ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചു

ഡെറാഡൂണ്‍-ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ കേദാര്‍നാഥ് യാത്രാ റൂട്ടിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചു. ഗുജറാത്തില്‍ നിന്നുള്ള മൂന്ന് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. ആറ് ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കി.
വ്യാഴാഴ്ച രാത്രി രുദ്രപ്രയാഗ് ജില്ലയിലെ കേദാര്‍നാഥ് യാത്രാ റൂട്ടില്‍ ഫാറ്റ മേഖലയിലെ തര്‍സാലിയില്‍ അഞ്ച് പേര്‍ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ വെള്ളിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവരില്‍ ഗുജറാത്തില്‍ നിന്നുള്ള മൂന്ന് ഭക്തരും ഹരിദ്വാറില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടുന്നു. അഞ്ചാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. മഴ നാശം വിതച്ച കോട്വാര്‍ പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഒരാളെ കാണാതായി. നിരവധി പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഗഡിഘട്ടിയിലെ തകര്‍ന്ന പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ജില്ലാ മജിസ്ട്രേറ്റ് ആശിഷ് ചൗഹാന് നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷക്കെടുതിയില്‍ താറുമാറായ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കാനും ദുരന്തബാധിതരായ ജനങ്ങള്‍ക്ക് വേഗത്തിലുള്ള സഹായം ലഭ്യമാക്കാനുമാണ് സര്‍ക്കാരിന്റെ ആദ്യ ശ്രമമെന്ന് പുഷ്‌കര്‍ സിംഗ് ധാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Latest News