മകളെ തോളിലേറ്റി നടന്നയാളുടെ തലക്ക് വെടിവെച്ചു, ഗുരുതര പരിക്ക്

ന്യൂദല്‍ഹി - മകളെ തോളിലേറ്റി നടക്കുകയായിരുന്ന യുവാവിനെ തലക്ക് വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ആയുധധാരികളായ അക്രമികള്‍ തലയ്ക്ക് വെടിവച്ചു പരിക്കേല്‍പിക്കുകയായിരുന്നു. ഇരയായ 28 കാരന്‍ ശുഐബിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ചികിത്സക്കായി ബറേലിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മകളെ തോളിലേറ്റി ശുഐബ് നടക്കുന്നത് വീഡിയോയില്‍ കാണാം. ബൈക്കില്‍ വന്ന രണ്ടുപേര്‍ അവനെ കടന്ന് മുന്നോട്ടു പോയശേഷം ബൈക്ക് നിര്‍ത്തി. തുടര്‍ന്ന് ആയുധധാരികളായ ഒരു അക്രമി അടുത്തേക്ക് വരുന്നത് വളരെ അടുത്ത് നിന്ന് തലയ്ക്ക് വെടിവെച്ചു.
നിലത്ത് തെറിച്ചുവീണ യുവാവിനെയും മകളെയും സഹായിക്കാന്‍ നാട്ടുകാര്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.
ഓഗസ്റ്റ് 13 ന് രാത്രി 7:30 നാണ് സംഭവം നടന്നതെന്ന് ഷാജഹാന്‍പൂര്‍ എസ്.പി അശോക് മീണ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികളെ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest News