Sorry, you need to enable JavaScript to visit this website.

ഹിമാചലില്‍ കനത്ത മഴ തുടരുന്നു, മരണം 40 കവിഞ്ഞു

ഷിംല- കനത്ത മഴ നാശം വിതച്ച ഹിമാചലില്‍ ഞായറാഴ്ച രാത്രി മുതല്‍ വ്യത്യസ്ത സംഭവങ്ങളിലായി 41 പേര്‍ മരിച്ചു, ഷിംലയില്‍ മാത്രം 12 പേര്‍ രണ്ട് മണ്ണിടിച്ചിലുകളിലായി മരിച്ചു. ഷിംലയിലെ സമ്മര്‍ ഹില്‍ ഏരിയയിലെ ശിവക്ഷേത്രം തകര്‍ന്നുവീണ് ഏഴുപേരെ മണ്ണിനടിയിലായി. അഞ്ച് മൃതദേഹങ്ങള്‍ ഫാഗ്ലി പ്രദേശത്ത് നിന്ന് പുറത്തെടുത്തു. നിരവധി വീടുകള്‍ ചെളിയില്‍ മൂടി.

സംസ്ഥാനത്തെ 12 ജില്ലകളില്‍ ഒമ്പതിലും തിങ്കളാഴ്ച അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുകയും ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് നല്‍കുകയും ചെയ്തു. ഹിമാചലിലും ഉത്തരാഖണ്ഡിലും ഓഗസ്റ്റ് 18 വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.  ഷിംല-ചണ്ഡീഗഡ് റോഡ് ഉള്‍പ്പെടെ 752 റോഡുകളാണ് ഹിമാചലില്‍ തടസ്സപ്പെട്ടത്.

ഉത്തരാഖണ്ഡില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പോലീസും എസ്ഡിആര്‍എഫും ജാഗ്രതയിലാണ്. കനത്ത മഴയെ തുടര്‍ന്ന് ചാര്‍ധാം യാത്ര രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചു. രുദ്രപ്രയാഗ്, ശ്രീനഗര്‍, ദേവപ്രയാഗ് എന്നിവിടങ്ങളില്‍ അളകനന്ദ, മന്ദാകിനി, ഗംഗ നദികള്‍ അപകടനിലക്ക് മുകളില്‍ ഒഴുകുന്നുണ്ടെന്ന് ദുരന്ത നിയന്ത്രണ കമ്മിറ്റി അറിയിച്ചു.

 

Latest News