Sorry, you need to enable JavaScript to visit this website.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ക്ഷേത്രജീവനക്കാരനായ മുന്‍ സി.പി.എം നേതാവിന് സസ്‌പെൻഷൻ

പയ്യന്നൂർ - പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പല തവണ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രജീവനക്കാരനായ മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ദേവസ്വം ബോർഡ് സസ്‌പെൻഡു ചെയ്തു. ചെറുതാഴത്തെ പ്രമുഖ ക്ഷേത്രത്തിലെ ജീവനക്കാരനും സി.പി.എം കല്ലംവള്ളി മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരയടത്ത് വീട്ടിൽ മധുസൂദനനെ (42) യാണ് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം കേസെടുത്ത വിവരമറിഞ്ഞ പ്രതി മൊബൈൽഫോൺ സ്വിച്ച് ഓഫാക്കി ഒളിവിൽ പോയിരുന്നു. പിന്നീട് ആശുപത്രിയിൽ വെച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുമ്പാണ് ഇയാൾ പെൺകുട്ടിക്കെതിരെ പല ദിവസങ്ങളിൽ പല തവണകളായി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചത്. പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലെ പതിനാലുകാരിയായ വിദ്യാർത്ഥിനി യെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി അമ്മയോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്‌കൂളിലെത്തി ക്ലാസ് അധ്യാപികയോട് വിവരമറിയിക്കുകയും തുടർന്ന് കൗൺസിലിംഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
 

Latest News