Sorry, you need to enable JavaScript to visit this website.

പരസ്പര സഹകരണം: അൽറബീഅയും  അൽസുദൈസും ചർച്ച നടത്തി

ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസും ഹജ്, ഉംറ മന്ത്രിയും ഹറം ജനറൽ അതോറിറ്റി പ്രസിഡന്റുമായ ഡോ. തൗഫീഖ് അൽറബീഅയും കൂടിക്കാഴ്ച നടത്തുന്നു.

മക്ക - ഹറം മതകാര്യ വകുപ്പും ഹറം ജനറൽ അതോറിറ്റിയും തമ്മിലുള്ള സഹകണവും ഏകോപനവും സംയോജനവും വിശകലനം ചെയ്യാൻ മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസും ഹജ്, ഉംറ മന്ത്രിയും ഹറം ജനറൽ അതോറിറ്റി പ്രസിഡന്റുമായ ഡോ. തൗഫീഖ് അൽറബീഅയും കൂടിക്കാഴ്ച നടത്തി. ഹറംകാര്യ പ്രസിഡൻസിയെ ജനറൽ അതോറിറ്റിയാക്കി മാറ്റാനും ഹറം മതകാര്യ പ്രസിഡൻസി എന്ന പേരിൽ പുതിയ വകുപ്പ് സ്ഥാപിക്കാനും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ഹറം മതകാര്യ മേധാവിയായി മുൻ ഹറംകാര്യ വകുപ്പ് മേധാവിയായ ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസിനെയും ഹറം ജനറൽ അതോറിറ്റി മേധാവിയായി ഹജ്, ഉംറ മന്ത്രി കൂടിയായ ഡോ. തൗഫീഖ് അൽറബീഅയെയും സൽമാൻ രാജാവ് നിയമിക്കുകയും ശേഷം ആദ്യമായാണ് ഇരു ഹറമുകളുടെയും പരിചരണവുമായി ബന്ധപ്പെട്ട് ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസും ഡോ. തൗഫീഖ് അൽറബീഅയും കൂടിക്കാഴ്ചയും ചർച്ചയും നടത്തിയത്. 
തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താൻ ഹറം മതകാര്യ വകുപ്പും ഹറം ജനറൽ അതോറിറ്റിയും തമ്മിൽ സഹകരണവും സമന്വയവും ഏകീകരിക്കണമെന്ന് ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസ് പറഞ്ഞു. ഹറംകാര്യ പ്രസിഡൻസിയെ ഹറം ജനറൽ അതോറിറ്റിയാക്കി മാറ്റാനുള്ള മന്ത്രിസഭാ തീരുമാനം സൗദി ഭരണാധികാരികളുടെ ഹറമുകളോടുള്ള കരുതലും സേവന സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള താൽപര്യവുമാണ് വ്യക്തമാക്കുന്നത്. ഹറം ജനറൽ അതോറിറ്റിയിൽ നിന്ന് മതകാര്യത്തെ വേർപ്പെടുത്തിയതും ഇതിനായി പ്രത്യേക പ്രസിഡൻസി സ്ഥാപിച്ചതും ഇരു ഹറമുകളെയും മതപരമായി സേവിക്കാനുള്ള ഒരു നല്ല ചുവടുവെപ്പാണ്. ഇരു ഹറമുകളോടും ഹറമുകളിൽ എത്തുന്ന തീർഥാടകരോടും വിശ്വാസികളോടുമുള്ള സൗദി ഭരണാധികാരികളുടെ അതീവ താൽപര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസ് പറഞ്ഞു. 
 

Latest News