ദമാം - ഖത്തീഫില്‍ നിയന്ത്രണം വിട്ട് കടലില്‍ പതിച്ച കാറിലെ യാത്രക്കാരായ ദമ്പതികളെ അതിര്‍ത്തി സുരക്ഷാ സേന രക്ഷപ്പെടുത്തി. സൈഹാത്ത് മറൈന്‍ ക്ലബ്ബ് റോഡിലാണ് അപകടം. പ്രദേശത്തുണ്ടായിരുന്ന സൗദി പൗരന്മാരുടെ സഹായത്തോടെയാണ് കാര്‍ യാത്രക്കാരെ രക്ഷപ്പെടുത്തിയതെന്ന് കിഴക്കന്‍ പ്രവിശ്യ അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് ക്യാപ്റ്റന്‍ അഹ്മദ് അല്‍ഉതൈബി പറഞ്ഞു. ദമ്പതികളെ റെഡ് ക്രസന്റ് ആംബുലന്‍സില്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് നീക്കി. ഇവരുടെയും ആരോഗ്യനില ഭദ്രമാണ്. സിവില്‍ ഡിഫന്‍സുമായി സഹകരിച്ച് ഇവരുടെ കാര്‍ പിന്നീട് കടലില്‍ നിന്ന് പുറത്തെടുത്തതായും അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് പറഞ്ഞു.