Sorry, you need to enable JavaScript to visit this website.

മണിപ്പൂരിനെ നിയന്ത്രിക്കാനാകാത്ത മോഡിക്ക് എങ്ങിനെയാണ് ഇന്ത്യയെ നയിക്കാനാകുക-മമത

കൊൽക്കത്ത- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രക്തം കൊണ്ട് കളിച്ചു എന്ന പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ ഓരോ ഘട്ടത്തിലും അപകീർത്തിപ്പെടുത്തുകയാണ് മോഡി ചെയ്യുന്നതെന്നും ബംഗാളിലെ ജനങ്ങൾ ഒരിക്കലും വെറുപ്പിന്റെ രാഷ്ട്രീയത്തിന് കീഴടങ്ങിയിട്ടില്ലെന്നും മമത പറഞ്ഞു. 2024ൽ സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിൽ 35 എണ്ണവും നേടുകയെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ലക്ഷ്യം കൈവരിക്കാനുള്ള വഴികൾ ആസൂത്രണം ചെയ്യാൻ ബിജെപി അധ്യക്ഷൻ ജെപി നദ്ദ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗാളിൽ എത്തിയ സമയത്താണ് പ്രധാനമന്ത്രി മോഡിയും മമത ബാനർജിയും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. 

പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ ക്ഷേത്രീയ പഞ്ചായത്തി രാജ് പരിഷത്തിനെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ബംഗാളിൽ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും ചോരക്കളിയാണ് കളിക്കുന്നത് എന്ന് ആക്ഷേപിച്ചത്. എല്ലാ തരത്തിലുള്ള തടസങ്ങളുണ്ടായിട്ടും ബംഗാളിലെ ജനങ്ങൾ ബി.ജെ.പിയെ അനുഗ്രഹിച്ചുവെന്നും വിജയാഹ്ലാദം നടത്താൻ ബി.ജെ.പിയെ അനുവദിച്ചില്ലെന്നും മോഡി ആരോപിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കളെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രമാണ് മോഡി ബംഗാളിനെ 'അപമാനിക്കുന്നതെന്ന് മമത ആരോപിച്ചു. 

വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും ഇടപാടുകൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും സർട്ടിഫിക്കറ്റുകളുമായി മടങ്ങുകയും ചെയ്യുന്ന മോഡി തന്റെ പര്യടനങ്ങളെക്കുറിച്ച് പാർലമെന്റിനെ അറിയിക്കാൻ മെനക്കെടാറില്ലെന്നും മമത ആരോപിച്ചു.

'മനുഷ്യത്വത്തിന്റെ സന്ദേശം ജനങ്ങൾക്ക് നൽകുന്നതിനുപകരം, ഇന്നത്തെ ഒരു ചെറിയ പരിപാടിയിൽ പ്രധാനമന്ത്രി പശ്ചിമ ബംഗാളിനെ അപകീർത്തിപ്പെടുത്താനാണ് മോഡി ശ്രമിച്ചത്. ഇവിടെയുള്ള ബി.ജെ.പി നേതാക്കളെ തൃപ്തിപ്പെടുത്താൻ മാത്രമാണ് അദ്ദേഹം ബംഗാളിനെ അപമാനിച്ചത്-ബാനർജി പറഞ്ഞു.

കഴിഞ്ഞ 100 ദിവസമായി മണിപ്പൂർ കത്തുകയാണ്, മണിപ്പൂർ പോലുള്ള ഒരു ചെറിയ സംസ്ഥാനത്ത് ക്രമസമാധാനം നിയന്ത്രിക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ, അദ്ദേഹത്തിന് എങ്ങനെ രാജ്യം മുഴുവൻ നയിക്കാനാകും. ബംഗാളിനെ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്താൽ അദ്ദേഹത്തിന് എങ്ങനെ രാജ്യം നയിക്കാനാകുമെന്നും മമത ചോദിച്ചു. 

Latest News