ശ്രീനഗര്‍- ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയില്‍ പത്ത് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയ വടക്കന്‍ കശ്മീരിലെ കുപ്‌വാരയില്‍ പ്രതിഷേധം പടരുന്നു. കശ്മീരി സംഘടനകളുടെ ബന്ദാഹ്വാനത്തെ തുടര്‍ന്ന് കടകളൊന്നും തുറന്നില്ല. ബന്ദ് കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി നല്‍കിയിരുന്നു. മുന്‍കരുതലായി ഇന്റര്‍നെറ്റ് സേവനവും വിലക്കി.
ഗുല്‍ഗാം ഗ്രാമത്തിലെ പത്ത് വയസ്സുകാരന്‍ ഉമര്‍ ഫാറൂഖിന്റെ മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ട് കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍ രാത്രി തന്നെ പ്രതിഷേധവുമായി റോഡിലിറങ്ങിയിരുന്നു.
കൈ ഛേദിക്കപ്പെട്ട നിലയിലും പാതി കത്തിച്ച നിലയിലും കുട്ടിയുടെ മൃതദേഹം ആപ്പിള്‍ തോട്ടത്തിലാണ് പോലീസ് കണ്ടെത്തിയിരുന്നത്. വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന പോലീസുകാരനെ ജനക്കൂട്ടം മര്‍ദിച്ചു. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (എ.എസ്.പി) ജീവന്‍ പണയപ്പെടുത്തിയാണ് പോലീസുകാരനെ ജനക്കൂട്ടത്തിന്റെ കൈയില്‍നിന്ന് രക്ഷപ്പെടുത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. എ.എസ്.പി എത്തിയപ്പോള്‍ മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു പോലീസുകാരന്‍. ജനക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടുത്തിയ പോലീസുകാരനെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






