ഗാസിയാബാദ്- സഹോദരൻ മയക്കുമരുന്ന് ഉപേക്ഷിക്കണമെന്ന ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് 16 കാരി വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ചു. ആത്മഹത്യാ കുറിപ്പ് ചുമരിൽ ഒട്ടിച്ചിരുന്നുവെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കയാണെന്നും ഇന്ദിരാപുരം അസിസ്റ്റന്റ് കമ്മീഷണർ സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു.
ആത്മഹത്യക്ക് കാരണമായി ആരെയും പറഞ്ഞിട്ടില്ലെങ്കിലും സഹോദരൻ മയക്കുമരുന്ന് ഉപേക്ഷിക്കാൻ ഞാൻ ആത്മഹത്യ ചെയ്യുന്നുവെന്നാണ് എഴുതിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടിയുടെ ജ്യേഷ്ഠൻ പോക്സോ നിയമപ്രകാരം ജയിലിലാണെന്ന് പോലീസ് പറഞ്ഞു.
അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ അടച്ചിരിക്കയയാരുന്നുവെന്നും മുറിക്കുള്ളിൽ നിന്ന് പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിച്ചെന്നും പോലീസ് പറഞ്ഞു. അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘം മുറിയുടെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് എസിപി പറഞ്ഞു.
പോലീസ് സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. വീട്ടുകാർ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും എസിപി പറഞ്ഞു.