ചെന്നൈ- ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തില്‍ പതിനൊന്നുകാരിയെ 17 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കേസിലെ പ്രധാന പ്രതിയായ ലിഫ്റ്റ് ഓപ്പറേറ്റര്‍ രാം കുമാര്‍ മയക്കുമരുന്ന് നല്‍കേണ്ട വിധം പഠിച്ചത് ആശുപത്രിയില്‍നിന്നാണെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ശീതളപാനീയങ്ങളില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയും കുത്തിവെച്ചുമാണ് കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ചത്.
അയനാവരത്തെ ആശുപത്രിയില്‍ രാംകുമാര്‍ നേരത്തെ ലിഫ്റ്റ് ഓപ്പറേറ്റായി ജോലിചെയ്തിരുന്നു. അവിടെവെച്ചാണ് രോഗികളെ മയക്കിക്കിടത്താനുള്ള മരുന്നുകളെക്കുറിച്ചു ധാരണ ലഭിച്ചത്. പ്രസവസമയത്തു സ്ത്രീകളെ മയക്കിക്കിടത്താന്‍ ഉപയോഗിക്കുന്ന മരുന്നു നല്‍കിയ ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കുട്ടിയെ പലതവണ പീഡിപ്പിച്ചതായി കരുതുന്ന അപ്പാര്‍ട്‌മെന്റിലെ ഒഴിഞ്ഞ ഭാഗത്തുനിന്നു ഉപേക്ഷിക്കപ്പെട്ട സിറിഞ്ചുകളും സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും പോലീസ് കണ്ടെടുത്തിരുന്നു. ഇവ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കയാണ്. കുട്ടിയെ പലര്‍ക്കും കാഴ്ചവെക്കുന്നതിനായി രാംകുമാര്‍ പണം വാങ്ങിയതായും പോലീസ് സംശയിക്കുന്നു. ഇതില്‍ അപ്പാര്‍ട്‌മെന്റിനുള്ളില്‍ ജോലി ചെയ്യുന്നവരും പുറത്തു നിന്നുള്ളവരുമുണ്ടെന്നാണു പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ടു പിടിയിലായ പ്രതികളുടെ കുടുംബാംഗങ്ങളോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു.
പ്രതികളുടെ പശ്ചാത്തലം അറിയാനാണു കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നത്. സമാനമായ കേസുകളില്‍ വേറെയും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു ഉറപ്പുവരുത്തുക കൂടിയാണു ലക്ഷ്യം. അപ്പാര്‍ട്‌മെന്റിലോ പുറത്തോ മറ്റു കുട്ടികളെ ഇവര്‍ പീഡനത്തിനിരയാക്കിയോയെന്ന് അന്വേഷിക്കുന്നുണ്ട്.
കേള്‍വിത്തകരാറുള്ള 11 കാരിയെ തുടര്‍ച്ചയായി ആറു മാസത്തോളം പീഡിപ്പിച്ച കേസില്‍ 17 ഫ്‌ളാറ്റ് ജീവനക്കാരാണ് അറസ്റ്റിലായത്. ചെന്നൈ മഹിളാ കോടതിയില്‍ ഹാജരാക്കിയ ഇവരെ 31 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പോക്‌സോ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട മാനഭംഗം ചെയ്യല്‍, ലൈംഗികാവശ്യത്തിനായി മറ്റുള്ളവര്‍ക്കു കാഴ്ചവയ്ക്കല്‍, നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഒന്‍പതു കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സെക്യൂരിറ്റി ജീവനക്കാര്‍, ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ തുടങ്ങിയവരാണ്. പുറത്തു നിന്നെത്തിയ ഇവരുടെ സുഹൃത്തുക്കളോ പരിചയക്കാരോ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.
മുപ്പതോളം പേരെ ചോദ്യം ചെയ്തു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വയറുവേദനയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി മൂത്ത സഹോദരിയോടാണ് വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
ഒന്നാം പ്രതി രവികുമാറിനെ കൂടാതെ സെക്യൂരിറ്റി ജീവനക്കാരായ അഭിഷേക് (23), സുകുമാരന്‍ (60), പ്രകാശ് (58), മുരുകേഷ് (54), പളനി (40), ഉമാപതി (42), പ്ലംബര്‍ സുരേഷ് (32), ഹൗസ് കീപ്പിങ് ജീവനക്കാരന്‍ രാജശേഖര്‍ (40), ലിഫ്റ്റ് ഓപറേറ്റര്‍മാരായ പരമശിവം (60), ദീനദയാളന്‍ (50), ശ്രീനിവാസന്‍ (45), ബാബു (36), പ്ലംബര്‍മാരായ ജയ്ഗണേശ് (23), രാജ (32), സൂര്യ (23), ഇലക്ട്രീഷ്യന്‍ ജയരാമന്‍ (26), ഗാര്‍ഡനര്‍ ഗുണശേഖര്‍ (55) എന്നിവരാണ് അറസ്റ്റിലായത്.
കുട്ടിയുടെ ശരീരത്തില്‍ ലഹരി മരുന്നുകള്‍ കുത്തിവെച്ചെന്നും പ്രതികളില്‍ പലരും നീലച്ചിത്രങ്ങള്‍ക്ക് അടിമപ്പെട്ടവരാണെന്നും എഫ.്‌ഐ.ആറില്‍ പറയുന്നു. കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ ഒന്നിലധികം പാടുകളുണ്ട്. വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ്, അറുപത്തിയാറുകാരനായ ഒന്നാം പ്രതി കുട്ടിയുമായി സൗഹൃദത്തിലായത്. പിന്നീട് കുട്ടിയെ പീഡിപ്പിച്ചു.
ഇത്രകാലം ക്രൂരമായി കുട്ടിയെ പീഡിപ്പിച്ചിട്ടും വീട്ടുകാര്‍ അറിയാത്തതിലെ ദുരൂഹതയും പോലീസ് അന്വേഷിക്കുന്നുണ്ട്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി മറ്റു പലര്‍ക്കും അയച്ചു നല്‍കിയിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.