Sorry, you need to enable JavaScript to visit this website.

വധു എഴുത്തുകാരി,പുസ്തക പ്രകാശനം വിവാഹപ്പന്തലിൽ

ഷമീനയുടെയും അസീദിന്റെയും മക്കളായ മുഹമ്മദ് കെയ്ൻ അന്ദേഷ്, അബ്ദുൽ വഹാബ് ജഹാൻസബ്, ഷെല്ല ശിഹാബ്, ഷെസ ഷിഹാബ് എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങുന്നു.

കോഴിക്കോട് - വിവാഹദിനത്തിൽ വിവാഹ പന്തലിൽ കല്യാണത്തിനെത്തിയവരെ അമ്പരപ്പിച്ചുകൊണ്ടൊരു പുസ്തകപ്രകാശനം. പുസ്തകമെഴുതിയത് വധു. പ്രകാശനത്തിനു വേദിയൊരുക്കി വരനും ബന്ധുക്കളും. 
നാദാപുരം കല്ലാച്ചിയിലെ തറവട്ടത്ത് അസീദിന്റെയും തോടന്നൂർ ആയിരോണ്ടതിൽ കുഞ്ഞമ്മദിന്റെ മകൾ ഷമീന ഷിഹാബിന്റെ വിവാഹപ്പന്തലിലാണ് വധു ഷമീന ഷിഹാബിന്റെ രണ്ടാമത്തെ പുസ്തകം പ്രകാശിതമായത്. 
ഷമീനയുടെ പ്രഥമ പുസ്തകം ഒറ്റയ്ക്ക് മരിച്ച പുഴ നേരത്തെ പുറത്തിറങ്ങിയിരുന്നു. കോവിഡ് കാലത്ത് അർബുദരോഗിയായ ഭർത്താവിന്റെ ജീവനുവേണ്ടി ആതുരാലയങ്ങളിൽ കയറിയിറങ്ങുകയായിരുന്നു ഷമീന. എന്നിട്ടും വിധി തുണച്ചില്ല. 25ാം വയസ്സിൽ വിധവയായി.  രണ്ടു പിഞ്ചുകുഞ്ഞുങ്ങളേയും കൊണ്ട്  പകച്ചുനിന്നില്ല. അടച്ചിടലിന്റെ വല്ലാത്തകാലത്തെയും അതിജീവനത്തിനുള്ള വഴിയാക്കിമാറ്റി. അതിൽ പിന്നെയാണവൾ തുടർന്ന് പഠിച്ചത്. വീണ്ടും എഴുതിത്തുടങ്ങിയത്. ജീവനുള്ള വാക്കുകൾകൊണ്ട് കവിത തുന്നിയത്. പ്രിയതമന്റെ ജ്വലിക്കുന്ന ഓർമകൾക്ക് അക്ഷരശിൽപം പണിതത്. പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. 
ആ പുസ്തകമിപ്പോൾ നാലാം പതിപ്പിലെത്തി. നാദാപുരം സലഫി പബ്ലിക് സ്‌കൂളിലെ അധ്യാപിക കൂടിയാണ് ഷമീന.
അതിജീവനത്തിന്റെ നേരനുഭവങ്ങളും കവിതകളുമായിരുന്നു ഒറ്റയ്ക്ക് മരിച്ച പുഴയെങ്കിൽ മാന്ത്രിക വിരലുകളുള്ള പെൺകുട്ടി എന്ന രണ്ടാം പുസ്തകം കുട്ടികൾക്കുള്ള നോവലാണ്. രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ പേരക്ക ബുക്‌സാണ്. ഷമീനയുടെയും അസീദിന്റെയും രണ്ടാമത് വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇരുവർക്കും ആദ്യ വിവാഹത്തിൽ രണ്ടുമക്കളുണ്ട്. അസീദിന്റെ വീട്ടിൽ  നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷമീനയുടെയും അസീദിന്റെയും മക്കളായ മുഹമ്മദ് കെയ്ൻ അന്ദേഷ്, അബ്ദുൽ വഹാബ് ജഹാൻസബ്, ഷെല്ല ശിഹാബ്, ഷെസ ഷിഹാബ് എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. പേരക്ക ബുക്‌സ് മാനേജിംഗ് എഡിറ്റർ ഹംസ ആലുങ്ങൽ പുസ്തകം പരിചയം നടത്തി. ഷൗക്കത്ത് തോടന്നൂർ, ഷഫീഖ് തോടന്നൂർ, ഷജീർ സി.എച്ച്, സമീർ മൂന്നാംകുനി,ടി.വി.കെ ഇബ്രാഹിം, ഇസ്മായിൽ എന്നിവർ സംസാരിച്ചു.

Latest News