ന്യൂദല്‍ഹി- പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് നല്‍കിയതിനെതിരെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി തള്ളി. ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു പൊതു താത്പര്യ ഹരജി.
ജനശ്രദ്ധ ലക്ഷ്യമിട്ടു കൊണ്ടാണ് ഇത്തരമൊരു ഹരജി സമര്‍പപിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.
രോഹിത് ഖേരിവാളാണ് ഹരജി നല്‍കിയത്. ബെഞ്ച് പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ പരാതിക്കാരന്‍ ഹരജി പിന്‍വലിക്കുകയായിരുന്നു. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യത്തിനാണ് ഇന്ത്യ എന്നു പേരു നല്‍കിയിരിക്കുന്നത്.
അതേ സമയം ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് ഗിരീഷ് ഭരദ്വാജ് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയില്‍ ദല്‍ഹി ഹൈക്കോടതി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പു കമ്മിഷനും നോട്ടീസ് അയച്ചിരുന്നു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് അമിത് മഹാജന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് അയച്ചത്.