പിഴയടക്കാന്‍ വിസമ്മതിച്ചു, ഗ്രോ വാസുവിന്റെ കസ്റ്റഡി നീട്ടി

കോഴിക്കോട്- പിഴയടക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പൗരാവകാശ പ്രവര്‍ത്തകന്‍ ഗ്രോവാസുവിന്റെ റിമാന്റ് നീട്ടി. ഈ മാസം 25 വരെയാണ് കുന്നമംഗലം കോടതി റിമാന്റ് നീട്ടിയത്. കുറ്റം സമ്മതിക്കുന്നോ എന്ന ചോദ്യത്തിന് താന്‍ ഒരു പ്രതിഷേധ സമരത്തിലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 
പൊതുസ്ഥലത്ത് പ്രതിഷേധിച്ചതിന്റെ പേരില്‍ ആയിരം രൂപ പിഴ അടക്കണം എന്ന തീരുമാനം അംഗീകരിക്കാനാകില്ല. രണ്ടു തരം നിയമമാണ് നിലനില്‍ക്കുന്നത്. എട്ടുപേരെ വെടിവെച്ചു കൊന്നത് അനീതിയാണെന്ന് ഗ്രോ വാസു പറഞ്ഞു. 
അതേസമയം, കേസിന്റെ വിചാരണ തുടങ്ങാന്‍ സാക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. 2016-ല്‍ നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ചതാണ് ഗ്രോ വാസുവിന് എതിരായ കേസ്. നിരവധി തവണ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും തയ്യാറായില്ല. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം നല്‍കിയെങ്കിലും സ്വീകരിക്കാനോ കോടതി രേഖകളില്‍ ഒപ്പിടാനോ അദ്ദേഹം തയ്യാറായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ 14 ദിവസമായി അദ്ദേഹം റിമാന്റിലാണ്.
 

Latest News