മുപ്പത് ഹോട്ടലുകൾക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് കൊടുത്താൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്നത് 700 മുതൽ 1400 വരെ രൂപ. മൊബൈലിൽ തെളിയുന്ന വിൻഡോയിൽ വെറുതെ ഫൈവ്സ്റ്റാർ ക്ലിക്ക് കൊടുത്തുകൊണ്ടിരുന്നാൽ മതി. മിനിറ്റുകൾക്കുള്ളിൽ ടാസ്‌ക് അവസാനിക്കും. അര മണിക്കൂറിനുള്ളിൽ പണം നിങ്ങളുടെ അക്കൗണ്ടിലെത്തുകയും ചെയ്യും. ആരെയും ആകർഷിക്കുന്ന ഈ പാർട്ട് ടൈം ജോലിയുടെ പ്രലോഭനത്തിൽ അകപ്പെടുത്തി നിങ്ങളുടെ പതിനായിരങ്ങളും ലക്ഷങ്ങളും തന്ത്രപരമായി കൊള്ളയടിക്കുന്ന സൈബർ തട്ടിപ്പു സംഘങ്ങൾ കേരളത്തിലും വലവിരിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോട്ടൽ റേറ്റിംഗ് ജോലി വാഗ്ദാനത്തിൽ കുടുങ്ങി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട നിരവധി പേരുടെ പരാതി പോലീസിന് ലഭിച്ചു കഴിഞ്ഞു.
വാട്സ് ആപ്പും ടെലിഗ്രാമുമാണ് തട്ടിപ്പുകാർ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. ദിവസവും ആയിരങ്ങൾ സമ്പാദിക്കാൻ കഴിയുന്ന പാർട്ട് ടൈം ജോലി വാഗ്ദാനവുമായി ഏതെങ്കിലും യുവതിയുടെ സന്ദേശമാകും ആദ്യമെത്തുക. സന്ദേശങ്ങൾ ആവർത്തിച്ചു വരുമ്പോൾ കൗതുകം കൊണ്ട് എന്താണ് ഈ ബിസിനസെന്ന് നമ്മൾ അവരോട് ആരായുന്നതോടെ വളരെ വിശ്വസനീയവും എളുപ്പവുമായ ഹോട്ടൽ റേറ്റിംഗ് ജോലിയുടെ വിശദാംശങ്ങൾ അവർ പങ്കുവെക്കും. തുടക്കത്തിൽ പണം മുടക്കാതെ തന്നെ വരുമാനം ലഭിക്കുമെന്നതാണ് ഇതിലെ ആകർഷണം. സ്‌കീമിൽ പാർട് ടൈമായോ ഫുൾടൈമായോ ജോയിൻ ചെയ്യുന്നവർക്ക് തുടക്കത്തിൽ തന്നെ ആയിരം മുതൽ രണ്ടായിരം വരെ കമ്പനി ഇങ്ങോട്ടു തരുമെന്നതാണ് ചൂണ്ടയിൽ കൊത്താനായി ഇട്ടു തരുന്ന ഇര.
ജോബ് സൈറ്റിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിൻ ചെയ്താൽ നമുക്ക് ഈ ഓഫർ തുക കാണാം. ഘട്ടം ഘട്ടമായി കാര്യങ്ങൾ ചെയ്യാൻ നമുക്ക് കൃത്യമായ മാർഗനിർദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കും. അക്കൗണ്ട് സൃഷ്ടിച്ച ശേഷം ജോലി ആരംഭിക്കുന്നതിനുള്ള മെനുവിൽ ക്ലിക്ക് ചെയ്യുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകളുടെ പേരുകളും ഫൈവ് സ്റ്റാർ റേറ്റിങ്ങിനുള്ള ഓപ്ഷനും തെളിഞ്ഞുവരും. സെക്കൻഡുകൾ കൊണ്ട് ഒരു ഹോട്ടലിന് ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകാം. മിനിറ്റുകൾ കൊണ്ട് മുപ്പത് ഹോട്ടലുകൾക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകി ടാസ്‌ക് പൂർത്തിയാക്കാം. ഇതിന് ശേഷം നമ്മുടെ ബാങ്ക് എക്കൗണ്ട് വിവരങ്ങൾ നൽകിയാൽ മിനിറ്റുകൾക്കുള്ളിൽ 1000 രൂപയിൽനിന്ന് കമ്മീഷൻ 30 ശതമാനം കമ്മീഷൻ കഴിച്ച് ബാക്കി 700 രൂപ നമ്മുടെ ബാങ്ക് എക്കൗണ്ടിലെത്തും. ഫുൾടൈം സ്‌കീമാണെങ്കിൽ 2000 രൂപയുടെ 70 ശതമാനം ലഭിക്കും.
ഇത്രയും കഴിയുന്നതോടെ സ്വാഭാവികമായും സ്‌കീമിലേക്ക് ഇര ആകർഷിക്കപ്പെട്ടിരിക്കും. അതിനോടകം അവർ ഒരു വാട്സാപ്പ് അല്ലെങ്കിൽ ടെലിഗ്രാം ഗ്രൂപ്പിലേക്ക് ഇരയെ ആഡ് ചെയ്യും. അവിടെ ദിവസത്തിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നവരുടെ സാക്ഷ്യങ്ങളും എക്കൗണ്ടിലേക്ക് പണം വന്നതിന്റെ സ്‌ക്രീൻ ഷോട്ടുകളും പങ്കുവെക്കുന്നവരെയായിരിക്കും കാണാൻ കഴിയുക. പണം ചെലവാക്കാതെ തന്നെ ആദ്യ വരുമാനം ലഭിക്കുന്നവരോട് അടുത്ത ടാസ്‌കിനായി 10,000 രൂപ അടക്കാൻ ആവശ്യപ്പെടും. വിശ്വാസ്യത ഉറപ്പാക്കാനാണ് കമ്പനി ഇത്തരത്തിൽ അഡ്വാൻസ് ആവശ്യപ്പെടുന്നത് എന്നാണ് വിശദീകരണം. പതിനായിരം അടച്ചാൽ മിനിറ്റുകൾക്കുള്ളിൽ ടാസ്‌ക് പൂർത്തിയാക്കിയാൽ അക്കൗണ്ടിലേക്ക് ലാഭമടക്കം ഞൊടിയിടയിൽ എത്തും. ഇതോടെ ബിസിനസിൽ വിശ്വാസം ബലപ്പെടുന്ന ഇര കൂടുതൽ പണം മുടക്കി കൂടുതൽ വരുമാനമുണ്ടാക്കാൻ തയ്യാറാകും. ലക്ഷങ്ങൾ അഡ്വാൻസായി നൽകുന്ന ഒരു ഘട്ടത്തിൽ വെച്ച് ബിസിനസ് പ്ലാറ്റ്ഫോമും വാട്സാപ്പ് ഗ്രൂപ്പും ടെലിഗ്രാം ഗ്രൂപ്പുമൊക്കെ നിശ്ചലമാകും. അപ്പോഴേക്കും ഇരകളിൽ നിന്ന് ലഭിച്ച ലക്ഷങ്ങൾ മുതലാക്കി തട്ടിപ്പു സംഘങ്ങൾ പുതിയ ഇരകളെ തേടുന്ന തിരക്കിലായിരിക്കും.
ലോകവ്യാപകമായി പല രൂപത്തിൽ ഇത്തരം റേറ്റിംഗ് തട്ടിപ്പ് നടക്കുന്നുണ്ട്. ഇന്ത്യയിൽ ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയത് ഒന്നോ രണ്ടോ വർഷങ്ങൾക്കിടയിലാണ്. കേരളത്തിൽ അടുത്തിടെ ഇത്തരം സംഘങ്ങളുടെ വലയിൽ പെട്ട് പണം നഷ്ടപ്പെട്ടവരുണ്ട്. ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ഇത്തരം വാഗ്ദാനങ്ങളിൽ പ്രലോഭിതരായി പണം മുടക്കാതിരിക്കാനുള്ള വിവേകം മലയാളി കാണിക്കണമെന്നാണ് കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ്.