- മണിപ്പൂരിൽ സമാധാനം ഉടൻ പുനസ്ഥാപിക്കും
- കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ വീതം നൽകും
- 30,000 മെട്രിക് ടൺ അരി അടിയന്തിരമായി വിതരണം ചെയ്യും
ന്യൂഡൽഹി - മണിപ്പൂർ കലാപം ചർച്ച ചെയ്ത് പ്രശ്‌നപരിഹാരമല്ല, രാഷ്ട്രീയ ലാഭമുണ്ടാക്കലാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ ആരോപിച്ചു. ലോക്‌സഭയിൽ അവിശ്വാസപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തരമന്ത്രി ആയ തന്നെ വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണിപ്പൂരിൽ സംഭവിച്ച അക്രമസംഭവങ്ങളിൽ എന്താണ് ഉണ്ടായത്, എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്, അതിനെ നേരിടാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചു, നിലവിൽ അവിടെ സ്ഥിതി എന്താണ്? ഇതേക്കുറിച്ചെല്ലാം ഞാൻ വിശദമായി പറയാം.
മണിപ്പൂരിൽ കൊലപാതക പരമ്പരകളാണ് നടന്നതെന്ന പ്രതിപക്ഷ ആരോപണത്തോട് ഞാനും യോജിക്കുന്നു. ഈ കൊലപാതക പരമ്പരകളോട് ആർക്കും തന്നെ യോജിക്കാൻ കഴിയില്ല. പ്രതിപക്ഷത്തേക്കാൾ കൂടുതൽ ദുഃഖം ഇതിൽ ഞങ്ങൾക്കുണ്ട്. എന്നാൽ, ഈ സർക്കാർ മണിപ്പൂർ വിഷയം ചർച്ചചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്ന തെറ്റിദ്ധാരണ രാജ്യം മുഴുവൻ പ്രചരിപ്പിക്കാനാണ് ശ്രമങ്ങളുണ്ടായത്.
സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സ്പീക്കറെ ഞാൻ രേഖാമൂലം അറിയിച്ചതാണ്. എന്നാൽ പ്രതിപക്ഷത്തിന് ആവശ്യം ചർച്ചയായിരുന്നില്ല, പ്രതിഷേധം നടത്തുകയായിരുന്നു. എന്റെ മറുപടി തൃപ്തികരമല്ലെങ്കിൽ പ്രധാനമന്ത്രിയുടെ വിശദീകരണം നിങ്ങൾക്ക് തേടാമല്ലോ. എന്നാൽ, നിങ്ങൾ ചർച്ചചെയ്യാൻ പോലും എന്നെ അനുവദിച്ചില്ല. മണിപ്പൂർ പോലുള്ള പ്രധാനപ്പെട്ട ഒരു വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് ഒരു വിശദീകരണം നൽകാനുള്ള അവസരം നിഷേധിക്കുന്നത് ഏതുതരം ജനാധിപത്യ വ്യവസ്ഥയാണ്. ബഹളംകൂട്ടി എന്നെ നിശബ്ദനാക്കാൻ കഴിയുമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ അത് സാധ്യമല്ല. എന്നെ നിശബ്ദനാക്കാൻ സാധ്യമല്ലെന്ന് ഓർമിപ്പിക്കുന്നു.
മുൻകാലങ്ങളിൽ മണിപ്പൂരിൽ എന്താണ് നടന്നതെന്ന് പറഞ്ഞാൽ പ്രതിപക്ഷം പറയും: പഴയകാര്യങ്ങൾ കേൾക്കാൻ ഞങ്ങളെ നിർബന്ധിക്കുന്നത് എന്തിനാണെന്ന്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി അല്ല പഴയകാര്യങ്ങളെപ്പറ്റി പറയുന്നത്. പഴയ കാര്യങ്ങൾ പറയുന്നത് മണിപ്പൂരിലെ വർഗീയ ലഹളകളുടെ ചരിത്രം, സ്വഭാവം എന്നിവ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമുള്ളതിനാലാണ്.
കഴിഞ്ഞ ഏതാണ്ട് ആറര വർഷക്കാലമായി മണിപ്പൂരിൽ ബിജെപി സർക്കാരാണ് ഭരിക്കുന്നത്. മണിപ്പൂരിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതു മുതൽ കഴിഞ്ഞ മെയ് മാസം മൂന്നാം തിയ്യതി വരെ ഒരു ദിവസം പോലും അവിടെ കർഫ്യു പ്രഖ്യാപിച്ചിട്ടില്ല. ഇത് ഞാൻ വളരെ അഭിമാനത്തോടെ പറയും. കഴിഞ്ഞ ആറു വർഷക്കാലത്തിനിടയ്ക്ക് ഒരുദിവസം പോലും മണിപ്പൂരിൽ കർഫ്യു പ്രഖ്യാപിച്ചിട്ടില്ല.
2021-ൽ അയൽരാജ്യമായ മ്യാൻമാറിൽ ഭരണമാറ്റം ഉണ്ടായി. മ്യാൻമാറിൽ പട്ടാളം ഭരണം ഏറ്റെടുത്തു. ജനധിപത്യ സർക്കാരിനു അധികാരം നഷ്ടമായി. അവിടെയുള്ള കുക്കി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടന ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി പ്രക്ഷോഭം തുടങ്ങി. കുക്കി ഡെമോക്രാറ്റിക് ഫ്രണ്ട് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനു നടത്തിയ പ്രക്ഷോപത്തെ അവിടത്തെ പട്ടാള ഭരണകൂടം ശക്തമായി നേരിടുകയും അടിച്ചമർത്താൻ ആരംഭിക്കുകയും ചെയ്തു. നമ്മുടെയും മ്യാന്മാറിന്റേയും അതിർത്തികൾ വേലിക്കെട്ടുകൾ ഇല്ലാത്തതാണ്, തുറന്നതാണ്. അത് ഇപ്പോൾ മുതൽ അല്ല, സ്വാതന്ത്ര്യം കിട്ടിയ കാലം മുതലേ അങ്ങനെ ആണ്.
പട്ടാളഭരണകൂടം പ്രക്ഷോഭം നേരിടാൻ ആരംഭിച്ചതോടെ മിസ്സോറാമിലും മണിപ്പൂരിലും മ്യാന്മാറിൽ നിന്നുള്ള കുക്കി സഹോദരന്മാരുടെ വലിയ തോതിലുള്ള അഭയാർത്ഥി പ്രവാഹമുണ്ടായി. ആയിരക്കണക്കിന് കുക്കി ആദിവാസി സഹോദരന്മാരാണ് ഇങ്ങോട്ട് പലായനം ചെയ്തത്. അങ്ങനെ എത്തിയവർ മണിപ്പൂരിലെ കാടുകളിൽ താമസം തുടങ്ങി. ഇതോടെ മണിപ്പൂരിൽ സുരക്ഷിതാവസ്ഥയെ സംബന്ധിക്കുന്ന ആശങ്കകൾ ഉയർന്നുതുടങ്ങി. ഈ ആശങ്ക ഉയർന്ന അവസരത്തിൽ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇനി ഈ അതിർത്തി ഇങ്ങനെ തുറന്നിടാൻ സാധിക്കില്ലെന്ന തീരുമാനമെടുത്തു. ശക്തമായ നടപടികൾ കൈക്കൊണ്ടതോടെ നുഴഞ്ഞുകയറ്റം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. പക്ഷെ മണിപ്പൂരിലെ ആശങ്ക വർധിക്കുകയായിരുന്നു.
മണിപ്പൂരിലെ ഡെമൊഗ്രഫി വളരെ നിർണായകമാണ്. താഴ്‌വരയിൽ മെയ്ത്തി വംശജർ, പർവ്വതപ്രദേശങ്ങളിൽ നാഗ, കുക്കി വംശജർ. അതുകൊണ്ട് ജാതീയമായ ജനസംഖ്യ അവിടെ വലിയ സമ്മർദ്ദം ഉണ്ടാക്കുന്ന ഘടകമാണ്. അഭയാർത്ഥികളായി അതിർത്തി കടന്നെത്തിയവർക്ക് ജനുവരി മുതൽ തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അവരുടെ വിരലടയാളവും കണ്ണുകൾ സ്‌കാൻ ചെയ്ത് വിവരങ്ങളും ശേഖരിച്ചു. ഈ വിവരങ്ങൾ വോട്ടർ ലിസ്റ്റിന്റേയും ആധാർ കാർഡിന്റേയും ലിസ്റ്റിൽ ചേർക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. 2022ൽ ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. 2023ൽ അഭയാർത്ഥികളുടെ വിവരശേഖരണം ആരംഭിച്ചു.
പക്ഷെ, വലിയ തോതിലുള്ള അഭയാർത്ഥി പ്രവാഹം മെയ്തി വംശജരിൽ സുരക്ഷിതത്വമില്ലായ്മയുടെ ആശങ്ക വർധിപ്പിച്ചു. അവിടെയുള്ളത് സ്വതന്ത്രമായ ഒരു സംവിധാനം ആണ്. നേപ്പാളിലേത് പോലെ ഇവിടെയും പാസ്‌പോർട്ട് ആവശ്യമില്ല. അതിർത്തിയിൽ നാല്പതു കിലോമീറ്റർ പരിധിയിൽ രണ്ട് രാജ്യങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നതിനു പാസ്‌പോർട്ട് ആവശ്യമില്ല എന്നത് ഭാരതവും ബർമ്മയും തമ്മിൽ 1968 മുതലുള്ള ധാരണയാണ്. ഞങ്ങൾ കൊണ്ടുവന്നതല്ല. അതുകൊണ്ട് ആരേയും തടയാനും സാധിക്കില്ല. ആശങ്കകൾക്കിടയിൽ ഏപ്രിൽ മുപ്പതിന് ഒരു കിംവതന്തി പ്രചരിപ്പിക്കപ്പെട്ടു. അഭയാർത്ഥികളായി എത്തിയവർ തമ്പടിച്ച പ്രദേശത്ത് ഗ്രാമം സൃഷ്ടിക്കപ്പെട്ടുവെന്ന്. ഈ തെറ്റായ വാർത്ത പ്രചരിപ്പിക്കപ്പെട്ടതോടെ താഴ്‌വരയിൽ വലിയ ആശങ്ക ആരംഭിച്ചു. പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്ന് മൈക്ക് ഉപയോഗിച്ച് സർക്കാർ വാഹനങ്ങളിലൂടെ വിളിച്ചു പറഞ്ഞു. ഈ അസ്വസ്ഥതകൾ നിലനിൽക്കുന്ന അവസരത്തിലാണ് എരിതീയിൽ എണ്ണയൊഴിക്കുന്ന മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവ്.
കേന്ദ്രസർക്കാരിന്റേയോ, പട്ടികവർഗ വകുപ്പിന്റേയോ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേയോ മണിപ്പൂർ സർക്കാരിന്റേയോ അഭിപ്രായം കേൾക്കാതെയാണ് വർഷങ്ങളായി പരിഗണിക്കാതെ കിടന്ന ഒരു പെറ്റീഷൻ പെട്ടന്ന് കോടതി പരിഗണനക്കെടുത്തത്. ഏപ്രിൽ 29ന് മുമ്പ് മെയ്ത്തി വിഭാഗത്തെ പട്ടിക വർഗമായി പ്രഖ്യാപിക്കണം എന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ പർവ്വതമേഖലയിൽ വലിയ അസ്വസ്ഥത ഉടലെടുത്തു. മെയ്ത്തി വിഭാഗം പട്ടികവർഗമായാൽ തങ്ങൾക്ക് ജോലി ലഭിക്കാനുള്ള സാധ്യത കുറയും എന്നത് സ്പർധ വളരാൻ കാരണമായി. താഴ്‌വരയിലും പർവ്വതപ്രദേശത്തും ഒരുപോലെ അസ്വസ്ഥത ഉടലെടുത്തു. അങ്ങനെ മെയ് മൂന്നിന് ആദ്യത്തെ അക്രമം ഉണ്ടായി. ഇതോടെ തമ്മിൽ അക്രമം തുടങ്ങി, സംസ്ഥാനത്ത് അശാന്തി ഉടലെടുത്തു.
അക്രമവും അശാന്തിയും ഉടലെടുത്ത പരിസ്ഥിതിയിൽ അയാൾ എന്തുകൊണ്ട് പോയില്ല, ഇയാൾ എന്തുകൊണ്ട് പോയില്ല എന്ന ചോദ്യം ശരിയല്ല. പ്രത്യേക സാഹചര്യത്തിൽ പൊട്ടിപ്പുറപ്പെട്ട കലാപമാണിത്. മ്യാൻമാറിൽ പട്ടാള ഭരണം വന്നതോടെ അവിടെ പ്രശ്‌നങ്ങൾ ഉണ്ട്. മ്യാൻമാറിൽ നിന്നും മണിപ്പൂരിലേയ്ക്കുള്ള മയക്കുമരുന്ന് കടത്തും അവിടെ അസ്വസ്ഥകൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ, സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയത് ഹൈക്കോടതി ഉത്തരവാണ്. അത് നടപ്പാക്കാനുള്ള അവസാന തിയ്യതി ഏപ്രിൽ 29 ആയിരുന്നു. അതിനെതിരെ ഒരു പ്രകടനം നടന്നു. ആ പ്രകടത്തെ തുടർന്ന് രണ്ട് വിഭഗങ്ങൾ ഏറ്റുമുട്ടി. ആ ഏറ്റുമുട്ടൽ വളരെ പെട്ടന്ന് താഴ്‌വരയിലും പർവ്വതപ്രദേശത്തും വ്യാപിച്ച് രണ്ടു വിഭാഗങ്ങൾ തമ്മിൽ പരസ്പരം ജീവനെടുക്കുന്ന കലാപമായി മാറുകയായിരുന്നു.
ഞാൻ ഒന്നിൽ നിന്നും ഒളിച്ചോടുന്ന ആളല്ല. അത് എന്റെ സ്വഭാവവുമല്ല. 1993-ൽ നരസിംഹ റാവു പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവായ രാജ്കുമാർ ദോരേന്ദ്ര സിംഗ് മണിപ്പൂരിന്റെ മുഖ്യമന്ത്രിയും ആയിരുന്ന സമയത്ത് മണിപ്പൂരിൽ നാഗ - കുക്കി കലാപം ഉണ്ടായി. അന്ന് 750 ആളുകൾ കൊല്ലപ്പെട്ടു. 200ൽ ആധികം ആളുകൾക്ക് പരുക്കേറ്റു, 45,000 ആളുകൾ അഭയാർത്ഥികളായി. ഒന്നരവർഷക്കാലം ആ സംഘർഷം നീണ്ടുനിന്നു. ഇപ്പോൾ പ്രതിപക്ഷം പ്രധാനമന്ത്രി മറുപടി പറയണമെന്ന് പറയുന്നുണ്ടല്ലോ. എന്നാൽ ആ കലാപത്തെക്കുറിച്ച് മറുപടി പറഞ്ഞത് ആരാണെന്ന് നിങ്ങൾക്ക് അറിയാമോ? സഹമന്ത്രിയായിരുന്ന രാജേഷ് പൈലറ്റ്. അവരാണിപ്പോൾ എന്നെ സംസാരിക്കാൻ എന്നെ അനുവദിക്കാത്തത്. ഗുരുതരമായ സംഭവങ്ങളുണ്ടായിട്ടും അന്നത്തെ കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് ആരെങ്കിലും മണിപ്പൂരിൽ പോയോ? പട്ടികവർഗ്ഗ വകുപ്പ് മന്ത്രി പോയോ? ഉണ്ടായില്ല. സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി പോയോ? അതുമില്ല. കേന്ദ്ര അഭ്യന്തര മന്ത്രിയോ, സഹമന്ത്രിയോ പോയോ? ഇല്ല. അവരാണിപ്പോൾ പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂരിൽ പോയില്ലെന്ന് ഞങ്ങളോട് ചോദിക്കുന്നത്.
മണിപ്പൂരിൽ നടന്ന വംശീയ അക്രമങ്ങളുടെ ചരിത്രം മുഴുവൻ ഞാൻ പറയാം. എനിക്കൊരു തിരക്കും ഇല്ല. വളരെ പ്രധാനപ്പെട്ട വിഷയമാണ്. 1993-ൽ മറ്റൊരു സംഘർഷം ഉണ്ടായി മെയ്ത്തി - പംഗൽ വിഭാഗങ്ങൾക്കിടയിൽ. അതിൽ നൂറുപേർ കൊല്ലപ്പെട്ടു. 1998-1999-ൽ ഐ.കെ ഗുജ്‌റാൾ പ്രധാനമന്ത്രി ആയിരുന്ന അവസരത്തിൽ കുക്കി - പംഗൽ കലാപം ഉണ്ടായി. 350 ആളുകൾ കൊല്ലപ്പെട്ടു. 2004-ൽ മൻമോഹൻ സിംഗിന്റെ കാലത്ത് 1700 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ കലാപങ്ങളൊന്നും നടന്നപ്പോൾ ആഭ്യന്തരമന്ത്രിയോ പ്രധാനമന്ത്രിയോ മിണ്ടിയില്ല. അവർ ഇപ്പോൾ ചോദ്യം ഉന്നയിക്കുന്നത് എന്ത് അർത്ഥത്തിലാണ്. എന്നാൽ, ഞങ്ങൾ സംസാരിക്കാൻ തയ്യാറാണ്. ഞങ്ങൾ മൗനികളായി ഇരിക്കാനില്ല. മറുപടി പറയുന്നവരാണ്. ഞങ്ങളിൽ ആർക്കും ഈ കലാപത്തിൽ ഒരു പങ്കുമില്ല.
മുൻ കലാപങ്ങളിൽ പങ്കുള്ള ആരുടെയും പേരുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അഭ്യന്തരമന്ത്രാലയത്തിന്റെ രേഖകളിൽ പല നേതാക്കളുടേയും പേരുണ്ട്. അതൊന്നും ഞാൻ പറയുന്നില്ല. ഇവർ പറയുന്നത് മോദിജി ഇത് അറിയുന്നില്ലെന്നാണ്. പ്രധാനമന്ത്രി എന്നെ വിളിച്ച് മണിപ്പൂർ വിഷയം സംസാരിച്ചിട്ടുണ്ട്. 3 ദിവസം ഞങ്ങൾ തുടർച്ചയായി ജോലിചെയ്തു. 16 വീഡിയോ കോൺഫ്രസുകൾ നടത്തി. വായുസേനയുടെ വിമാനങ്ങൾ ഉപയോഗിച്ച് 36,000 സി ആർ പി എഫ് സേനാംഗങ്ങളെ അവിടെ എത്തിച്ചു. ചീഫ് സെന്രട്ടറിയെ മാറ്റി, ഡിജിപിയെ മാറ്റി. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും കേന്ദ്രസർക്കാരാണ് നിയമിച്ചത്. ഇതെല്ലാം നാലാം തീയതി വൈകുന്നേരത്തിന് മുമ്പേ നടപ്പാക്കിയിരുന്നു. മൂന്നാം തിയ്യതിയാണ് കലാപങ്ങൾ ആരംഭിച്ചത്.
വിമർശകർ ചോദിക്കുന്നത് 356 എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നാണ്. 356 ഉപയോഗിക്കുന്നത് കലാപസമയത്ത് സംസ്ഥാന സർക്കാർ സഹകരിക്കാത്ത അവസരത്തിലാണ്. ഇവിടെ സംസ്ഥാന സർക്കാർ പൂർണ്ണമായും കേന്ദ്രസർക്കാരുമായി സഹകരിച്ചു. ഞങ്ങൾ ഡി.ജി.പിയെ മാറ്റി. അവർ ഭാരത സർക്കാർ നിയമിച്ച ഡി.ജി.പിയെ അംഗീകരിച്ചു. ഞങ്ങൾ ചീഫ് സെക്രട്ടറിയെ മാറ്റി. മുഖ്യമന്ത്രി പൂർണ്ണമായും സഹകരിക്കുന്ന ആളാണ്. അദ്ദേഹത്തെ മാറ്റേണ്ട ആവശ്യമില്ല. ഇതുവരെ 156 ആളുകൾ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒന്നും ഒളിക്കാനില്ല. മരണസംഖ്യ ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇനിയും ആരും എരിതീയിൽ എണ്ണയൊഴിച്ച് ഇത് കൂട്ടരുത്.
രാഹുൽ ഗാന്ധി അവിടം സന്ദർശിക്കാൻ പോയി. ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. ആകാംഷയുണ്ട്, മണിപ്പൂരിനെ കുറിച്ചുള്ള ആശങ്കയുണ്ട്. നല്ലകാര്യം. എയർപോർട്ടിൽ ഇറങ്ങിപ്പോൾ അദ്ദേഹം ചുരാചാന്ദ്പൂരിൽ പോകണമെന്ന ആവശ്യം ഉന്നയിച്ചു. പ്ലാൻ അനുസരിച്ച് പിറ്റേദിവസമായിരുന്നു അവിടെ പോകേണ്ടത്. ഞങ്ങളത് അംഗീകരിച്ചു. ഹെലികോപ്റ്റർ ഏർപ്പാടാക്കി. എന്നാൽ അദ്ദേഹം റോഡ് മാർഗം പോകണമെന്ന് വാശിപിടിച്ചു. പോലീസ് അത് തടഞ്ഞു. പിന്നെ മൂന്നുമണിക്കൂർ ഈ നാടകം ഈ രാജ്യം മുഴുവൻ ലൈവായി കാണിച്ചു. പിന്നെ പിറ്റേദിവസം ഹെലികോപ്റ്ററിൽ യാത്രയാവുകയും ചെയ്തു. ആദ്യത്തെ ദിവസം തന്നെ ഹെലികോപ്റ്ററിൽ പോകുന്നതിന് എന്തായിരുന്നു തടസ്സം. ഞങ്ങൾ സുരക്ഷാ സംവിധാനങ്ങൾ എല്ലാം തയ്യാറാക്കിയിരുന്നു. എന്നാൽ, ഇത്തരം നാടകം നടത്തുന്നതിനു വേണ്ടി അവിടെ പോകുന്നതിനെയാണ് രാഷ്ട്രീയം എന്ന് വിളിക്കുന്നത്. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങൾ ഈ വിഷമഘട്ടങ്ങളിൽ കളിക്കാതിരിക്കൂ.
ഏകദേശം 14898 ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാ അക്രമസംഭവങ്ങളിലും എഫ്.ഐ.ആർ ഇട്ടിട്ടുണ്ട്. ഏതാണ്ട് 11006 എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഇനി അവസാനം വന്ന ആ ലജ്ജാകരമായ വീഡിയോ. ഈ വീഡിയോ മെയ് 4നു ചിത്രീകരിച്ചതായാണ് മനസ്സിലാക്കുന്നത്. ലോകത്തിന്റെ ഏത് സ്ഥലത്തും ഏത് സംഭവത്തിലും ഒരു സ്ത്രീയെ യുവതിയായ ഒരു സ്ത്രീയെ ഇത്തരത്തിൽ അപമാനിക്കുന്നത് സമൂഹത്തിന്റെ മേലുള്ള വലിയ കളങ്കമാണ്. അതിനെ ആർക്കും പിന്തുണയ്ക്കാൻ സാധിക്കില്ല.
മെയ് 4നു ചിത്രീകരിച്ച ഈ വീഡിയോ സഭാ സമ്മേളനം തുടങ്ങുന്നതിനു ഒരു ദിവസം മുമ്പ് എങ്ങനെ ആണ് വെളിയിൽ വന്നത്. ആരുടെയെങ്കിലും കൈവശം ഈ വീഡിയോ ഉണ്ടായിരുന്നു എങ്കിൽ അവർ അത് പോലീസിന് കൈമാറുകയല്ലേ വേണ്ടിയിരുന്നത്? അത് ഇങ്ങനെ പരസ്യപ്പെടുത്തണമായിരുന്നോ. ആ സ്ത്രീകളുടെ ആത്മാഭിമാനത്തെ കുറിച്ചെങ്കിലും ആലോചിക്കണ്ടേ?
ഞാൻ പ്രതിപക്ഷത്തിനു മേൽ ആരോപണം ഉന്നയിക്കുന്നില്ല, വീഡിയോ കൈവശം ഉണ്ടായിരുന്നവർ ആരാണെങ്കിലും അത് അപ്പോൾ തന്നെ ഡി.ജി.പിയ്ക്ക് കൈമാറിയിരുന്നുവെങ്കിൽ അഞ്ചാം തിയ്യതി തന്നെ കുറ്റവാളികൾ പിടിക്കപ്പെടുമായിരുന്നു. ഏത് ദിവസം ആണോ വീഡിയോ പുറത്തുവന്നത് ആ ദിവസം തന്നെ ഫേസ് ഐഡന്റിഫിക്കേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് സർക്കാരിന്റെ കൈവശമുള്ള വ്യക്തികളുടെ ഡാറ്റയുമായി ഒത്തുനോക്കി ഒൻപത് കുറ്റവാളികളെയും തിരിച്ചറിഞ്ഞ അറസ്റ്റ് ചെയ്യുന്നതിനു സാധിച്ചിട്ടുണ്ട്. അവർ ഇപ്പോൾ ജയിലിലുണ്ട്. നിലവിൽ അവിടെ ബി എസ് എഫ്, സി ആർ പി എഫ്, അസം റൈഫിൾ, സൈന്യം, മണിപ്പൂർ പോലീസ് എന്നിങ്ങനെ അഞ്ച് സുരക്ഷാ സേനകൾ പ്രവർത്തിക്കുന്നുണ്ട്. ഈ അഞ്ച് ഏജൻസികളുടേയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുള്ള ഏകീകൃത കമാന്റ് വ്യവസ്ഥയുടെ ചെയർമാൻ പദവി കേന്ദ്രസർക്കാർ നിയോഗിച്ച സുരക്ഷാ ഉപദേഷേടാവിനാണ് നൽകിയിരിക്കുന്നത്.
ഈ കലാപങ്ങൾക്ക് ഗൂഢാലോചന നടത്തിയതിന് ആറു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകൾ സിബിഐയ്ക്ക് ആദ്യം തന്നെ കൈമാറിയിരുന്നു. സുപ്രീംകോടതിയും 11 കേസുകൾ സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതെല്ലാം അന്വേഷിക്കുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് (SIT) ഇന്ന് രൂപം നൽകിയിട്ടുണ്ട്. പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും ഉള്ള നടപടികൾ മുന്നോട്ട് പോകുന്നുണ്ട്.
കൊല്ലപ്പെട്ട എല്ലാവരുടേയും ആശ്രിതർക്ക് പത്ത് ലക്ഷം രൂപ വീതം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. 30,000 മെട്രിക് ടൺ അരി അടിയന്തിരമായി അവിടെ എത്തിച്ചിട്ടുണ്ട്. അത് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രദേശത്ത് മെഡിക്കൽ ടീമിന്റെ കുറവുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ വിവിധ സ്ഥലങ്ങളിലായി 8 മെഡിക്കൽ ടീമുകളെ സജ്ജരാക്കിയിട്ടുണ്ട്. കേസുകളിൽ എല്ലാവർക്കും പറയാനുള്ളത് കേൾക്കുന്നതിനായി നാലു ജില്ലകളിലും ജില്ല കലക്ടർമാരുടെ ഓഫീസുകളിൽ വീഡിയോ കോൺഫ്രൻസ് സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്. ആർക്കും ഹൈക്കോടതി വരെ പോകേണ്ട ആവശ്യം വരുന്നില്ല.
കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. താഴ്‌വരയിൽ 98% സ്‌കൂളുകളും തുറന്നിട്ടുണ്ട്. 80% അറ്റൻഡൻസ് ഉണ്ട്. 2% സ്‌കൂളുകളിൽ ക്യാമ്പുകൾ നടക്കുന്നുണ്ട്. അത് മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റാനുള്ള ശ്രമം നടന്നുവരുന്നു. അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സുരക്ഷയുടെ അവലോകനം എല്ലാ ആഴ്ചയും ഞാൻ ഇവിടെ നിന്നും വീഡിയോ കോൺഫറൻസ് സംവിധാനം വഴി ഏകീകൃത സുരക്ഷാ കമാന്റുമായി നടത്തുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി രണ്ടുദിവസം കൂടുമ്പോഴും ഡിജിപി എല്ലാ ദിവസവും പ്രസ്തുത അവലോകനം നടത്തുന്നുണ്ട്.
ഇത്രയും കടുത്ത നിരീക്ഷണത്തോടെ അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. എത്രയും വേഗത്തിൽ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് ഞാൻ വാക്കു നൽകുന്നു. അതിർത്തി സുരക്ഷിതമാക്കുന്നതിനു ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആളുകളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. മണിപ്പൂരിലെ രണ്ട് സമുദായങ്ങളോടും ഈ സഭയെ സാക്ഷിയാക്കി ഞാൻ അഭ്യർത്ഥിക്കുകയാണ്, അക്രമം ഒന്നിനും പരിഹാരമല്ല. അതുകൊണ്ട് ചർച്ചകൾ നടത്തണം. മെയ്തി സമുദായത്തോടും കുക്കി സമുദായത്തോടും ഞാൻ തന്നെ ചർച്ചകൾ നടത്തുന്നുണ്ട്. ചർച്ചകളിലൂടെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കൊപ്പം സഹകരിക്കണം എന്നതാണ് അഭ്യർത്ഥന.
ഊഹാപോഹങ്ങളാണ് ഇപ്പോൾ അവിശാസത്തിന്റെ അന്തരീക്ഷം അവിടെ ഉണ്ടാകാനുള്ള കാരണം. നുഴഞ്ഞുകയറ്റം ഞങ്ങൾ തടയും. അതിനായി നയതന്ത്രതലത്തിൽ മ്യാന്മാർ സർക്കാരുമായി ഞങ്ങൾ ചർച്ചകൾ നടത്തിവരുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഞങ്ങളാൽ സാധ്യമായ എല്ലാ പരിശ്രമങ്ങളും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. മണിപ്പൂർ വിഷയത്തിൽ ഇത്രമാത്രമാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. ഈ വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. പലരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. പലരുടേയും ആത്മാഭിമാനം നഷ്ടപ്പെട്ടിട്ടുണ്ട്. പലർക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ ഈ സഭയിലെ രണ്ടു പക്ഷവും ഒന്നിച്ചു നിൽക്കുമെന്ന് ഞാൻ കരുതുന്നു. എല്ലാവരുടേയും കാര്യം എനിക്ക് പറയാൻ ആവില്ല. എന്നാൽ എൻ.ഡി.എയിൽ ഉള്ള എല്ലാവരും എന്നെ പിന്തുണയ്ക്കുമെന്ന് ഞാൻ കരുതുന്നു.






