പുതിയ അറിവുകളുടെ അഭ്രാവിഷ്‌കാരം

രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വ ചിത്രമേള ഐ.എഫ്.എഫ്.കെയുടെ  അതേ പ്രാധാന്യത്തോടെ നടത്തേണ്ടതിന്റെ ആവശ്യകതയാണ് പതിനഞ്ചാമത്  മേള നൽകുന്ന സന്ദേശം. ഓഗസ്റ്റ് നാലു മുതൽ ഒൻപത് വരെ  കൈരളി, ശ്രീ, നിള തിയേറ്ററുകളിലായാണ് ഡോക്യുമെന്ററി മേള നടന്നത്. 1500 ഓളം വരുന്ന ഡെലിഗേറ്റുകൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും മുന്നൂറോളം ഫിലിം മേക്കേഴ്സ് മേളയുടെ ഭാഗമായെന്നത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

ഡോക്യുമെന്ററി മേളകളെ രണ്ടാം തരമായി മാറ്റിനിർത്തുന്നത് ശരിയല്ല. ലോകത്ത് നടക്കുന്ന വിവിധ സംഭവങ്ങളുടെ നേർക്കാഴ്ചകളാണ് ഡോക്യുമെന്ററിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ആനുകാലികവും പ്രസക്തവുമായ വിഷയങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പൊതുസമൂഹത്തിലേക്കെത്തിക്കാൻ ഹ്രസ്വ ചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കുമാണ് കഴിയുന്നത്. വർത്തമാന കാലത്ത് ഇത്തരം  ഡോക്യുമെന്ററി മേളകളുടെ പ്രാധാന്യം വളരെ വലുതാണ്. അടുത്ത വർഷം  മേള  കൂടുതൽ തിയേറ്ററുകളിലേക്ക് കൂടെ വ്യാപിപ്പിച്ച് ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് കൂടുതൽ സുതാര്യമാക്കേണ്ടതായിട്ടുണ്ട്. 
പ്രാഥമിക ജൂറിയെന്ന നിലയിൽ ഡോക്യുമെന്ററിയുമായി കാര്യമായ ബന്ധമില്ലാത്തവരെ വെയ്ക്കുന്ന പതിവ് മാറ്റണം, നല്ല ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കുന്നതിനിത് തടസ്സമായി നിൽക്കും. കേരളത്തിൽനിന്നുള്ള ഡോക്യുമെന്ററികൾ അവതരിപ്പിക്കുന്നതിന് അവസരങ്ങൾ ഉണ്ടെങ്കിലും അത് ജൂറി പരിഗണിച്ചില്ലെന്ന പരാതിയുണ്ട്. കേരളത്തിലെന്തു നടക്കുന്നുവെന്നറിയാനും ഈ മേള ഉപകരിക്കണമല്ലോ.  പുറംലോകത്തെ കാര്യങ്ങൾ മാത്രം അറിഞ്ഞാൽ മതിയാവുകയില്ല. രാജാവിനേക്കാൾ കൂടുതൽ രാജഭക്തി കാണിക്കുന്ന ചില ഉദ്യോഗസ്ഥരെയും സങ്കുചിത രാഷ്ട്രീയതാൽപര്യത്തിലൂടെ ജൂറിയിൽ കടന്നുകൂടാനുള്ള ശ്രമങ്ങളും തടസ്സപ്പെടുത്തണം.  വരും  വർഷങ്ങളിലെങ്കിലും ഇത്തരം പരാതികൾ ഒഴിവാക്കപ്പെടണം.
വ്യത്യസ്തതകളെയും വിമത ശബ്ദങ്ങളെയും അടിച്ചമർത്തുമ്പോഴല്ല, മറിച്ച് അവ ആവിഷ്‌കരിക്കാനുള്ള ഇടം തുറക്കുമ്പോഴാണ് ജനാധിപത്യം പൂർണമാകുന്നതെന്നും അവ പ്രദർശിപ്പിക്കാനുള്ള വേദിയാണ് ഐ.ഡി.എസ്.എഫ്.എഫ്.കെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെ വിസ്മരിക്കരുത്. 44 രാജ്യങ്ങളിലെ മനുഷ്യാവസ്ഥകളെ ചിത്രീകരിക്കുന്ന 286 ചിത്രങ്ങൾ ആസ്വാദകർക്കും നിരൂപകർക്കും മുന്നിലെത്തിക്കാൻ ഈ മേളക്ക് സാധിച്ചുവന്നത് നല്ല കാര്യമാണ്. ഇതിനിയും വർധിപ്പിക്കാവുന്നതാണ്.
ആരോഗ്യം, വിദ്യാഭ്യാസം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ നാൽപതോളം ഡോക്യുമെന്ററികൾ സംവിധാനം ചെയ്ത ദീപ ധൻരാജിനെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നൽകി മേളയിൽ ആദരിച്ചു. പുതിയ വിമാനത്താവളം വരുന്നതോടെ അപ്രത്യക്ഷമാകുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമീണ സംസ്‌കൃതിക്കു ചരമക്കുറിപ്പ് രചിച്ച 'എ ഫ്‌ളവർ ഇൻ എ ഫോഗ് ലൈറ്റ്' എന്ന ഡോക്യുമെന്ററിയാണ് ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ മികച്ച ഷോർട്ട് ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗൗരവ് പുരി സംവിധാനവും ബനാസേർ അക്തർ നിർമാണവും നിർവഹിച്ച ഈ ഹിന്ദി ഡോക്യുമെന്ററി സാങ്കേതിക വികസനത്തിന്റെ ഇരുണ്ട വശങ്ങളിലേക്ക് ക്യാമറ തിരിക്കുന്നു. നോൺ ഫിക്ഷൻ വിഭാഗത്തിൽ ഷോർട്ട് ഡോക്യൂമെന്ററി ഫോർമാറ്റിൽ ഗുർലീൻ ഗ്രവാൾ സംവിധാനം ചെയ്ത 'സംവേർ നിയർ ആൻഡ് ഫാർ' ആണ് മികച്ച ഡോക്യുമെന്ററി.
നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോംഗ് ഡോക്യുമെന്ററി ഫോർമാറ്റിൽ നൗഷീൻ ഖാൻ സംവിധാനവും നിർമാണവും നിർവഹിച്ച 'ലാൻഡ് ഓഫ് മൈ ഡ്രീംസ്'  ആണ് മികച്ച ഡോക്യുമെന്ററി. മികച്ച കാമ്പസ് ഫിലിം ആയി അലൻ സാവിയോ ലോപസ് സംവിധാനം ചെയ്ത '1 സാമുവൽ 17' തെരഞ്ഞെടുക്കപ്പെട്ടു. ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ 'വെൻ ഐ ലുക്ക് അറ്റ് ദി ഹോറൈസൺ' (സംവിധാനം: താരീഖ് അഹമ്മദ്) മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ആയി. നോൺ ഫിക്ഷൻ വിഭാഗത്തിൽ ഷോട്ട് ഡോക്യുമെന്ററി ഫോർമാറ്റിൽ സിദ്ധാന്ത് സരിൻ സംവിധാനം ചെയ്ത 'മം' മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ആയി തെരഞ്ഞടുക്കപ്പെട്ടു. നോൺ ഫിസറൻ വിഭാഗത്തിൽ ലോംഗ് ഡോക്യുമെന്ററി ഫോർമാറ്റിൽ പ്രതീക് ശേഖർ സംവിധാനവും നിർമാണവും നിർവഹിച്ച 'ചർദ്ദി കല:  ആൻ ഓഡ് ടു റെസീലിയൻസ്' മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി ആയി. നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോർദസ് എം. സുപ്രിയ സംവിധാനം ചെയ്ത 'വാട്ട് ഡു ഐ ഡു ആഫ്റ്റർ യു', വിഷ്ണുരാജ് പി സംവിധാനം ചെയ്ത 'ദി സോയിൽ' എന്നിവ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. 
നോൺ ഫിക്ഷൻ വിഭാഗത്തിൽ ലോംഗ് ഡോക്യുമെന്ററി ഫോർമാറ്റിൽ ദിവ്യ കർണാരെ സംവിധാനം ചെയ്ത '15 സെക്കന്റ്സ് എ ലൈഫ് ടൈം' ജൂറിയുടെ പ്രത്യേക പരാമർശം നേടി. ലോംഗ് ഡോക്യുമെന്ററി ഫോർമാറ്റിൽ എഡിറ്റിംഗിനുള്ള കുമാർ ടാക്കീസ് അവാർഡ് അർബാബ് അഹമ്മദ് സംവിധാനവും നിർമാണവും നിർവഹിച്ച 'ഇൻസൈഡ്സ് ആൻഡ് ഔട്ട്സൈഡ്സ്' അർഹമായി. മികച്ച ഡോക്യുമെന്ററിക്ക് രണ്ടു ലക്ഷം രൂപയും സർട്ടിഫിക്കറ്റും മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും മികച്ച കാമ്പസ് ഫിലിമിന് 50,000 രൂപയും സർട്ടിഫിക്കറ്റുമാണ് ലഭിക്കുക.  കുമാർ ടാക്കീസ് അവാർഡിന് 20,000 രൂപയും സർട്ടിഫിക്കറ്റും ആണ് സമ്മാനത്തുക.
ജനജീവിതവുമായി  ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളെ പ്രമേയമാക്കുന്ന സിനിമകൾ അവതരിപ്പിക്കുന്നതിനുള്ള  വേദിയെന്ന നിലയിൽ 15 വർഷം കൊണ്ട് ചലച്ചിത്ര പ്രവർത്തകർക്കിടയിൽ കുറെയൊക്കെ മതിപ്പ് ഉളവാക്കാൻ ഈ രാജ്യാന്തര ഡോക്യുമെന്ററി ചിത്രമേളക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും കെട്ടിലും മട്ടിലും ഈ മേളക്ക് ലോക നിലവാരത്തിലേക്ക് വളരാൻ കഴിയണം. പോരായ്മകൾ പരിഹരിക്കപ്പെടണം. ഫെസ്റ്റിവലിനെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിനുള്ള ശ്രമമാണ് ആവശ്യം.
ഇന്ത്യയിലെ കർഷക പ്രക്ഷോഭം, പൗരത്വ  നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിലെ സ്ത്രീകൾ നയിച്ച പ്രതിഷേധ സമരം, ഇറാനിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച പെൺകുട്ടിയുടെ വധശിക്ഷ, മുംബൈയിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന ജാതിവിവേചനം തുടങ്ങി ലോകമെമ്പാടുമുള്ള സമകാലിക പ്രശ്നങ്ങൾ ശക്തമായും തീവ്രമായും പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ചില ചിത്രങ്ങൾക്ക് കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി യൂനിവേഴ്സിറ്റികളും കോളേജുകളുമായി ചേർന്ന് നടത്തുന്ന ചലച്ചിത്ര ആസ്വാദന ക്യാമ്പുകളുടെയും  സെമിനാറുകളുടെയും വർക്ക് ഷോപ്പുകളുടെയും ഫെസ്റ്റിവലുകളുടെയും ഭാഗമായി വരുന്ന വിദ്യാർത്ഥികളും ഗവേഷകരും ഐ.ഡി.എസ്.എഫ്.എഫ്  കെയുടെ  ഭാഗമാണ്. പരസ്പരം ആശയവിനിമയം നടത്താനും തങ്ങളുടെ സൃഷ്ടികൾ പരിചയപ്പെടുത്താനുമുള്ള അവസരം കൂടിയാകുകയാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ. കാഴ്ചക്കാരുമായുള്ള ക്രിയാത്മക സംവാദത്തിന് ഓപൺ ഫോറങ്ങൾ വേദിയായി മാറണം. ഇത്തരം മേളകൾ വിദ്യാഭ്യാസത്തിന്റെ കൂടി ഭാഗമാണ്, നമ്മുടെ യുവതീയുവാക്കളെ സാമൂഹ്യപ്രവർത്തനങ്ങളിലേക്കും രാജ്യസേവന രംഗത്തേക്കും മികച്ച കലാകാരന്മാരായി വളർത്തിയെടുക്കുന്നതിനും  ഇത്തരം മേളകൾക്ക് കഴിയണം.

--------------------------------------------------

Latest News