Sorry, you need to enable JavaScript to visit this website.

നീറ്റിനെതിരായ ബിൽ; ഗവർണർക്ക് ഒരു റോളുമില്ലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി

ചെന്നൈ- തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷ ആവശ്യമില്ലെന്ന സംസ്ഥാന സർക്കാറിന്റെ ബിൽ സംബന്ധിച്ച് ഗവർണർക്ക് ഒരു അധികാരവും പങ്കും ഇല്ലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യൻ. സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെക്കുറിച്ചുള്ള ഗവർണർ ആർ.എൻ രവിയുടെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ബിൽ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചതിനാൽ ഇനി അതിൽ ഗവർണർക്ക് ബന്ധമില്ലെന്ന് പറഞ്ഞു.
ദേശീയ എൻട്രൻസ് കം എലിജിബിലിറ്റി ടെസ്റ്റിന് (നീറ്റ്) എതിരെ തമിഴ്നാട് നിയമസഭ അംഗീകരിച്ച ബില്ലിന് ഒരിക്കലും അനുമതി നൽകില്ലെന്ന രവിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുബ്രഹ്‌മണ്യൻ. രവി നേരത്തെ ബിൽ ഒപ്പിടാതെ തിരിച്ചയച്ചതിനെത്തുടർന്ന് നീറ്റ് പരിധിയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ വീണ്ടും ബിൽ പാസാക്കുകയായിരുന്നു. 'മറ്റൊരു വഴിയുമില്ലാതെ ഇത്തവണ ഗവർണർ ബിൽ രാഷ്ട്രപതിക്ക് അയച്ചു. അതോടെ അദ്ദേഹത്തിന്റെ ജോലി തീർന്നു. അദ്ദേഹത്തിന് ബില്ലുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ സമ്മതവും ആവശ്യമില്ല- മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

രാഷ്ട്രപതി ബില്ലിന് അനുമതി നൽകിയാൽ, അംഗീകാരത്തിന്റെ വിവരങ്ങൾ മാത്രമേ ഗവർണറുമായി പങ്കിടൂ-സുബ്രഹ്‌മണ്യൻ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, നീറ്റ് വിരുദ്ധ ബില്ലിനെതിരായ അദ്ദേഹത്തിന്റെ പരാമർശം കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ ഒരു ഗവർണർ പിന്തുണയ്ക്കണം. നീറ്റിനെതിരായ നിലപാട് ജനവികാരത്തിന്റെ പ്രതിഫലനമായിരുന്നു. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ 2021ൽ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ നീറ്റ് പരീക്ഷ ഒഴിവാക്കുമെന്ന് പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു. 

Latest News