ആലപ്പുഴ- വാടക നൽകാത്തതിനാൽ വീട്ടുടമ പതിമൂന്ന് ദിവസം പ്രായമുള്ള ചോരക്കുഞ്ഞുൾപ്പെടുന്ന ഒരു കുടുംബത്തെ മുഴുവൻ വീട്ടിൽ നിന്ന് ഇറക്കി വിട്ടു.വീട്ടിൽ നിന്ന് ഇറക്കിവിടുമ്പോൾ സാധനങ്ങൾ പോലും എടുക്കാനും വീട്ടുടമ സമ്മതിച്ചില്ല. മഴയത്ത് വേറെയെവിെടയും പോകാനില്ലാത്തതിനാൽ നാല് കുഞ്ഞുങ്ങളടങ്ങുന്ന കുടുംബം നാല് ദിവസം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കഴിച്ചുകൂട്ടി. ചൈൽഡ്‌ലൈൻ പ്രവർത്തകരും പിങ്കുപോലീസുമാണ് റയിൽവേസ്റ്റേഷനിൽനിന്ന് ഇവരെ കണ്ടെത്തിയത്. തുടർന്ന് കുടുംബശ്രീയുടെ വെള്ളക്കിണറിന് സമീപമുള്ള താൽക്കാലിക ആശ്വാസ കേന്ദ്രമായ സ്‌നേഹിതയിലെത്തിച്ചു.
ആന്ധ്രാ സ്വദേശികളായ ഖദീജ ഉമ്മയ്ക്കും അവരുടെ രണ്ടുപെൺമക്കളായ മുബീനയ്ക്കും ഷാഹിനയ്ക്കും അവരുടെ നാലുകുഞ്ഞുങ്ങൾക്കുമാണ് ഈ ദുർഗതി. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് പതിമൂന്ന് ദിവസം മാത്രമായതിനാൽ ഷാഹിനയക്ക് കനത്ത രക്തസ്രാവവുമുണ്ട്. കഴിഞ്ഞ 20 വർഷമായി ആലപ്പുഴയിലെ വിവിധ വാടക വീടുകളിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കുടുംബമിപ്പോൾ സ്‌നേഹിതയുടെ തണലിലാണുള്ളത്. എന്നാൽ അഞ്ചുദിവസം മാത്രമേ സ്‌നേഹിതയ്ക്ക് കുടുംബത്തിന് താമസ സൗകര്യം നൽകാനാകൂ. നിലവിൽ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ സ്ത്രീകൾ. അമ്പലപ്പുഴ നീർക്കുന്നത്ത് ക്രൈസ്തവ ദേവാലയത്തിന് സമീപമുള്ള ഒറ്റമുറിയ്ക്ക് വീട്ടുടമായ സ്ത്രീ മാസം 7500 രൂപ വാടകയാണ് കുടുംബത്തിൽ നിന്നീടാക്കിയിരുന്നതെന്ന് മുബീന പറഞ്ഞു. ഒറ്റമുറിയ്ക്ക് ദിവസം 250 വീതമായിരുന്നു വാടക. നാലുകുഞ്ഞുങ്ങളുൾപ്പെടെ എട്ടുപേരാണ് ഈ ഒറ്റമുറിയിൽ താമസിച്ചിരുന്നത്.മുബീനയുടെ ഭർത്താവ് ബാബു ആലപ്പുഴയിൽ പെയിന്റ് തൊഴിലാളിയാണ്. അയാളുടെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഷാഹിനയുടെ പ്രസവത്തെതുടർന്ന് വാടക നൽകുന്നതിൽ രണ്ടാഴ്ച വീഴ്ച വരുത്തിയതിനാലാണ് വീട്ടുടമ ഇറക്കിവിട്ടതെന്നും ഇവർ പറയുന്നു. കുടുംബത്തെ സ്‌നേഹിതയിലാക്കിയ ശേഷം ബാബു തൊഴിലന്വേഷിച്ചുപോയിരിക്കുകയാണ്.
ഖദീജയ്ക്ക് ഒരു കണ്ണിനും ചെവിയ്ക്കും തകരാറുണ്ട്. ഖദീജയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. ഇരുപത്തിമൂന്നുകാരിയായ മുബീനയ്ക്ക് മൂന്നുകുട്ടികളാണുള്ളത്. മൂത്ത കുട്ടി റിസ്വാന് മൂന്നരവയസും രണ്ടാമത്തെ കുട്ടി ആയിഷയ്ക്ക് ഒന്നരവയസും ഇളയകുട്ടി അബ്ദുൾ ജബ്ബാറിന് രണ്ടരമാസവുമാണ് പ്രായം. ആന്ധ്രാപ്രദേശിൽ ചിറ്റൂരാണ് ഇവരുടെ ജന്മസ്ഥലം. അവിടെ വാടക വീടുണ്ടെന്നും പറയുന്നു. 22കാരിയായ ഷാഹിനയുടെ ഭർത്താവ് റിയാസ് ആന്ധ്രയിലാണ്. ഷാഹിനയെ പ്രസവത്തിന് നാട്ടിലേക്ക് കൂട്ടികൊണ്ടുവന്നതാണ് കുടുംബം. ആചാരപ്രകാരം 40 ദിവസം കഴിഞ്ഞേ ഭർത്താവ് ഷാഹിനയേയും മകനേയും കൂട്ടികൊണ്ടുപോകൂ. ആദ്യപ്രസവം ഉമ്മയുടെ വീട്ടിലായതിനാൽ വീട്ടിൽ നിന്നിറക്കിവിട്ട വിവരം റിയാസിനെ അറിയിച്ചിട്ടില്ലെന്നും ഷാഹിന പറയുന്നു.
തിരിച്ച് ആന്ധ്രയിലേക്ക് തന്നെ പോകാനാണ് കുടുംബം ആഗ്രഹിക്കുന്നത്.കുഞ്ഞുങ്ങളെ ഉപേക്ഷി്ക്കരുതെന്നും നാട്ടിലേക്ക് പോകാനുള്ള സംവിധാനം ഒരുക്കിനൽകാമെന്നുമാണ് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം യു.എം കബീർ കുടുംബത്തോട് പറഞ്ഞിരിക്കുന്നത്. അഞ്ചുദിവസത്തിനകം കുടുംബത്തെ സഹായിക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് സ്‌നേഹിത വളന്റിയർമാരും.






