വനിതകളോടൊപ്പം മഹ്‌റമായി ഹജിന് പോകുന്നവർക്ക് അഞ്ച് വർഷ നിബന്ധനയില്ല 

മക്ക - സൗദി അറേബ്യക്കകത്തു നിന്നുള്ളവർ ഒരു തവണ ഹജ് നിർവഹിച്ച് വീണ്ടും ഹജ് നിർവഹിക്കുന്നതിന് അഞ്ചു വർഷം പിന്നിടണമെന്ന വ്യവസ്ഥയിൽ രണ്ടു വിഭാഗക്കാർക്ക് ഇളവ് അനുവദിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ് നിർവഹിക്കുന്ന വനിതകളെ മഹ്‌റം ആയി അനുഗമിക്കുന്നവർക്കും ഇഹലോകവാസം വെടിഞ്ഞ തൊട്ടടുത്ത ബന്ധുവിനു വേണ്ടി ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്നവർക്കുമാണ് അഞ്ചു വർഷ വ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നത്. ഈ ആനുകൂല്യം സൗദികൾക്കും വിദേശികൾക്കും ലഭിക്കും. 
ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്നവർ ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷനുള്ള ഇ-ട്രാക്കിൽ പ്രവേശിച്ച് വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. അഞ്ചു വർഷത്തിനിടെ ഹജ് നിർവഹിച്ചവരാണെങ്കിൽ അക്കാര്യം വ്യക്തമാക്കി ഹജ് അപേക്ഷ നിരാകരിച്ചതായി ഇ-ട്രാക്കിൽ സന്ദേശം പ്രത്യക്ഷപ്പെടും. ഇതിനു ശേഷം പ്രത്യേക ഇളവ് പ്രയോജനപ്പെടുത്തുന്നതിന് ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യം പ്രതിക്ഷപ്പെടും. ഇതിന് അതെയെന്ന് ഉത്തരം നൽകിയാൽ ഹജ് അപേക്ഷ ബന്ധപ്പെട്ട വകുപ്പിന് ഓട്ടോമാറ്റിക് ആയി കൈമാറുകയാണ് ചെയ്യുക. പ്രത്യേക ഇളവ് പ്രയോജനപ്പെടുത്തി ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്ന വിദേശികൾ ജവാസാത്ത് ഡയറക്ടറേറ്റിനെയും സൗദികൾ സിവിൽ അഫയേഴ്‌സ് വിഭാഗത്തെയും നേരിട്ട് സമീപിച്ച് ഹജിനുള്ള ഔദ്യോഗിക അനുമതി നേടിയിരിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 

Latest News