Sorry, you need to enable JavaScript to visit this website.

കൊച്ചി മെട്രോയിൽ ചൊവ്വാഴ്ച 20 രൂപക്ക് യാത്ര ചെയ്യാം

കൊച്ചി- സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊച്ചി മെട്രോ ചൊവ്വാഴ്ച പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് എവിടെ യാത്ര ചെയ്യാനും പരമാവധി 20 രൂപ നൽകിയാൽ മതി. 30, 40, 50, 60 രൂപ ടിക്കറ്റുകൾക്കാണ് യഥാക്രമം 10,20,30,40 രൂപ വീതം ഇളവ് ലഭിക്കുക. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. രാവിലെ 6 മണി മുതൽ രാത്രി 11 മണി വരെ പ്രത്യേക നിരക്കിൽ യാത്ര ചെയ്യാം. 
പേപ്പർ ക്യൂ ആർ, ഡിജിറ്റൽ ക്യൂആർ, കൊച്ചി വൺ കാർഡ് എന്നിവക്കെല്ലാം ഇളവുകൾ ബാധകമാണ്. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക് ആയാണ് ഇളവ് ലഭിക്കുക. ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിച്ചു തുടങ്ങുന്നുവെന്നത് സ്വാഗതാർഹമാണെന്ന് കെഎംആർഎൽ അറിയിച്ചു, ജൂലൈയിൽ ദിവസേന ശരാശരി 85,545 ആളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ആഗസ്തിൽ ഇതുവരെയുള്ള ദിവസേന യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. വിവിധ ഓഫറുകളും യാത്രാ പാസുകളും സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഓണം അവധിക്കാലത്ത് കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനായി മെട്രോ സ്റ്റേഷനുകളിൽ വിവിധ ഓണാഘോഷ പരിപാടികൾക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും കെഎംആർഎൽ വാർത്താകുറിപ്പിൽ അറിയിച്ചു.

Latest News