിന് മുകളിൽ ആളുകൾ കയറിയത് ശ്രദ്ധിൽപ്പെട്ടിരുന്നില്ലെന്നും ഇത് ശ്രദ്ധിയിൽപ്പെട്ടപ്പോൾ അവരെ താഴെ ഇറക്കിയതിന് ശേഷമാണ് യാത്ര തുടർന്നതെന്നും ബസ് ഉടമ എൻ. അബ്ബാസ് പറഞ്ഞു.