ചന്ദ്രനെ ലക്ഷ്യമിട്ട് റഷ്യന്‍ പേടകവും

മോസ്‌കോ- അരനൂറ്റാണ്ടോളം ഇടവേളയ്ക്ക് ശേഷം റഷ്യന്‍ പേടകം ചന്ദ്രനിലേക്ക്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.40ന് വൊസ്‌തോച്‌നി നിലയത്തില്‍ നിന്നാണ് ലൂണ 25 എന്ന പേടകം വിക്ഷേപിച്ചത്. 1976 ലാണ് ആദ്യമായി റഷ്യ തങ്ങളുടെ ചാന്ദ്ര ദൗത്യം ലൂണ വിക്ഷേപിച്ചത്. 

അഞ്ച് ദിവസത്തിനകം പേടകം ചന്ദ്രനിലെത്തുന്ന രീതിയിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവ പ്രദേശത്ത് ഇറങ്ങുന്നതിനും ശരിയായ സ്ഥലം കണ്ടെത്തുന്നതിനും ഏകദേശം മൂന്നു മുതല്‍ 7 ദിവസം വരെ സമയമെടുക്കും. ആദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഉപഗ്രഹം ഇറങ്ങാന്‍ പോവുന്നത്.

ഇന്ത്യയുടേയും റഷ്യയുടേയും പേടകങ്ങള്‍ ഏകദേശം ഓരേ ദിവസങ്ങളിലാണ് ലാന്‍ഡിങ് നടത്തുക. പേടകങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഉണ്ടാവില്ലെന്നും റഷ്യ മറ്റൊരു സ്ഥലമാണ് നിശ്ചയിച്ചിരിക്കുന്നതെന്നും റഷ്യന്‍ സ്‌പേയ്‌സ് ഏജന്‍സി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ പേടകം ഏതാണെന്ന ആകാംക്ഷയിലാണ് ലോകം. തമ്മില്‍ മത്സരങ്ങളുണ്ടെങ്കിലും രണ്ട് രാജ്യങ്ങളും വ്യത്യസ്ത ലക്ഷ്യങ്ങളോടെയാണ് ചന്ദ്രനില്‍ ഇറങ്ങുന്നത്.

ഒരു വര്‍ഷത്തോളം ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും പഠിക്കാനും ചന്ദ്രോപരിതലത്തെ ധൂളികളെ കുറിച്ച് അറിയാനുമാണ് റഷ്യ ലൂണ 25ലൂടെ ലക്ഷ്യമിടുന്നത്. യുക്രെയ്‌നുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നു റോസ് കോസ്മോസിന് പാശ്ചാത്യ രാജ്യങ്ങളുമായുള്ള പങ്കാളിത്തം നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ദൗത്യം.

Latest News