നല്ലൂർനാട് കാൻസർ സെന്ററിൽ എച്ച്.ടി കണക്ഷൻ രാഹുൽഗാന്ധി ഉദ്ഘാടനം ചെയ്തു

നല്ലൂർനാട്  കാൻസർ സെന്ററിൽ  എച്ച്.ടി വൈദ്യുതി കണക്ഷൻ രാഹുൽഗാന്ധി എം.പി ഉദ്ഘാടനം ചെയ്യുന്നു.

കൽപറ്റ-നല്ലൂർനാട് കാൻസർ സെന്ററിൽ ഹൈ ടെൻഷൻ വൈദ്യുതി കണക്ഷൻ ഉദ്ഘാടനം രാഹുൽഗാന്ധി എം.പി നിർവഹിച്ചു. ആസ്പിരേഷണൽ ജില്ലാ ബോണസായി  അഞ്ചുകോടി രൂപ ആശുപത്രി വികസനത്തിനു എം.പി  പ്രഖ്യാപിച്ചു. വീടുകളിലെത്തി കാൻസർ സ്‌ക്രീനിംഗ് നടത്തുന്നതിനു  മൊബൈൽ സ്‌ക്രീനിംഗ് വാഹനം സെന്ററിൽ ലഭ്യമാക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.രാജ്യസഭാ എം.പി കെ.സി.  വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദീഖ് എന്നിവർ  മുഖ്യാതിഥികളായി. പി.ഡബ്ല്യു.ഡി എക്‌സിക്യുട്ടീവ് എൻജിനിയർ  പ്രശാന്ത്കുമാർ ഗോവിന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ്, മുൻ എം.എൽ.എ എൻ.ഡി.അപ്പച്ചൻ, ഡി.എം.ഒ ഡോ.പി.ദിനീഷ്, സെന്റർ സൂപ്രണ്ട് ഡോ.ആൻസി മേരി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
ആശുപത്രിയിൽ പുതുതായി സ്ഥാപിക്കുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ സി.ടി സിമുലേറ്ററിനും എക്‌സ് റേ  യൂനിറ്റിനും ആവശ്യമായ വൈദ്യുതിയുടെ  അപര്യാപ്തത പരിഹരിക്കുന്നതിനാണ് എം.പിയുടെ പ്രാദേശിക വികസന നിധിയിൽനിന്നു അനുവദിച്ച  50,42,000 രൂപ ചെലവഴിച്ച് എച്ച്.ടി കണക്ഷൻ ലഭ്യമാക്കിയത്. ഇതോടൊപ്പം  315 കെ.വി.എ ട്രാൻസ്‌ഫോർമറും പാനൽ ബോർഡുകളും സി.ടി സിമുലേറ്റർ റൂമിൽ എ.സിയും പ്രവർത്തനക്ഷമമായതോടെ ആശുപത്രി മുഴുവനായും ഒറ്റ വൈദ്യുത സംവിധാനത്തിലായി. 
1994ൽ ആരംഭിച്ച നല്ലൂർനാട് ഗവ.ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രി 2013ലാണ് ജില്ലാ കാൻസർ സെന്ററായി ഉയർത്തിയത്. കീമോ തെറാപ്പി, റേഡിയേഷൻ തെറാപ്പി, ന്യൂട്രോപ്പീനിയ വാർഡ് എന്നിവയും ആധുനിക സൗകര്യങ്ങളോടുകൂടിയ ഡയാലിസിസ് യൂനിറ്റും മൊബൈൽ ടെലിമെഡിസിൻ സൗകര്യവും സെന്ററിലുണ്ട്. നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള  കാൻസർ ചികിത്സയും ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനു പ്രത്യേക ക്ലിനിക്കും സെന്ററിൽ ആരംഭിക്കുന്നതിനു  നടപടികൾ പുരോഗതിയിലാണ്. 

Latest News