നിയമങ്ങളുടെ പേരു മാറ്റത്തിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമെന്ന് എം. കെ. സ്റ്റാലിന്‍

ചെന്നൈ- ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ ബി. ജെ. പി ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍. ക്രിമിനല്‍ നിയമങ്ങളുടെ പേരുകള്‍ മാറ്റി ഹിന്ദി പേരുകള്‍ നല്‍കിയതിനെതിരെയാണ് സ്റ്റാലിന്റെ പ്രതികരണം. പുതിയ പേരുകളുള്ള നിയമങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ മാറ്റിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് സ്റ്റാലിന്‍ ആരോപിച്ചു.  

ബി. ജെ. പി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയിലാണ് സ്റ്റാലിന്‍ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയുടെ പുനര്‍നാമകരണം ഭരണഘടനാ വിരുദ്ധവും അതിനുള്ള ശ്രമവുമാണെന്ന് അ്‌ദ്ദേഹം പറഞ്ഞു. 

ഇന്ത്യയുടെ വൈവിധ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി. ജെ. പിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചെയ്യുന്നത് ഭാഷാപരമായ സാമ്രാജ്യത്വമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

'ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിങ്ങനെ പേര് മാറ്റിയതിലൂടെ ഇന്ത്യയുടെ വൈവിധ്യത്തിന്റെ സത്തയെ തകര്‍ക്കാനുള്ള കേന്ദ്ര ബി. ജെ. പി ഗവണ്‍മെന്റിന്റെ ശ്രമം ഭാഷാപരമായ സാമ്രാജ്യത്വത്തിന്റെ ശിഥിലീകരണമാണ്. ബി. ജെ. പിക്കും പ്രധാനമന്ത്രി മോഡിക്കും ഇനിമുതല്‍ തമിഴ് എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധാര്‍മ്മിക അവകാശമില്ല' എന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

ഹിന്ദി കൊളോണിയലിസത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ അഗ്നി ഒരിക്കല്‍ കൂടി ആളിക്കത്തുകയാണ്. നമ്മുടെ സ്വത്വത്തെ ഹിന്ദി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനുള്ള ബി. ജെ. പിയുടെ ശ്രമം ശക്തമായി എതിര്‍ക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ബില്ലുകളും ഹിന്ദിയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തുടനീളം ഹിന്ദി പ്രധാനമാക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ഡി. എം. കെ എം. പി വില്‍സണും ആരോപിച്ചു. മൂന്ന് ബില്ലുകളുടെയും പേരുകള്‍ ഇംഗ്ലീഷിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും നിര്‍ബന്ധിത ഹിന്ദി നടപ്പാക്കുന്നതും അടിച്ചേല്‍പ്പിക്കലും ഭരണഘടനാ വിരുദ്ധവുമാണെന്നും വില്‍സണ്‍ എ. എന്‍. ഐയോട് പറഞ്ഞു. 

Latest News