Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടി ശ്രീദേവിയുടെ അറുപതാം ജന്മദിനം ഡൂഡ്‌ലാക്കി ഗൂഗ്ള്‍

മുംബൈ- ഇന്ത്യന്‍ ചലച്ചിത്ര താരം ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില്‍ ഡൂഡ്ല്‍ ഒരുക്കി ഗൂഗ്ള്‍. ആഗസ്ത് 13ന് അറുപത് തികഞ്ഞ ശ്രീദേവിയെ ഗൂഗ്ള്‍ ഇന്ത്യയാണ് ഡൂഡ്ല്‍ ആക്കിയത്. 

ശ്രീദേവിയുടെ അഭിനയവും നൃത്തവും ഒത്തുചേരുന്ന വിധത്തില്‍ നിറപ്പകിട്ടാര്‍ന്ന തരത്തിലാണ് ഗൂഗ്ള്‍ ഡൂഡ്ല്‍ തയ്യാറാക്കിയത്. ഗൂഗ്ള്‍ എന്ന ഇംഗ്ലീഷ് എഴുത്തിലെ 'ഒ'കളെ വളയാക്കി അതിനകത്തൂ കൂടെ കൈ കടത്തി നൃത്തം ചെയ്യുന്ന ശ്രീദേവിയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതൊടൊപ്പം ശ്രീദേവിയുടെ സൂപ്പര്‍ ഹിറ്റ് ഹിന്ദി ചിത്രം നഗീനയിലെ പാമ്പിന്റെ രൂപത്തിലുള്ള കൈകളും ചിത്രീകരിച്ചിട്ടുണ്ട്. റോസാപ്പൂക്കളും നൃത്ത മണ്ഡപത്തിലെ ചിത്രപ്പണികളുമൊക്കെയായി ശ്രീദേവിയുടെ ജീവിത ആഘോഷത്തെ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ ഗൂഗ്ള്‍ ശ്രമിച്ചിട്ടുണ്ട്. 

1963 ആഗസ്ത് 13ന് ശിവകാശിയില്‍ ജനിച്ച ശ്രീദേവി 2018 ഫെബ്രുവരി 24ന് യു എ ഇയിലാണ് നിര്യാതയായത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി മുന്നൂറിലധികം സിനിമകളിലായി അഭിനയിച്ച ശ്രീദേവിയെ ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ സ്റ്റാര്‍ എന്നും വിളിക്കാരുണ്ട്.

അഭിഭാഷകനായ തമിഴ് സ്വദേശി അയ്യപ്പന്റേയും തെലുങ്ക് മാതൃഭാഷയായ രാജേശ്വരിയുടേയും മകളായാണ് ശ്രീ അമ്മയങ്കാര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി ജനിച്ചത്. ശ്രീലതയാണ് സഹോദരി. മിഥുന്‍ ചക്രവര്‍ത്തിയെയാണ് ശ്രീദേവി ആദ്യം വിവാഹം ചെയ്തത്. പിന്നീട് ചലച്ചിത്ര നിര്‍മാതാവായ ബോണി കപൂറിനെ വിവാഹം ചെയ്തു. ഇവര്‍ക്ക് ജാന്‍വി, ഖുശി എന്നീ രണ്ട് പെണ്‍മക്കളുണ്ട്. 

നാലാം വയസ്സില്‍ തുണൈവന്‍ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയം ആരംഭിച്ച ശ്രീദേവി 1980കളിലാണ് നായികയായി രംഗത്തെത്തിയത്. 1971ല്‍ പൂമ്പാറ്റ എന്ന സിനിമയ്ക്ക കേരള സര്‍ക്കാര്‍ പുരസ്‌ക്കാരം നേടിയ ശ്രീദേവിക്ക് 2013ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. രണ്ട് സംസ്ഥാന പുരസ്‌ക്കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌ക്കാരങ്ങളും അവര്‍ സ്വന്തമാക്കി. 

2017ല്‍ പുറത്തിറങ്ങിയ മാം ആണ് അവസാന സിനിമ. ദേവരാഗം, തുലാവര്‍ഷം, ആ നിമിഷം, സത്യവാന്‍ സാവിത്രി തുടങ്ങി 26 മലയാള സിനിമകളിലാണ് ശ്രീദേവി വേഷമിട്ടത്. 1997ല്‍ അഭിനയ ജീവിതത്തില്‍ നിന്നും താത്ക്കാലികമായി മാറി നിന്ന ശ്രീദേവി 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെ ശക്തമായി തിരികെ എത്തിയിരുന്നു. 

2018 ഫെബ്രുവരി 24ന് രാത്രി ദുബൈയിലെ ജുമൈറ ടവേഴ്‌സ് ഹോട്ടല്‍ മുറിയിലെ ബാത് ടബ്ബില്‍ മുങ്ങിയാണ് ശ്രീദേവി മരിച്ചതെന്നാണ് പുറത്തുവന്ന വിവരം.

Latest News