മലപ്പുറം-നെടുമ്പാശേരി ലോ ഫ്‌ളോര്‍ ബസ് പിന്‍വലിക്കാന്‍ നീക്കം; പ്രതിഷേധം ശക്തമാകുന്നു

മലപ്പുറം- നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മലപ്പുറത്തു നിന്ന് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ലോ ഫ്‌ളോര്‍ ബസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഏറെക്കാലമായി പ്രവാസികളടക്കം നിരവധി പേര്‍ക്ക് പ്രയോജനകരമായിരുന്ന ബസാണ് നിര്‍ത്തലാക്കാന്‍ കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്. എന്നാല്‍ ഇതിനെതിരെ മുസ്്‌ലിം ലീഗും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. തീരുമാനം പിന്‍വലിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു.
കെ.എസ്.ആര്‍.ടി.സിക്ക് ഏറെ വരുമാനമുണ്ടാക്കി കൊടുക്കുന്ന സര്‍വീസാണിത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളുടെ സമയത്തിനനുസരിച്ചാണ് ഈ ബസ് സര്‍വീസ് നടത്തിയിരുന്നത്. നിരവധി പേര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനും തിരിച്ചു വരുന്നതിനും ഈ സര്‍വീസിനെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ഇത് നിര്‍ത്തലാക്കാനുള്ള നീക്കം ദുരൂഹമാണെന്നും ഗൂഢാലോചനയുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സ്വകാര്യ വാഹന ലോബികളെ സഹായിക്കാനാണ് നീക്കമെന്നാണ് വിമര്‍ശം.  
തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്കും ഹജ് വകുപ്പ് മന്ത്രിക്കും പി.കെ കുഞ്ഞാലിക്കുട്ടി എം.പി കത്തയച്ചു. തീരുമാനം ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ യാത്രയെ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹജ് തീര്‍ഥാടകര്‍ക്ക് നെടുമ്പാശേരിയിലെ ഹജ് ക്യാമ്പിലേക്കും വിമാനത്താവളത്തിലേക്കുമുള്ള യാത്രയെ തീരുമാനം ദോഷകരമായി ബാധിക്കും.
പുതിയ ഹജ് സീസണ് തുടക്കമാകാന്‍ പോകുന്ന ഈ അവസരത്തില്‍ ഈ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് തീര്‍ഥാടകര്‍ക്ക് ഏറെ പ്രയാസകരമാകും. ഇതിനു പകരം മറ്റ് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത് ഫലപ്രദമല്ലെന്നും  കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി തീരുമാനം പിന്‍വലിക്കണമെന്നും ബസ് നിലനിര്‍ത്തുന്നതിന് സമര പരിപാടികള്‍ ആരംഭിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി പറഞ്ഞു.

 

Latest News