Sorry, you need to enable JavaScript to visit this website.

ബിജെപി പിന്തുണയില്‍ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി

മംഗളൂരു- ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി. മഞ്ചേശ്വരം അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തില്‍ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് എസ്ഡിപിഐ അംഗമായ ടി ഇസ്മയിലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ബിജെപി അംഗം പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്. 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ ബിജെപി - 13, എസ്ഡിപിഐ - 10, കോണ്‍ഗ്രസ് - 1 എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ്ഡിപിഐ അംഗം ഡി ബി ഹബീബയും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. ഇതോടെ അംഗങ്ങളുടെ എണ്ണം 22 ആയി. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ ടി ഇസ്മയിലും ബിജെപിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. ടി ഇസ്മയിലിന് എസ്ഡിപിഐയുടെ ഒമ്പത് അംഗങ്ങളെ കൂടാതെ രണ്ട് ബിജെപി അംഗങ്ങളുടെ വോട്ടുകള്‍ കൂടി ലഭിച്ചു. തുടര്‍ന്ന് ഇസ്മയില്‍ വിജയിച്ച് പ്രസിഡന്റാകുകയായിരുന്നു. സംവരണം ഉള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആളില്ലാതിരുന്നതിനാല്‍ പുഷ്പാവതി ഷെട്ടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
 

Latest News