മുംബൈ- എയര്‍ ഇന്ത്യ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അനാവരണം ചെയ്തു. എയര്‍ലൈനിന്റെ പുതിയ ലോഗോയില്‍ ഗോള്‍ഡന്‍, ചുവപ്പ്, പര്‍പ്പിള്‍ നിറങ്ങളിലുള്ള ആധുനിക ഡിസൈനുകളാണ് ഉള്‍പ്പെടുന്നത്.
എയര്‍ ഇന്ത്യയുടെ പുതിയ ലോഗോ സിംബലായ വിസ്റ്റ, സ്വര്‍ണ്ണ വിന്‍ഡോ ഫ്രെയിമിന്റെ കൊടുമുടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പരിധിയില്ലാത്ത സാധ്യതകള്‍, പുരോഗതി, ഭാവിയിലേക്കുള്ള എയര്‍ലൈനിന്റെ ധീരവും ആത്മവിശ്വാസമുള്ളതുമായ കാഴ്ചപ്പാട് എന്നിവയ്ക്കായി നിലകൊള്ളുന്നുവെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
2023 ഡിസംബറില്‍ എയര്‍ ഇന്ത്യയുടെ ആദ്യത്തെ എയര്‍ബസ് എ 350 പുതിയ ലിവറിയുമായി ഫ്‌ളീറ്റിലേക്ക് പ്രവേശിക്കുമ്പോഴാണ് പുതിയ ലോഗോ യാത്രക്കാര്‍ക്ക് ദൃശ്യമാകുക.
2022 ജനുവരിയില്‍ ടാറ്റ സണ്‍സ് പൂര്‍ണമായും ഏറ്റെടുത്ത ശേഷം എയര്‍ ഇന്ത്യ റീബ്രാന്‍ഡിംഗിന് വിധേയമായി. ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യാനുള്ള ചുമതല മക്കാന്‍ വര്‍ക്ക്ഗ്രൂപ്പ് ഇന്ത്യയ്ക്കായിരുന്നു.
എയര്‍ ഇന്ത്യയുടെ ചിഹ്നമായ മഹാരാജ 1946-ല്‍ വാണിജ്യ ഡയറക്ടറായ ബോബി കൂക്കയുടെ ആശയമായിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, എയര്‍ ഇന്ത്യ നടത്തുന്ന ഫസ്റ്റ് ക്ലാസ് ക്യാബിനുകളിലും എയര്‍പോര്‍ട്ട് ലോഞ്ചുകളിലും മാത്രമാണ് ഇനി മഹാരാജയുടെ സാന്നിധ്യമുണ്ടാവുക.
റീബ്രാന്‍ഡിംഗ് പ്രക്രിയയുടെ ഭാഗമായി നിരവധി പുതിയ സേവനങ്ങള്‍ ആരംഭിക്കാന്‍ എയര്‍ലൈന്‍ തയ്യാറാണെന്ന് സി. ഇ. ഒ കാംബെല്‍ വില്‍സണ്‍ അടുത്തിടെ പ്രസ്താവിച്ചതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ നടപടി. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായതിനാല്‍ വിസ്താരയും എയര്‍ ഇന്ത്യയും ലയിക്കാന്‍ സാധ്യതയുണ്ടെന്ന് നിരവധി മാധ്യമ വൃത്തങ്ങള്‍ പറയുന്നു.