ഗുവാഹത്തി- വാറ്റുചാരായത്തിന്റെ ടാങ്കില്‍ വീണ് വാറ്റുകേന്ദ്രത്തിന്റെ ഉടമ ഉള്‍പ്പടെ നാലുപേര്‍ മരിച്ചു. അസമിലെ ടിന്‍സുകിയ ജില്ലയിലെ ടിപുക് ടി എസ്റ്റേറ്റിലാണ് സംഭവം. 'സുലൈ' എന്നറിയപ്പെടുന്ന നാടന്‍ വാറ്റ് ഉണ്ടാക്കുന്നതിനിടെയാണ് അപകടം.
അനധികൃത വാറ്റ് നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉടമ പ്രസാദ് റായും തൊഴിലാളികളായ മൂന്നുപേരുമാണ് മരിച്ചത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അബദ്ധത്തില്‍ കാല്‍തെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശത്തെ തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രസാദ് റായ് 'സൂലൈ' വിതരണം ചെയ്യാറുള്ളതായി പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇയാളുടെ അനധികൃത വാറ്റ് വിതരണ കേന്ദ്രം എക്‌സൈസ് അടച്ചുപൂട്ടിയിരുന്നു.
ടാങ്കില്‍, നാടന്‍ മദ്യം ഉണ്ടാക്കാന്‍ വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.