ന്യുദല്‍ഹി- പ്രഥമ പ്രധാനമന്ത്രി തല സന്ദര്‍ശനത്തിനായി നരേന്ദ്ര മോഡി തിങ്കളാഴ്ച കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെത്തും. ഇത്തവ ആതിഥേയര്‍ക്ക് വേറിട്ട ഒരു സമ്മാനവും മോഡി നല്‍കുന്നുണ്ട്. 200 പശുക്കള്‍. റുവാണ്ടയുടെ കിഴക്കന്‍ പ്രവിശ്യയിലെ റുവേരു മാതൃകാ ഗ്രാമം സന്ദര്‍ശിക്കുന്ന മോഡി റുവാണ്ട പ്രസിഡന്റ് പോള്‍ കാഗ്മെയുടെ 'ഗിരിങ്ക' എന്ന പശുവിതരണ പദ്ധതിക്കു വേണ്ടി 200 പശുക്കളെ സമ്മാനമായി നല്‍കും. ഇതിനായി റുവാണ്ടയിലെ നാടന്‍ പശുക്കളെയാണ് ഇന്ത്യ വാങ്ങുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരു ദരിദ്ര കുടുംബത്തിന് ഒരു പശുവിനെ നല്‍കുന്ന റുവാണ്ട സര്‍ക്കാരിന്റെ പദ്ധതിയാണ് 2006-ല്‍ ആരംഭിച്ച ഗിരിങ്ക. ഇതുവരെ 3.5 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചതായി റുവാണ്ടന്‍ അധികൃതര്‍ പറയുന്നു. പ്രസിഡന്റ് കാഗ്മെയാണ് ഈ പദ്ധതി നടത്തിപ്പിന് നേരിട്ട് മേല്‍നോട്ടം നല്‍കുന്നത്. പാല്‍ ചുരത്തുന്ന പശുക്കളെയാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുക. ഈ പശുവിനുണ്ടാകുന്ന ആദ്യ പെണ്‍കിടാവിനെ അയല്‍വാസിക്കു സമ്മാനമായി നല്‍കുകയും വേണം. സാമൂഹിക സഹവര്‍ത്തിത്വം ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണിത്.
റുവാണ്ടയിലെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ് പശു ദാനം. രാജ്യത്തെ വിലയേറിയ സമ്മാനങ്ങളിലൊന്നായാണ് പശുവിനെ ഗണിക്കപ്പെടുന്നത്. വ്യക്തികള്‍ക്കു നല്‍കുന്ന വലിയ സമ്മാനമായും വിവാഹങ്ങള്‍ക്ക് സ്ത്രീധനമായും പശുവിനെ സമ്മാനിക്കുന്ന രീതി നൂറ്റാണ്ടുകളായി റുവാണ്ടയിലുണ്ട്. റുവാണ്ടയിലെ ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള നന്ദി സൂചകം കൂടിയാണ് മോഡിയുടെ സമ്മാനമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.