ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം; സുരക്ഷ ശക്തമാക്കി

ന്യൂദല്‍ഹി- ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കം കുറിക്കുന്ന  ചെങ്കോട്ടയില്‍ മണിപ്പൂരിലെ മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്. 

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പ്രധാന നഗരങ്ങളിലെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിവിധ അര്‍ധ സൈനിക വിഭാഗങ്ങള്‍ നിരീക്ഷണം നടത്തുന്നുണ്ട്. നഗരത്തിലെങ്ങും പരിശോധനയ്ക്ക് പുറമേ തന്ത്രപ്രധാന മേഖലകളില്‍  ത്രിതല സുരക്ഷാ വിന്യാസം സജ്ജമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി ഉള്‍പ്പടെ പങ്കെടുക്കുന്ന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയിലോ സമീപത്തോ മണിപ്പൂരില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. 

പതിനായിരത്തിലധികം സുരക്ഷാ ജീവനക്കാരെയാണ് ചെങ്കോട്ടയില്‍ വിന്യസിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പടെ 1800 അതിഥികളെയാണ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 

അതിര്‍ത്തിയിലെ റോഡ് നിര്‍മ്മിച്ച തൊഴിലാളികളും പുതിയ പാര്‍ലമെന്റ്് നിര്‍മാണ തൊഴിലാളികളും നെയ്ത്തുകാരും ഇത്തവണ അതിഥികളായെത്തും. മണിപ്പൂരിന് പിന്നാലെ ഹരിയാനയിലും സംഘര്‍ഷം നടന്ന പശ്ചാത്തലത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Latest News