മണിപ്പൂർ കത്തുമ്പോൾ തമാശ പറയാനാണ് മോഡിക്ക് നേരം-രാഹുൽ ഗാന്ധി

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആരോപണം കടുപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവിശ്വാസ പ്രമേയത്തിന് മറുപടിയുമായി ലോക്സഭയിൽ രണ്ട് മണിക്കൂറുകളോളം സംസാരിച്ച പ്രധാനമന്ത്രി, രണ്ട് മിനിറ്റ് മാത്രമാണ് മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ചിരിച്ചും കളിച്ചും തരംതാണ രാഷ്ട്രീയക്കാരനെപ്പോലെയാണ് മോഡി പാർലമെന്റിൽ പെരുമാറിയതെന്നും രാഹുൽ കുറ്റപ്പെടുത്തി. മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് താത്പര്യം ഇല്ല. കലാപം അവസാനിപ്പിക്കാൻ ഇന്ത്യൻ സൈന്യത്തിന് രണ്ട് ദിവസം മതി. എന്നാൽ അത് ചെയ്യുന്നില്ല. മണിപ്പൂർ കത്താൻ പ്രധാനമന്ത്രി വഴി ഒരുക്കുകയാണ്. പാർലമെന്റിലെ ഇന്നലത്തെ വിഷയം താനോ കോൺഗ്രസോ ആയിരുന്നില്ല, മണിപ്പൂർ മാത്രമായിരുന്നു. എന്നാൽ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാൻ മോഡി മടിക്കുകയാണ്. മണിപ്പൂർ ഇപ്പോൾ ഒന്നല്ല, രണ്ട് സംസ്ഥാനമായി വിഭജിക്കപ്പെട്ടുവെന്നും രാഹുൽ ആരോപിച്ചു.
ഒരു പ്രധാനമന്ത്രി ഇത്രയും തരംതാഴാൻ പാടില്ല. പ്രധാനമന്ത്രി മണിപ്പൂരിൽ പോകാത്തതിന് കാരണം എന്താണെന്ന് അറിയാം, എന്നാൽ അതുപറയാൻ താത്പര്യമില്ലെന്നും രാഹുൽ പറഞ്ഞു.
 

Latest News