ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച് ചെന്നിത്തല, പാര്‍ട്ടിക്ക് വേണ്ടിയെന്ന് വിശദീകരണം

തിരുവനന്തപുരം - കൊച്ചിയിലെ സി എം ആര്‍ എല്ലിന്റെ എം ഡിയായ ശശിധരന്‍ കര്‍ത്തയില്‍ നിന്ന് താന്‍ പണം വാങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമ്മതിച്ചു. പാര്‍ട്ടിക്ക് വേണ്ടിയാണ് കെ പി സി സി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയതെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. പണം ലഭിച്ചതിന് പ്രത്യുപകാരമായി ശശിധരന്‍ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്ത് നല്‍കിയിട്ടില്ലെന്നും എന്ത് ഉദ്ദേശത്തോടെയാണ് അദ്ദേഹം സംഭാവന നല്‍കിയതെന്നറിയില്ലെന്നും ചെന്നിത്തല വിശദീകരിച്ചു .മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കമ്പനിയ്ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്നതിനായി സി എം ആര്‍ എല്ലില്‍ പണം കൈപ്പറ്റിയെന്നും എന്നാല്‍ യാതൊരു സേവനവും ചെയ്തു നല്‍കിയില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്ത് വന്നതോടെ ഈ വിഷയം വലിയ വിവാദമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് രമേശ് ചെന്നിത്തല അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ വിവരങ്ങളും പുറത്ത് വന്നത്. ഇതോടെയാണ് ചെന്നിത്തല വിശദീകരണവുമായി രംഗത്തെത്തിയത്. താന്‍ ഈ വിഷയത്തില്‍ ഒളിച്ചോടിയിട്ടില്ലെന്നും വീണയ്ക്ക് പണം നല്‍കിയത് അഴിമതി തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ശശിധരന്‍ കര്‍ത്തയെ പോലുളളവരോട് പണം വാങ്ങിക്കരുതെന്ന വി. എം സുധീരന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

 

Latest News