Sorry, you need to enable JavaScript to visit this website.

പുതുപ്പള്ളി പാലമല്ല, പാലം വലിക്കുന്നുവെന്ന് മുരളി തുമ്മാരുകുടി

കോട്ടയം- ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ചിരുന്ന പുതുപ്പള്ളി മണ്ഡലത്തിലെ പാലം എന്ന തരത്തിൽ ഒറ്റത്തടി പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിൽ വിശദീകരണവുമായി പ്രമുഖ ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. പാലം വലിക്കുന്നുവെന്നും തന്റെ പോസ്റ്റിലൂടെ ആ പാലം പുതുപ്പള്ളിയിലാണ് എന്ന് ആർക്കെങ്കിലും തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും തുമ്മാരുകുടി പുതിയ പോസ്റ്റിൽ വ്യക്തമാക്കി.

മുരളി തുമ്മാരുകുടിയുടെ വാക്കുകൾ:

പാലം വലിക്കുന്നു 
ശൂന്യാകാശത്താണ്.
ഇന്നലത്തെ പോസ്റ്റിനോടൊപ്പം ഇട്ട ചിത്രം ആണ് ഇത്തവണ കുഴപ്പത്തിൽ ആക്കിയത്. ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന്  ഞാൻ പറഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ്  തോന്നിയത്, ആ സാധ്യത പറയുകയും ചെയ്തിരുന്നു.  വാസ്തവത്തിൽ പാലം എവിടെ ആണെന്നുള്ളത് പോലും ആയിരുന്നില്ല എന്റെ വിഷയം.
പക്ഷെ ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോൾ എന്ത് എഴുതി എന്നതിനേക്കാൾ  ആളുകൾ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി.
ആ പാലം ആലപ്പുഴ ആണെന്നൊക്കെ രാവിലെ തന്നെ കമന്റ് കണ്ടിരുന്നു. പിന്നെ ഏറ്റുമാനൂരിൽ ആണ്, അവിടെ  തന്നെ തിരുവാർപ്പിൽ ആണെന്ന് ഒക്കെ കമന്റ് വന്നു. ഇപ്പോൾ ആ ചിത്രം എടുത്ത ആൾ തന്നെ അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യവും കാണിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ ആണ് ആ പാലം എന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദിക്കുന്നു. 
ഇത്രയും പബ്ലിസിറ്റി കിട്ടിയ നിലക്ക് അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴെക്കെങ്കിലും അതൊക്കെ മാറി നല്ലൊരു പാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽ  പാലമാണ് സോഷ്യൽ മീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
ഫോട്ടോ പോസ്റ്റ് ചെയ്ത സുഹൃത്തിന് നന്ദി. 
ശൂന്യാകാശത്ത് ഉൽക്ക മഴ കണ്ടിരിക്കുന്നു.
മുരളി തുമ്മാരുകുടി

Latest News