ഹൃദയം മാറ്റിവെച്ചതിന്റെ പത്താം വാര്‍ഷികം ആഘോഷിച്ച് ശ്രുതി

ഹൃദയം മാറ്റിവെച്ചതിന്റെ പത്താം വാര്‍ഷിക ആഘോഷത്തില്‍ ശ്രുതിക്ക് ആശംസ നേരാനെത്തിയ അന്നാ ബെന്‍, ഡോ. ജോസ് ചാക്കോ പെരിയപുറം തുടങ്ങിയവര്‍.

 
കൊച്ചി- ലാലിച്ചന്റെ ഹൃദയം താളവ്യത്യാസങ്ങളില്ലാതെ ശ്രുതിയില്‍ മിടിക്കുവാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം പിന്നിട്ടു. കേരളത്തില്‍ ആദ്യമായാണ്  ഹൃദയം മാറ്റിവച്ച ഒരു വ്യക്തി പത്ത് വര്‍ഷം പൂര്‍ത്തിയാക്കി മുന്നോട്ടു പോകുന്നത്. ലിസി ആശുപത്രിയില്‍ നടന്ന ആഘോഷ ചടങ്ങില്‍ ശ്രുതിക്ക് ആശംസകള്‍ നേരാന്‍ പ്രശസ്ത സിനിമാതാരം അന്ന ബെന്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ എത്തി. നാമെല്ലാം വാക്കുകളിലൂടെ മാത്രം പറയുന്ന നന്‍മ ജീവിതത്തില്‍ പകര്‍ത്തുകയും അവയവദാനമെന്ന മഹത്തായ കര്‍മ്മത്തിന് തീരുമാനമെടുക്കുകയും ചെയ്ത ലാലിച്ചന്റെ കുടുംബാംഗങ്ങള്‍ക്ക് ആദരവ് അറിയിക്കുന്നുവെന്ന് അന്ന ബെന്‍ പറഞ്ഞു. അവയവദാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പുറത്തുവരുന്ന വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കാതെയും അന്വേഷിക്കാതെയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഉത്തരവാദിത്വമുള്ള ഒരു ജനസമൂഹത്തിന് ചേര്‍ന്നതല്ലെന്നും അന്ന ബെന്‍ പറഞ്ഞു.

പിറവം, ആരക്കുന്നം, കടപ്പുത്ത് വീട്ടില്‍ ശശീന്ദ്രന്റെയും ശാന്തയുടെയും മകളായ ശ്രുതിക്ക് 24-ാം വയസ്സിലാണ് ഹൃദയം മാറ്റിവച്ചത്. ഹൃദയം ക്രമാതീതമായി വികസിച്ചുവരുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു. രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ടക്കയാസു ഡിസീസും ശ്രുതിക്കുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ശ്രുതിക്കു ജന്മനാ ഒരു വൃക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏഷ്യയില്‍ ആദ്യമായാണ് ഇത്തരം ഒരു വ്യക്തിയില്‍ വിജയകരമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

2013 ഓഗസ്റ്റ് 13-നാണ് കോട്ടയം വാഴപ്പിള്ളി സ്വദേശി തൈപ്പറമ്പില്‍ ജോസഫ് മാത്യു (ലാലിച്ചന്‍)വിന് മസ്തിഷ്‌ക്ക മരണം സംഭവിച്ചത്. ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറായതിനെത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കേവലം ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ടാണ് കോട്ടയത്തുനിന്ന് പോലീസ് അകമ്പടിയോടെ ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം വൈകാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ശ്രുതി ഇപ്പോള്‍ ബ്യൂട്ടീഷനായി ജോലി ചെയ്യുകയാണ്.

ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍, ജോ. ഡയറക്ടര്‍ ഫാ. റോജന്‍ നങ്ങേലിമാലില്‍, അസി. ഡയറക്ടര്‍മാരായ ഫാ. ഷനു മൂഞ്ഞേലി, ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജെറ്റോ തോട്ടുങ്കല്‍, ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, സ്റ്റാഫംഗങ്ങള്‍, ഹൃദയം മാറ്റിവച്ചവര്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ചടങ്ങിന് എത്തിയിരുന്നു.

 

 

 

Latest News