Sorry, you need to enable JavaScript to visit this website.

അന്തിമ വിജയം മിതവാദ ഇസ്‌ലാമിന് - ആലുശൈഖ്

ആഗോള ഇസ്‌ലാമിക് സമ്മേളനത്തിൽ പങ്കെടുത്ത പണ്ഡിതരുമായും വിശിഷ്ട വ്യക്തികളുമായും സൗദി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് കൂടിക്കാഴ്ച നടത്തുന്നു.

മക്ക - മിതവാദ ഇസ്‌ലാം വിജയിക്കുമെന്നും മതതീവ്രവാദവും അതിരുകവിയലുകളും എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും സൗദി ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. മക്കയിൽ ഇന്നലെ സാമാപിച്ച ദ്വിദിന ആഗോള ഇസ്‌ലാമിക് സമ്മേളനത്തോടനുബന്ധിച്ച് അശ്ശർഖുൽഔസത്ത് ദിനപ്പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ദുർബല ചിന്താഗതിക്കാരും ഇസ്‌ലാമിന്റെ ശത്രുക്കളും ഇസ്‌ലാമിനെ പ്രതിനിധീകരിക്കാത്ത ചില മുസ്‌ലിംകളും ഇസ്‌ലാമോഫോബിയ ചൂഷണം ചെയ്തു. 
ഇത്തരം തീവ്രവാദത്തെ പരാജയപ്പെടുത്തുന്ന കാര്യത്തിൽ ഇപ്പോൾ രാജ്യങ്ങൾക്കും ജനങ്ങൾക്കുമിടയിൽ അവബോധമുണ്ട്. മിതവാദ ഇസ്‌ലാമിനെ പലരും ആക്രമിക്കുന്നു. ജനങ്ങൾക്കിടയിൽ കലഹത്തിന്റെയും ഭിന്നിപ്പിന്റെയും വിത്ത് പാകാനും നിരീശ്വരവാദത്തിന്റെയും തീവ്രവാദത്തിന്റെയും അതിരുകവിയലുകളുടെയും വിത്ത് പാകാനും ദുഷ്ട ചിന്താഗതിക്കാർ പരസ്പരം സഹകരിക്കുന്നു. ഇത്തരം ക്ഷുദ്ര ജീവികളെ ഉന്മൂലനം ചെയ്യാൻ സൗദി അറേബ്യ പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തങ്ങൾ ഫോളോ-അപ്പ് തുടരുന്നു. 
മിതവാദ തത്വങ്ങൾ പ്രചരിപ്പിക്കാനും വിശുദ്ധ ഖുർആനിന്റെയും പ്രവാചക ചര്യയുടെയും ഉറവിടത്തിലേക്ക് മടങ്ങാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആത്മാർഥമായി കഠിന പ്രയത്‌നങ്ങൾ നടത്തിയതായി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. മിതവാദം പ്രചരിപ്പിക്കാനും അക്രമവും തീവ്രവാദവും അതിരുകവിയലുകളും നിരാകരിക്കാനും ഭീകരവാദം ചെറുക്കാനും സൗദി അറേബ്യ പ്രവർത്തിക്കുന്നു. ഇസ്‌ലാമിന്റെ പേരിൽ കരുതിക്കൂട്ടി ചാർത്തപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റാനുള്ള അതിയായ ആഗ്രഹത്താൽ 45 രാജ്യങ്ങളിൽ നിന്നുള്ള 180 പണ്ഡിതർ ദ്വിദിന ആഗോള ഇസ്‌ലാമിക് സമ്മേളനത്തിൽ പങ്കെടുത്തു. മിതവാദവും സഹിഷ്ണുതയും പ്രചരിപ്പിക്കുന്നതിൽ സൗദി അറേബ്യയുടെ അനുഭവം ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ വിജയമായി മാറിയതായും ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞു.
ആഗോള ഇസ്‌ലാമിക് സമ്മേളനത്തിൽ പങ്കെടുത്ത പണ്ഡിതരുമായും വിശിഷ്ട വ്യക്തികളുമായും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പ്രത്യേകം കൂടിക്കാഴ്ച നടത്തി. ലെബനോൻ മുഫ്തി അബ്ദുല്ലത്തീഫ് ദരിയാൻ, ഫലസ്തീൻ മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈൻ, തുർക്കി മതകാര്യ വിഭാഗം മേധാവി ശൈഖ് അലി അബ്ദുറഹ്‌മാൻ അർബാശ്, ജംഇയ്യത്ത് ഉലാമായെ ഹിന്ദ് പ്രസിഡന്റും ദാറുൽ ഉലൂം ദയൂബന്ദ് പ്രിൻസിപ്പാളുമായ മൗലാനാ അർശദ് മദനി, ഫെഡറേഷൻ ഓഫ് മോസ്‌ക് ഓഫ് ഫ്രാൻസ് പ്രസിഡന്റും ഫ്രഞ്ച് കൗൺസിൽ ഫോർ ഇസ ലാമിക് റിലീജ്യൻ പ്രസിഡന്റുമായ മുഹമ്മദ് മൂസാവി, പാക്കിസ്ഥാൻ ഹിലാൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽഖബീർ ആസാദ്, ലാറ്റിനമേരിക്കയിലെ ഇസ്‌ലാമിക് ദഅ്‌വാ സെന്റർ പ്രസിഡന്റ് ഡോ. അഹ്‌മദ് അൽസൈഫി എന്നിവർ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിൽ ലോകത്ത് ഇസ്‌ലാമിക പ്രവർത്തനവും മുസ്‌ലിം സേവനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശകലനം ചെയ്തു. 

Latest News