Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അനുമതിയില്ലാതെ ഫ്‌ളാറ്റ് നിര്‍മിച്ച് വില്‍പ്പനക്ക് ശ്രമിച്ച കമ്പനിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കോടതി

കൊച്ചി- അനുമതിയില്ലാതെ ഫ്‌ളാറ്റ് നിര്‍മിച്ച് വില്‍പ്പന നടത്തി ഉപഭോക്താവിനെ കബളിപ്പിക്കാന്‍ ശ്രമിച്ച ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനിക്ക് 285,000 രൂപ പിഴ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കമ്മീഷന്‍ പ്രസിണ്ടന്റ് ഡി. ബി ബിനു, അംഗങ്ങളായ വി. രാമചന്ദ്രന്‍, ടി. എന്‍ ശ്രീവിദ്യ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.

പരാതിക്കാരന്‍ എറണാകുളം വൈറ്റില സ്വദേശി ജേക്കോ ആന്റണി ഗാലക്‌സി ഹോംസ് എന്ന സ്വകാര്യ നിര്‍മാണ കമ്പനിയുടെ ഒന്‍പതാമത്തെ നിലയില്‍ രണ്ട് കിടപ്പുമുറികള്‍ അടങ്ങുന്ന ഫ്‌ളാറ്റ് 2017 ജൂണ്‍ മാസത്തിലാണ് ബുക്ക് ചെയ്തത്. ബുക്കിംഗ് ഫീസായി 25,000 രൂപയും പിന്നീട് ബുക്കിംഗ് നിബന്ധനകള്‍ പ്രകാരം ഏഴു ലക്ഷം രൂപയും നല്‍കി. ഒന്‍പത് നിലകള്‍ നിര്‍മ്മിക്കുന്നതിനുള്ള എല്ലാ സാധുവായ അനുമതികളുമുണ്ടെന്നും ബാങ്ക് വായ്പയ്ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും കമ്പനി ഉപഭോക്താവിന് ഉറപ്പ് നല്‍കിയിരുന്നു.

പിന്നീട് പരാതിക്കാരന്‍ ഹോം ലോണിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് ഏഴാം നില വരെ പണിയുന്നതിന് മാത്രമാണ് നിര്‍മ്മാണ കമ്പനിക്ക് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിച്ചിട്ടുള്ളത് എന്ന് മനസ്സിലായത്. ഇക്കാരണത്താല്‍ ബാങ്ക് ലോണ്‍ നിരസിക്കപ്പെടുകയും മുന്‍കൂറായി നല്‍കിയ തുക തിരികെ ആവശ്യപ്പെട്ട് കമ്പനിയെ സമീപിക്കുകയും ചെയ്തു.
നിരവധി തവണ ആവശ്യപ്പെടുകയും നോട്ടീസുകള്‍ അയക്കുകയും ചെയ്തപ്പോള്‍ മുന്‍കൂര്‍ തുകയായി നല്‍കിയ ഏഴ് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയില്‍ അഞ്ച് ലക്ഷം രൂപ മാത്രമാണ് പല ഗഡുക്കളായി കമ്പനി തിരികെ നല്‍കിയത്.

സ്വന്തമായി ഒരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്‌നമാണെന്നും എന്നാല്‍ യാതൊരു മന:സാക്ഷിയുമില്ലാത്ത ചില കെട്ടിട നിര്‍മാതാക്കള്‍ ആ സ്വപ്നങ്ങള്‍ തകര്‍ത്തു കളയുകയാണെന്നും ഇതിനു മൂക സാക്ഷിയാകാന്‍ ഇനി കഴിയില്ലെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

നിര്‍മാണ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായ അധാര്‍മിക വ്യാപാര രീതിയും ചൂഷണവും ബോധ്യമായ സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്. പിഴത്തുക ബുക്കിങ് തിയ്യതി മുതല്‍ ഒന്‍പത് ശതമാനം പലിശ കണക്കാക്കി 30 ദിവസത്തിനകം പരാതിക്കാരന് നല്‍കാനും ഉത്തരവില്‍ ഉണ്ട്. പരാതിക്കാരന് വേണ്ടി അഡ്വ. മീര രാജന്‍ ഹാജരായി.

Latest News