ഏക സിവിൽ കോഡിനായുള്ള നീക്കം ആദിവാസി ജനതക്ക് ഭീഷണിയാണ്. തങ്ങളുടേതായ ജീവിത രീതിയും സംസ്‌കാരവും പുലർത്തിക്കൊണ്ട് ജീവിക്കാൻ അത് തടസ്സമാകുമെന്ന് അവർ ആശങ്കപ്പെടുന്നതിൽ തെറ്റു പറയാനാവുമോ? രാജ്യത്തെ ക്രിമിനൽ നിയമം പോലും അവർക്ക് പലപ്പോഴും വെല്ലുവിളിയാണ്. ഉദാഹരണം ഏറെ ശക്തമായ പോക്‌സോ നിയമം തന്നെ. ആ നിയമത്തെ കുറിച്ച് അറിയാത്തവരാണ് മിക്ക ആദിവാസി വിഭാഗങ്ങളും. അവരിൽ പലരും അവരുടെ പരമ്പരാഗത രീതിയനുസരിച്ച് സർക്കാർ തീരുമാനിച്ചിട്ടുള്ള പ്രായപൂർത്തിയാകുന്നതിനു മുമ്പേ വിവാഹിതരാകുന്നു.
ചരിത്രപരമായി വളരെ പ്രധാനപ്പെട്ട ഒരു ദിനമാണ് ഓഗസ്റ്റ് ഒമ്പത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് ക്വിറ്റ് ഇന്ത്യ ദിനമാണ്. സ്വാതന്ത്ര്യ സമരത്തിലെ ഉജ്വലമായ ഒരേടിന്റെ ആരംഭം. മാനവരാശി ഒരു കാലത്തും മറക്കാത്ത നാഗസാക്കി ദിനമാണ് ഓഗസ്റ്റ് 9. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഓഗസ്റ്റ് 9 ലോക ആദിവാസി ദിനമാണെന്നത്. ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ഗുരുതരമായ പ്രശ്‌നങ്ങൾക്കിടയിലാണ് ഇത്തവണ ഈ ദിനം കടന്നു വന്നിരിക്കുന്നത്. മണിപ്പൂരിൽ നടക്കുന്ന വംശീയ ഉന്മൂലനവും ഏക സിവിൽ കോഡ് ഉയർത്തുന്ന വെല്ലുവിളിയുമാണ് അവയിൽ പ്രധാനം.
ലോകമെമ്പാടുമുള്ള ആദിവാസി ജനതയുടെ അവകാശങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോക ആദിവാസി ദിനത്തിന്റെ ലക്ഷ്യം. ആദിവാസി ജനങ്ങളെ മനസ്സിലാക്കാനും അവരുടെ പ്രശ്‌നങ്ങളെ അറിയാനും ക്ലാസുകൾ സംഘടിപ്പിക്കുന്നതടക്കമുള്ള പ്രചാരണ പരിപാടികൾ ഈ ദിനത്തോടനുബന്ധിച്ച് ആഗോള തലത്തിൽ നടത്തപ്പെടുന്നു. ആദിവാസി സ്ത്രീയെ രാഷ്ട്രപതിയാക്കി എന്നു ഊറ്റം കൊള്ളുന്ന രാജ്യമാണല്ലോ ഇന്ത്യ. എന്നിട്ടോ? പുതിയ പാർലമെന്റ് കെട്ടിട ഉദ്ഘാടനത്തിൽ അവർക്ക് ലഭിച്ചത് അവഗണനയല്ലാതെ മറ്റെന്തായിരുന്നു. അതിഭയാനകമായ രീതിയിൽ ആദിവാസി ജനത ചൂഷണം ചെയ്യപ്പെടുന്ന പ്രദേശമായി ഇന്ത്യ മാറിയിരിക്കുന്നു. ആദിവാസി വനാവകാശ നിയമം പോലും അട്ടിമറിക്കപ്പെടുന്നു.
മണിപ്പൂരിലെ കുക്കി ഗോത്രവിഭാഗങ്ങളാണ് ഇന്നു ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. അവർ അക്ഷരാർത്ഥത്തിൽ നേരിടുന്നത് വംശഹത്യയാണ്. അവിടെയും ഒരു പ്രധാന പ്രശ്‌നം വനാവകാശം തന്നെ. മെയ്തി വിഭാഗങ്ങൾക്കും എസ്ടി സംവരണം നൽകാനുള്ള കോടതി നിർദേശത്തോടെ തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന് അവർ ആശങ്കപ്പെടുന്നത് സ്വാഭാവികം. അതിനെതിരെ പ്രതിഷേധിച്ചതാണ് കുക്കികൾക്കു നേരെ ആരംഭിച്ച വംശഹത്യക്ക് പ്രധാന കാരണമായത്.
ഏക സിവിൽ കോഡിനായുള്ള നീക്കം ആദിവാസി ജനതക്ക് ഭീഷണിയാണ്. തങ്ങളുടേതായ ജീവിത രീതിയും സംസ്‌കാരവും പുലർത്തിക്കൊണ്ട് ജീവിക്കാൻ അത് തടസ്സമാകുമെന്ന് അവർ ആശങ്കപ്പെടുന്നതിൽ തെറ്റു പറയാനാവുമോ? രാജ്യത്തെ ക്രിമിനൽ നിയമം പോലും അവർക്ക് പലപ്പോഴും വെല്ലുവിളിയാണ്. ഉദാഹരണം ഏറെ ശക്തമായ പോക്‌സോ നിയമം തന്നെ. ആ നിയമത്തെ കുറിച്ച് അറിയാത്തവരാണ് മിക്ക ആദിവാസി വിഭാഗങ്ങളും. അവരിൽ പലരും അവരുടെ പരമ്പരാഗത രീതിയനുസരിച്ച് സർക്കാർ തീരുമാനിച്ചിട്ടുള്ള പ്രായപൂർത്തിയാകുന്നതിനു മുമ്പേ വിവാഹിതരാകുന്നു. ഫലമെന്താ? മിക്കവരും ജയിലിൽ പോകുന്നു. കേരളത്തിൽ പോലും അത്തരത്തിൽ എത്രയോ സംഭവങ്ങൾ നടന്നിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കിയാലുള്ള അനുഭവം എന്തായിരിക്കും?
എന്തായാലും ഇക്കാര്യം തിരിച്ചറിഞ്ഞ് പല ഗോത്രസംഘടനകളും രംഗത്തു വന്നതോടെ സർക്കാർ അൽപം പിറകോട്ടു പോയിട്ടുണ്ട്. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കിടയിലും അഭിപ്രായവ്യത്യാസം ഉണ്ടായി. രാജ്യത്തെ ഗോത്രവിഭാഗങ്ങളടക്കമുള്ള വ്യത്യസ്ത സമുദായങ്ങളുടെ സവിശേഷമായ അവകാശങ്ങൾക്ക് ഏക സിവിൽ കോഡ് തിരിച്ചടിയാകുമെന്ന ചർച്ചകൾക്ക് പിന്നാലെയാണ് ഏക സിവിൽ കോഡിൽ ഗോത്രവിഭാഗത്തിന്റെ പ്രാതിനിധ്യം സംബന്ധിച്ച് ബിജെപി നേതാക്കൾ പോലും പരസ്യ പ്രതികരണവുമായി രംഗത്ത് വന്നന്നത്. വടക്കു കിഴക്കൻ മേഖലയിലെ ഗോത്രവിഭാഗവുമായി ബന്ധപ്പെട്ട ആചാരപരമായ വിഷയങ്ങൾ അടക്കം ചൂണ്ടിക്കാട്ടി ആദിവാസി വിഭാഗങ്ങളെ ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയർന്നത്.
കേരളം പല വിഷയങ്ങളിലും മുൻനിരയിലാണെന്നു അവകാശപ്പെടുമ്പോഴും ആദിവാസികളുടെ ജീവിത നിലവാരത്തിൽ വളരെ പിറകിലാണെന്ന് വ്യക്തമാണ്. ഭൂമിയുടെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സാമ്പത്തിക സ്ഥിതിയിലും തൊഴിൽ മേഖലയിലുമെല്ലാം അവർ വളരെ പിറകിലാണ്. വനാവകാശം പോലും നടപ്പാക്കാത്ത സംസ്ഥാനമാണ് നമ്മുടേത്. ആദിവാസികളുടെ സാംസ്‌കാരിക ജീവിതവും തകർന്നുകൊണ്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ഏക സിവിൽ കോഡ് തങ്ങൾക്കും ഭീഷണിയാണെന്നു ഇവിടത്തെ ആദിവാസി സംഘടനകളും കരുതുന്നു. അതിനാൽ തന്നെ അവരും പ്രക്ഷോഭ രംഗത്താണ്. അതിന്റെ പ്രഖ്യാപനം ലോക ആദിവാസിദിനത്തിൽ എറണാകുളത്തു നടക്കുമെന്ന് മുത്തങ്ങ സമരനായകൻ കൂടിയായ എം. ഗീതാനന്ദൻ പറയുന്നു.
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ 9 ന് ആദിവാസി - ദളിത് സിവിൽ അവകാക പ്രഖ്യാപനവും സമ്മേളനവും റാലിയും 10 ന് ശിൽപശാലയുമാണ് സംഘടിപ്പിക്കുന്നത്. നിരവധി ജാതികളും മതങ്ങളും ഗോത്രങ്ങളുമുള്ള ഇന്ത്യയിൽ ഏക സിവിൽ കോഡ് എന്നത് ഒരു വിദൂര ലക്ഷ്യം മാത്രമായേ ഭരണഘടന നിർമാതാക്കൾ കണ്ടിരുന്നുള്ളൂ. ജാതി-മതവിഭാഗങ്ങളിലെ ആഭ്യന്തര പരിഷ്‌കരണം വഴി മാത്രമേ അതിലെത്തിച്ചേരാൻ കഴിയൂ എന്നാണ് ഡോ. ബി.ആർ. അംബേദ്കർ ഉൾപ്പെടെയുള്ള ദേശീയ നേതൃത്വം കണക്കാക്കിയിരുന്നതെന്ന് ഗീതാനന്ദൻ ചൂണ്ടിക്കാട്ടുന്നു. ഹിന്ദുത്വവാദികൾ സവർണ ഫാസിസ്റ്റുകളായി വളർന്ന സാഹചര്യമാണിന്ന്.
ആദിവാസി - ദളിത് - പിന്നോക്ക വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ഏക സിവിൽ കോഡിൽ ഒതുക്കുക സാധ്യമല്ല. പാരമ്പര്യ നിയമങ്ങൾ പിൻതുടരുന്ന ഗോത്രവിഭാഗങ്ങൾക്ക് സ്വയംഭരണാവകാശമുള്ളതാണ്. ഏക സിവിൽ കോഡ് ആവശ്യമില്ലെന്ന് ബഹുഭൂരിപക്ഷം ആദിവാസി സംഘടനകളും ആവശ്യപ്പെട്ടു കഴിഞ്ഞു. ഇസ്‌ലാം മതത്തെ ടാർഗറ്റ് ചെയ്തുകൊണ്ടും വരാൻ പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടും കേന്ദ്ര സർക്കാർ നടത്തുന്ന ഏകപക്ഷീയമായ ഏക സിവിൽ കോഡ് പ്രചാരണം ഹിന്ദുരാഷ്ട്ര വാദത്തെ തദ്ദേശീയ സമൂഹങ്ങളുടെ മേൽ അടിച്ചേൽപിക്കുന്നതിനാണ്.






