ഇന്ത്യൻ വിനോദ സഞ്ചാരികളിൽ കണ്ണുംനട്ട് സൗദി

വിദേശ വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിന് സൗദി ടൂറിസം മന്ത്രാലയം എട്ടു രാജ്യങ്ങളിൽ നിന്നുള്ളവർക്കു  കൂടി  ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിൽ ഇന്ത്യ ഉൾപ്പെടാതിരുന്നത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നിരാശ നൽകുന്നതാണെങ്കിലും അടുത്ത ഘട്ടത്തിൽ ഇന്ത്യ ഉണ്ടാകുമെന്നു വേണം പ്രതീക്ഷിക്കാൻ. കാരണം വിഷൻ 2030 ലക്ഷ്യമിടുന്നത് പ്രതിവർഷം പത്തു കോടി വിനോദ സഞ്ചാരികളെയാണ്. ഇതിൽ പ്രധാനമായി ഇന്ത്യൻ വിനോദ സഞ്ചാരികളായിരിക്കുമെന്നാണ് സൗദി വിനോദ സഞ്ചാര വകുപ്പിന്റെ  വിലയിരുത്തൽ. ഇന്ത്യ-സൗദി സൗഹൃദം മുൻപെന്നത്തെക്കാളും ശക്തമാണെന്നതും കാര്യങ്ങൾ എളുപ്പമാക്കും. 
ദക്ഷിണാഫ്രിക്ക, ജോർജിയ, അസർബൈജാൻ, അൽബേനിയ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ്് പുതുതായി ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിച്ചിട്ടുള്ളത്.  ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി മുതൽ ഓൺലൈനായി അപേക്ഷിച്ചാൽ മതിയാകും. സൗദിയിലെ അന്താരാഷ്ട്ര അതിർത്തി പ്രവേശന കവാടങ്ങളിൽ എത്തിയാൽ ഓൺ അറൈവൽ വിസയും ഇവർക്കു ലഭ്യമാകും.  2019 അവസാനത്തോടെ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിക്കാൻ തുടങ്ങിയിരുന്നു. ഇതോടെ ഓൺ അറൈവൽ, ഓൺലൈൻ വിസ ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം 57 ആയി. ഇതിനു പുറമെ  ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിദേശികൾക്കും ഇ-വിസ അനുവദിക്കുന്നുണ്ട്. ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന നിലവിൽ മൂന്നു ശതമാനമാണ്. 2030ഓടെ അത് പത്തു ശതമാനമായി ഉയർത്തനാണ് ലക്ഷ്യം. അതോടൊപ്പം ഈ മേഖലയിൽ സ്വദേശികൾക്ക് പത്തു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
ടൂറിസം മേഖലയിൽ വൻ പശ്ചാത്തല, വികസന പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഏതാണ്ട് 42,000 പദ്ധതികൾ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് നിർമാണ പുരോഗതിയിലാണ്. ഈ പദ്ധതികളുടെ പൂർത്തീകരണത്തിനനുസൃതമായി കൂടുതൽ രാജ്യങ്ങളെ ഇ-വിസ, ഓൺഅറൈവൽ വിസ സംവിധാനത്തിൽ ഉൾപ്പെടുത്താനാണ് ടൂറിസം മന്ത്രാലയത്തിന്റെ പരിപാടി. ഘട്ടം ഘട്ടമായാണ് കൂടുതൽ രാജ്യങ്ങളെ ഈ സംവിധാനത്തിൻ കീഴിൽ കൊണ്ടു വരുന്നത്. അടുത്ത ഘട്ടത്തിൽ ഇന്ത്യക്ക് സാധ്യതയേറെയാണ്. കാരണം ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള റോഡ് ഷോകൾക്കും പ്രചാരണ പരിപാടികൾക്കും സൗദി ഇന്ത്യയിൽ തുടക്കം കുറിച്ചു കഴിഞ്ഞു. മാത്രമല്ല, സൗദികൾക്ക് ഇന്ത്യ സന്ദർശിക്കുന്നതിന് ഓൺലൈൻ വിസ സംവിധാനം നിലവിലുമുണ്ട്.
ഇക്കഴിഞ്ഞ വർഷത്തിൽ ഇന്ത്യയിൽനിന്ന് ഒരു ദശലക്ഷം വിനോദ സഞ്ചാരികളാണ് സൗദിയിലെത്തിയത്. ഈ വർഷം അത് രണ്ടു ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് സൗദി ടൂറിസം അതോറിറ്റി ഏഷ്യ പസഫിക് മാർക്കറ്റ് പ്രസിഡന്റ് അൽഹസൻ അൽ ദബ്ബാഗ് അടുത്തിടെ ഒരു മാഗസിനിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ ഇന്ത്യയിൽ നടന്ന റോഡ് ഷോയിൽ പങ്കെടുത്ത് അദ്ദേഹം കാര്യങ്ങൾ വിലയിരുത്തിയിരുന്നു.  നടപ്പു വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ തന്നെ നാലു ലക്ഷം ഇന്ത്യക്കാർ സൗദി സന്ദർശിക്കാൻ എത്തിക്കഴിഞ്ഞുവെന്നും 2030 ഓടെ സൗദി സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 12 ദശലക്ഷമായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഇന്ത്യയിൽനിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി-ഇന്ത്യ വിമാന സർവീസുകളുടെ എണ്ണം 19 ശതമാനം അധികരിപ്പിക്കാനുള്ള തീരുമാനത്തിലാണ് സൗദി അറേബ്യ. ഇതിന്റെ ഫലമായി  ഇപ്പോൾ ആഴ്ചയിൽ 243 സർവീസുകളുള്ളത് 290 ആയി ഉയരും. ഇതിനു പുറമെ വിസ നടപടിക്രമങ്ങളുടെ വേഗത കൂട്ടുന്നതിന് വിസ സർവീസ് ഏജൻസിയായ വി.എഫ്.എസ് കേന്ദ്രങ്ങളുടെ എണ്ണം കൊച്ചി, കോഴിക്കോട് അടക്കം ഒമ്പതായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.  
ഓൺലൈൻ, ഓൺ അറൈവൽ വിസ ഇന്ത്യക്കാർക്കില്ലെങ്കിലും ഏതൊരു  ഇന്ത്യക്കാരനും ഇന്ന് സൗദിയിലെത്തുക വളരെ എളുപ്പമാണ്.  ട്രാൻസിറ്റ് യാത്രക്കാർക്ക് 48 മണിക്കൂർ രാജ്യത്ത് തങ്ങി ഉംറ തീർഥാടനവും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുമതി നൽകിയുള്ള വിസയും വിദേശ തൊഴിലാളികൾക്ക് സന്ദർശക വിസയിൽ കുടുംബാംഗങ്ങളെ മാത്രമല്ല, ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള  അനുമതിയും ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏതു പ്രവാസിക്കും സൗദിയിലേക്ക് ഓൺലൈൻ സന്ദർശക വിസയിൽ എത്താമെന്നതും ഇന്ത്യക്കാർക്ക് അനുഗുണമായ ഘടങ്ങളാണ്. കൂടാതെ വിനോദ സഞ്ചാര, വാണിജ്യ വിസകളും ലഭ്യമാണ്.
ഇന്ത്യയുടെ ട്രാവൽ വ്യവസായ മേഖലയും വൻ പ്രതീക്ഷയാണ് സൗദി വിനോദ സഞ്ചാര മേഖലയിൽ കാണുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി ടൂറിസം അതോറിറ്റി ഇന്ത്യയിലുടനീളം സൗദി വിനോദ സഞ്ചാര സാധ്യതകളെ പരിചയപ്പെടുത്തുന്നതിന് വൻ തോതിൽ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. ഇത് ഇന്ത്യയിൽനിന്ന് സൗദിയിലെത്താൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടാക്കിയതെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ കമ്പനിയായ മൈ ട്രിപ് ചീഫ് ബിസിനസ് ഓഫീസർ രാജ് ഋഷി സിംഗ് പറഞ്ഞു. 2023 ജനുവരി-മാർച്ച് കാലയളവിൽ 2022 ഒക്്‌ടോബർ-ഡിസംബർ കാലയളവിനേക്കാൾ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 20 ശതമാനം വർധനവാണ് രേഖപ്പെടുത്തയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2500 അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ ഇൻഡസ്ട്രി ഗ്രൂപ്പ് ആയ ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ സൗദി ടൂറിസം അതോറിറ്റിയുമായി വിവിധ കരാറുകളിൽ ഒപ്പിട്ടിട്ടുണ്ട്. റെഡ് സീ പ്രോജക്ട്, നിയോം, ഖ്വിദിയ തുടങ്ങിയ വൻ പദ്ധതികൾ സൗദിയിലേക്ക് എല്ലാത്തരം വിനോദ സഞ്ചാരികളെയും ആകർഷിക്കാൻ കഴിയുന്നതാണെന്നാണ് ട്രാവൽ ഏജന്റ്‌സ് അസോസിയേൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ജ്യോതി മയാലിന്റെ വിലയിരുത്തൽ.  ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യക്കും താമസിയാതെ ഓൺലൈൻ, ഓൺ അറൈവൽ വിസ ലഭ്യമാക്കുന്ന നടപടികൾ സൗദി അറേബ്യ ത്വരിതപ്പെടുത്തുമെന്നതിൽ സംശയമില്ല. കാരണം ഇരു രാജ്യങ്ങളിലും ഈ മേഖലയിൽ വൻ തൊഴിൽ സാധ്യതകളും നിക്ഷേപങ്ങളുമാണ് സൃഷ്ടിക്കാൻ പോകുന്നത്.

Latest News