സാമൂഹ്യ മാധ്യമം എക്‌സില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നു

കാലിഫോര്‍ണിയ- സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സില്‍ നിയമനം നടത്താന്‍ പദ്ധതി. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ എട്ടായിരം ജീവനക്കാരുണ്ടായിരുന്നത് ആയിരത്തി അഞ്ഞൂറായി കുറച്ചിരുന്നു. 

ട്വിറ്ററിനെ എക്‌സ് എന്ന് നാമകരണം ചെയ്തതിന് ശേഷമാണ് പുതിയ നിയമനത്തെ കുറിച്ചുള്ള പ്രഖ്യാപനം നടക്കുന്നത്. എക്സില്‍ നിയമനം നടത്താന്‍ ഒരുങ്ങുന്നതായി സി. ഇ. ഒ ലിന്‍ഡ യാക്കാരിനോ പറഞ്ഞു. ചെലവു ചുരുക്കലിന്റെ ഘട്ടത്തില്‍ നിന്നും വളര്‍ച്ചയിലേക്കാണ് കമ്പനി മാറുന്നതെന്ന് ഒരു അഭിമുഖത്തില്‍ സി. ഇ. ഒ പറഞ്ഞിരുന്നു. 

എ്ന്‍ബിസി യൂണിവേഴ്‌സലിലെ മുന്‍ പരസ്യ എക്സിക്യൂട്ടീവായ യാക്കാരിനോ മസ്‌കിന്റെ ഏറ്റെടുക്കലിനെ തുടര്‍ന്ന് വഷളായെന്ന് പറയപ്പെടുന്ന പരസ്യ ദാതാക്കളുമായുള്ള കമ്പനിയുടെ ബന്ധം വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായും അഭിപ്രായപ്പെട്ടു. മുമ്പ് പ്ലാറ്റ്ഫോമില്‍ നിന്ന് പുറത്തുപോയ ചില പരസ്യദാതാക്കള്‍ ഇപ്പോള്‍ മടങ്ങിവരുന്നുണ്ടെന്ന് അവര്‍ സ്ഥിരീകരിച്ചു.

പരസ്യദാതാക്കളുമായുള്ള കമ്പനിയുടെ ബന്ധത്തില്‍ പിരിച്ചുവിടലുകളുടെ ആഘാതം ചര്‍ച്ച ചെയ്യുമ്പോള്‍ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് സ്വാഭാവികമായും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്ന് യാക്കാരിനോ സമ്മതിച്ചു. എങ്കിലും ചെലവ് നിയന്ത്രിക്കുന്നതിനും കമ്പനിയുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കുന്നതിനും വെട്ടിക്കുറയ്ക്കല്‍ അനിവാര്യമായ നടപടിയാണെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.

എക്‌സില്‍ മസ്‌ക് സാങ്കേതിക വിദ്യയിലും ഉത്പന്ന വികസനത്തിലുമാണ് ശ്രദ്ധിക്കുന്നത്. യാക്കാരിനോയ്ക്ക് മറ്റു മേഖലകളാണ് കൈകാര്യം ചെയ്യാനുള്ളത്. 

Latest News