ജിദ്ദ - ഫുട്‌ബോൾ ആരാധകൻ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയാൽ ആരാധകന്റെ ക്ലബ്ബിന് ഒരു ലക്ഷം റിയാൽ പിഴ ചുമത്താൻ സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു. സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗീകരിച്ച 2023-2024 കായിക സീസൺ അച്ചടക്ക നിയമാവലിയിലാണ് ഫുട്‌ബോൾ ആരാധകൻ ഗ്രൗണ്ടിൽ അതിക്രമിച്ചു കയറിയാൽ ക്ലബ്ബിന് ഒരു ലക്ഷം റിയാൽ പിഴ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിയമാവലി കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിലവിൽവന്നു.
മാധ്യമങ്ങളിലൂടെയോ സാമൂഹികമാധ്യമങ്ങളിലൂടെയോ പൊതുജന വികാരം ഇളക്കിവിടുന്നവർക്കും അധാർമിക പദപ്രയോഗങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്കും ഒരു ലക്ഷം റിയാൽ പിഴ ചുമത്തും. വികാരങ്ങളെ വ്രണപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ, ദുരാരോപണങ്ങൾ എന്നിവ അടങ്ങിയ പ്രസ്താവന നടത്തുന്ന കളിക്കാരന് മൂന്നു ലക്ഷം റിയാൽ പിഴയും ഒരു വർഷത്തേക്ക് സസ്‌പെൻഷനും ലഭിക്കും.