പറക്കും വിവാദം

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തി കൂട്ടബലാത്സംഗം ചെയ്തപ്പോൾ ഉയരാതിരുന്ന സ്മൃതി ഇറാനിയുടെ സ്ത്രീ സ്വത്വബോധം രാഹുലിന്റെ, ഉള്ളതോ ഇല്ലാത്തതോ ആയ ഒരു പറക്കും ചുംബനത്തിൽ ഉണർന്നെഴുന്നേൽക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം സുവ്യക്തമാണ്. ലോക്‌സഭയിലേയും രാജ്യസഭയിലേയും അംഗങ്ങൾ നിറഞ്ഞിരുന്ന വേദിയിൽ സ്മൃതി ഇറാനി മാത്രം കണ്ട ആ ഫ്‌ളൈയിംഗ് കിസ്, രാഹുലിനെതിരെ ബി.ജെ.പി ഏതറ്റം വരെയും പോകുമെന്നതിന്റെ സൂചന മാത്രം.


യഥാർഥ പ്രശ്‌നങ്ങളിൽനിന്ന് ഓടിയൊളിക്കുകയും ഇല്ലാത്തവ ഊതിപ്പെരുപ്പിക്കുകയും ചെയ്യുന്നത് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ്. അധികാരം ഏകാധിപത്യസ്വഭാവത്തോടെ ആസ്വദിക്കുന്ന ഒരു പാർട്ടിക്ക് അതിജീവനത്തിനുള്ള ഇത്തരം ഗിമ്മിക്കുകൾ അത്യാവശ്യമാണ്. അതിനായി എല്ലാത്തരം ആധുനിക സാങ്കേതിക വിദ്യകളെയും മാധ്യമങ്ങളെയും കൂട്ടുപിടിക്കാനും അവർക്ക് സംവിധാനങ്ങളുണ്ട്.
ലോക്‌സഭയിൽ മൂന്നു ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുമെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധിക്കെതിരെ ഒരു പറക്കും ചുംബന വിവാദം എടുത്തിട്ടിരിക്കുകയാണ് ബി.ജെ.പി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തുടങ്ങിവെച്ച വിവാദം സ്പീക്കർക്ക് മുമ്പിൽ ഒരു പരാതിയായി എത്തുകയും ചെയ്തിട്ടുണ്ട്. 
രാഹുൽ ഗാന്ധി തനിക്കും ഭരണപക്ഷത്തെ മറ്റ് വനിതാ എം.പിമാർക്കു നേരെയും പറക്കും ചുംബനമയച്ചു എന്നാണ് സ്മൃതിയുടെ പരാതി. രാഹുലിനെ സ്ത്രീവിരുദ്ധനെന്ന് ആക്ഷേപിച്ച സ്മൃതി  അദ്ദേഹത്തെ രൂക്ഷമായ വാക്കുകളിലാണ് വിമർശിച്ചത്. പിന്നാലെ സ്പീക്കർക്ക് നൽകിയ പരാതിയിൽ ഒപ്പിട്ടുവെങ്കിലും താൻ അത്തരമൊരു ദൃശ്യം കണ്ടില്ലെന്ന് നടി ഹേമമാലിനി വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി വക്താവ് അമിത് മാളവ്യ പുറത്തുവിട്ട വീഡിയോയിലാകട്ടെ, രാഹുൽ ഇപ്പറഞ്ഞതുപോലെയുള്ള ആംഗ്യവിക്ഷേപം കാണിക്കുന്നതായി വ്യക്തവുമല്ല. എങ്കിലും രാഹുലിനെ ഒറ്റതിരിഞ്ഞ് ആക്ഷേപിക്കാനും അവഹേളിക്കാനുമുള്ള ശ്രമം ഈ വിവാദത്തിൽ പകൽപോലെ വ്യക്തമാണ്.
രാഹുലിന്റെ പ്രഖ്യാപിത ശത്രുവാണ് സ്മൃതി ഇറാനി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേത്തിയിൽ രാഹുലിനെ പരാജയപ്പെത്തിയത് സ്മൃതിയാണ്. അതിന് ശേഷവും മുമ്പും രാഹുലിനെതിരെ കിട്ടാവുന്ന എല്ലാ ആയുധവും എടുത്ത് പ്രയോഗിക്കാൻ അവർക്ക് മടിയില്ല. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ അവിടെപ്പോയും എതിരെ മത്സരിക്കാൻ തയാറാകും എന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് സ്മൃതി. ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യമാക്കപ്പെട്ട ശേഷം വർധിത വീര്യത്തോടെ തിരിച്ചെത്തിയ രാഹുലിനെ അടിച്ചിരുത്താനുള്ള ഒരു ആയുധം സ്മൃതി പ്രയോഗിച്ചുവെന്നേ കരുതേണ്ടതുള്ളു.

രാഷ്ട്രീയ പ്രവർത്തനത്തിലുടനീളം, വിശിഷ്യാ ഇക്കഴിഞ്ഞ ഭാരത് ജോഡോ യാത്രയിൽ രാജ്യത്തുടനീളം ആയിരക്കണക്കിന് സ്ത്രീകളുമായി ഇടപഴകുകയും സംസാരിക്കുകയും ചെയ്ത വ്യക്തിയാണ് രാഹുൽ. അവരിൽ ചെറിയ പെൺകുട്ടികൾ മുതൽ വയോധികമാർ വരെയുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ മുതൽ സിനിമാ താരങ്ങൾ വരെയുണ്ട്. അവരോട് സംസാരിച്ചും കൈകോർത്തു പിടിച്ച് നടന്നും ആശ്ലേഷിച്ചും രാഹുൽ സ്‌നേഹം പങ്കിടുന്ന എത്രയോ ദൃശ്യങ്ങൾ രാജ്യം ഒന്നാകെ ഏറ്റെടുത്തതാണ്. സ്ത്രീകളോട് ആദരവോടെയും വിനയത്തോടെയും പെരുമാറുന്ന രാഹുലിനെയാണ് എവിടെയും കണ്ടിട്ടുള്ളത്. അങ്ങനെയുള്ള ഒരാൾ ലോക്‌സഭ പോലുള്ള പരിപാവനമായ ഒരു വേദിയിൽ സ്ത്രീവിരുദ്ധമായി പെരുമാറുമെന്നത് തികച്ചും അവിശ്വസനീയമായ കാര്യമാണ്.

സ്മൃതി ഇറാനി രാഷ്ട്രീയത്തിൽ പ്രവേശിക്കും മുമ്പ് ഹിന്ദി പരമ്പരകളിൽ അഭിനയിക്കുന്ന ഒരു നടിയായിരുന്നു. ചില സിനിമകളിലും അവർ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ അഭിനയിക്കാനുള്ള ശേഷി അവർക്കുണ്ട്. പ്രത്യേകിച്ചൊരു രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവുമില്ലാതിരുന്നിട്ടും മോഡി സർക്കാരിന്റെ രണ്ട് ഊഴങ്ങളിലും കേന്ദ്രമന്ത്രിയായിരിക്കാൻ അവർക്ക് സാധിച്ചു. രാഹുലിനെതിരായ വജ്രായുധമായാണ് സ്മൃതിയെ പാർട്ടി കരുതിവെച്ചിരിക്കുന്നത്. അതിനാൽ തന്നെ സ്മൃതിയുടെ രാഷ്ട്രീയ മൂലധനം എന്നത് രാഹുൽവിരുദ്ധതയാണെന്ന് പറയാം. ലോക്‌സഭയിലെ അവരുടെ ആരോപണവും രാഹുലിനെതിരായ കടന്നാക്രമണവും അതിന്റെ ഭാഗമാണെന്ന് പറയാം.
സ്മൃതിയോടൊപ്പം ആക്രമണത്തിന്റെ മുൻനിരയിൽ നിന്നത് കർണാടകയിൽനിന്നുള്ള എം.പി ശോഭ കരന്ത്‌ലജെ ആയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ആയിരിക്കുമ്പോൾ, നിരവധി വിവാദങ്ങളുണ്ടാക്കിയ നേതാവാണ് ശോഭ. മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയെന്ന് അറിയപ്പെടുന്ന ശോഭ, വിവാദങ്ങളെത്തുടർന്നാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടു മാറ്റിയതും ദൽഹിയിലെത്തി ചുവടുറപ്പിച്ചതും. 
മണിപ്പൂർ ആയിരുന്നു അവിശ്വാസചർച്ചയുടെ കേന്ദ്രബിന്ദു എന്നിരിക്കെ, അവിടെ നടക്കുന്ന കാര്യങ്ങളിൽ ആത്മാർഥമായ ദുഃഖമോ മനസ്താപമോ ബി.ജെ.പിയിൽനിന്ന് പ്രസംഗിച്ച ആരിലും കണ്ടില്ല. രണ്ട് ക്രിസ്ത്യൻ വനിതകളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവംപോലും ആരുടേയും വാക്കുകളിൽ പ്രതിഫലിച്ചില്ല. അതിലൊന്നും കാണാത്ത സ്ത്രീവിരുദ്ധത രാഹുൽ ഗാന്ധിയിൽ കണ്ടെത്തിയ സ്മൃതി ഇറാനിയുടെ നീക്കം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗം തന്നെയാവാനുള്ള സാധ്യത നിലനിൽക്കുന്നു. 
രാഷ്ട്രീയത്തിൽ ഒരാളെ ഇല്ലാതാക്കാനുള്ള അവസാനത്തെ ആയുധം പെണ്ണുകേസിൽ പെടുത്തുകയാണെന്നത് സിനിമാക്കഥകളിൽ മാത്രം കാണുന്ന ഒരു കാര്യമല്ല. പലപ്പോഴും കേരളത്തിലടക്കം പലേടത്തും ഇത് നാം കണ്ടിട്ടുമുണ്ട്. പരേതനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ എതിരാളികൾ ഒടുവിൽ ഉയർത്തിക്കൊണ്ടുവന്ന സോളാർ ആരോപണങ്ങളുടെ മുഖ്യഭാഗവും ഇത്തരമൊരു കേസായിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം പലരും അതിൽ ഖേദിക്കുന്നുണ്ടെങ്കിലും. സമാനമായി പല സംസ്ഥാനങ്ങളിലും കേസുകളുണ്ടായിട്ടുണ്ട്. ഇത്തരത്തിലൊരു വിലകുറഞ്ഞ സംരംഭമാണ് രാഹുൽ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത്.
രാഹുൽ ഗാന്ധിയെ പാർലമെന്റിൽ തുടരാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മോഡിപ്രസംഗത്തിൽ സുപ്രീം കോടതി അദ്ദേഹത്തിന്റെ ശിക്ഷാ വിധി റദ്ദാക്കുകയും രാഹുൽ പാർലമെന്റിലേക്ക് തിരിച്ചെത്തുകയും ചെയ്ത വേളയിൽതന്നെ ഇക്കാര്യം അവർ വ്യക്തമാക്കിയിട്ടുണ്ട്. സവർക്കറെ അപമാനിച്ചതുൾപ്പെടെ പല അപകീർത്തിക്കേസുകളും രാഹുലിനെതിരെ കോടതികളിലുണ്ടെന്നും അവയുടെ വിധി വരട്ടെയെന്നുമാണ് അന്ന് ബി.ജെ.പി വക്താവ് പ്രതികരിച്ചത്. അതിനാൽതന്നെ രാഹുലിന് മുമ്പിൽ വലിയ പ്രതിബന്ധങ്ങൾ അവർ തീർക്കുമെന്നുറപ്പാണ്. 
ലോക്‌സഭാ സ്പീക്കർക്ക് മുമ്പിൽ 20 വനിതാ എം.പിമാർ നൽകിയ പരാതിയിൽ അദ്ദേഹം എന്തു നടപടി സ്വീകരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. ഉടനൊരു നടപടി പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ മോഡി പേര് കേസിൽ ഗുജറാത്തിൽ ചെയ്തതുപോലെ അവസരമാകുമ്പോൾ പൊടിതട്ടി പുറത്തെടുക്കുകയെന്ന തന്ത്രവും അവർ പ്രയോഗിക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോഡിക്കെതിരെ രാഹുൽ ഉണ്ടാകരുത് എന്ന് തീരുമാനിച്ചതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ നേടിയെടുത്ത ജനപ്രീതിയാണ് വാസ്തവത്തിൽ ബി.ജെ.പിയെ ചകിതരാക്കുന്നത്. 
രാഹുൽ ഗാന്ധിയുടെ ശക്തമായ നേതൃത്വവും പ്രതിപക്ഷ സഖ്യം യാഥാർഥ്യമായതും 2024 തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് സാധ്യതയുണ്ടാക്കുന്നതായി ബി.ജെ.പി മനസ്സിലാക്കുന്നുണ്ട്. ഏറ്റവും വലിയ ശുഭാപ്തിവിശ്വാസി പോലും ബി.ജെ.പിക്ക് പരാജയം പ്രവചിക്കാൻ ഇപ്പോഴും തയാറല്ലെങ്കിലും തെരഞ്ഞെടുപ്പ് ഒരു ഈസി വാക്കോവർ ആയിരിക്കില്ലെന്ന് വ്യക്തമാണ്. അതിനാൽതന്നെ രാഹുൽ ഗാന്ധിക്കും ഗാന്ധി കുടുംബത്തിനുമെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നതിന്റെ സൂചന മാത്രമായി ഈ പറക്കും വിവാദത്തെ കണ്ടാൽ മതി.

Latest News