കേരളത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വേർപിരിഞ്ഞിട്ട് മൂന്നാഴ്ച. അര നൂറ്റാണ്ടിലേറെ അദ്ദേഹം പ്രതിനിധീകരിച്ച പുതുപ്പള്ളി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പാർട്ടിയായ കോൺഗ്രസും യു.ഡി.എഫും കളത്തിലിറങ്ങിക്കഴിഞ്ഞു. എൽ.ഡി.എഫും തെരഞ്ഞെടുപ്പിന് സജ്ജമാണ്, സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയേ വേണ്ടൂ.
എന്നാൽ ജയം അസാധ്യമെന്നുറപ്പുള്ള തെരഞ്ഞെടുപ്പിനിറങ്ങുമ്പോഴും, മാന്യമായ മത്സരത്തിന് പോലും ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുകയാണ് സി.പി.എം നേതാക്കൾ. രാഷ്ട്രീയമായി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുപകരം തങ്ങൾക്ക് എക്കാലത്തും പഥ്യമായ വ്യക്തിഹത്യയും അപവാദ രാഷ്ട്രീയവും ഒരിക്കൽകൂടി പുറത്തെടുത്തിരിക്കുകയാണവർ. ജീവിച്ചിരുന്നപ്പോൾ നിർദയം വേട്ടയാടിയ ഉമ്മൻ ചാണ്ടിയെ മരിച്ചാലും വിടില്ലെന്ന് വ്യക്തമാക്കുകയാണ് സി.പി.എം.
ഉമ്മൻ ചാണ്ടി വാസ്തവത്തിൽ ആരായിരുന്നു എന്ന് കേരളം തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ്. കോൺഗ്രസ് പാർട്ടിയോ, ഒരുവേള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പോലുമോ ജനഹൃദയത്തിൽ ഉമ്മൻ ചാണ്ടിക്ക് ഇത്രത്തോളം സ്ഥാനമുണ്ടായിരുന്നതായി കരുതിക്കാണാനിടയില്ല. തന്റെ പൊതുപ്രവർത്തന ജീവിതത്തിലുടനീളം അധികാരമുള്ളപ്പോഴും, ഇല്ലാത്തപ്പോഴും ജനങ്ങളെ ഇത്രമാത്രം സ്‌നേഹിച്ച, അവരുടെ നടുവിൽ കഴിയുമ്പോൾ സന്തോഷം അനുഭവിച്ച, അവരുടെ വേദനകൾ ഏറ്റുവാങ്ങി, പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ സായൂജ്യമടഞ്ഞ ഉമ്മൻ ചാണ്ടിക്ക് അദ്ദേഹത്തിന്റെ മരണശേഷം ആ സ്‌നേഹം അണപൊട്ടിയൊഴുകും വിധമാണ് ജനം തിരിച്ചുനൽകിയത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളിയിലേക്ക് നീങ്ങുമ്പോൾ റോഡിനിരുവശവും കണ്ട ജനവികാരത്തിന്റെ വേലിയേറ്റം കേരളത്തെയാകെ സ്തബ്ധമാക്കി. ഉമ്മൻ ചാണ്ടി തങ്ങൾക്ക് നൽകിയ സഹായങ്ങൾ, പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തിയ ഓർമകൾ, അലിവും കരുണയും കൊണ്ട് തങ്ങളുടെ ഹൃദയങ്ങളെ കീഴടക്കിയ അനുഭവങ്ങൾ, നാടിനും ജനങ്ങൾക്കുംവേണ്ടി അദ്ദേഹം നടപ്പാക്കിയ നല്ല കാര്യങ്ങൾ... എല്ലാം ആളുകൾ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു, ആരുടെയും പ്രേരണയില്ലാതെ. അവരിൽ ജാതിയും മതവും രാഷ്ട്രീയവുമൊന്നുമുണ്ടായിരുന്നില്ല.
മരിച്ച് മൂന്നാം നാൾ അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യുന്നതോടെ അടങ്ങുമെന്ന് കരുതിയ ആ സ്‌നേഹ തിരയിളക്കം പിന്നെയും തുടരുന്നതാണ് ഇപ്പോൾ കാണുന്നത്. കേരളത്തിന്റെ അങ്ങോളമിങ്ങോളം നിന്ന് ഉമ്മൻ ചാണ്ടിയെ സ്‌നേഹിക്കുന്നവർ ദിവസവും കബറിലേക്കെത്തുന്നു, മെഴുകുതിരി തെളിയിക്കുന്നു, പ്രാർഥിക്കുന്നു, കണ്ണീർ വാർക്കുന്നു. ആവലാതികൾ പറയുന്നു, നിവേദനങ്ങൾ നൽകുന്നു. അത് കേരളത്തിന് മറ്റൊരദ്ഭുതമായി. ഇന്നോളം കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനും ജനങ്ങളിൽനിന്ന് ലഭിച്ചിട്ടില്ലാത്ത നിഷ്‌കളങ്കവും അവാച്യവുമായ സ്‌നേഹ പ്രകടനം. സ്‌നേഹം കൊണ്ട് തങ്ങളുടെ ഹൃദയങ്ങളിൽ കുടിയിരുത്തിയ ഉമ്മൻ ചാണ്ടിയെ അവർ മഹോന്നതിയിലേക്കുയർത്തുന്നു. ജനം അവരുടെ ഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടിയെ എന്നേ വിശുദ്ധനാക്കിക്കഴിഞ്ഞുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സാക്ഷ്യപ്പെടുത്തൽ.
ഇത്രയും ദിവസം ഇതെല്ലാം കണ്ട് അമർഷം കടിച്ചൊതുക്കി, പല്ലിറുമ്മി നിന്ന സി.പി.എം നേതാക്കൾക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല ഈ സംഭവവികാസങ്ങൾ. അവരുടെ കാലുഷ്യം കുടം പൊട്ടിയൊഴുകി. അതാണ് സി.പി.എം നേതാവ് അനിൽ കുമാർ തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം നടത്തിയ ഉമ്മൻചാണ്ടി നിന്ദ. വിലാപയാത്ര വേളയിൽ നടൻ വിനായകൻ നടത്തിയ നിന്ദയുടെ മറ്റൊരു ആവർത്തനം.
ഉമ്മൻ ചാണ്ടി അത്ര വലിയ ആളൊന്നുമല്ല, വലിയ മനുഷ്യസ്‌നേഹിയുമല്ല, അദ്ദേഹത്തിന്റെ ക്രൗര്യത്തിന് ഇരകളാണ് കമ്മ്യൂണിസ്റ്റുകൾ, ഉമ്മൻ ചാണ്ടി ചെയ്തതിന്റെ എത്രയോ മടങ്ങ് ജനങ്ങൾക്ക് സഹായം നൽകിയവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. കേരളത്തിൽ ജനങ്ങൾക്ക് ആരെങ്കിലും ഉപകാരം ചെയ്തിട്ടുണ്ടെങ്കിൽ അത് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രം, വേറൊരുത്തനുമല്ല... അതാണ് അനിൽ കുമാറിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ രത്‌നച്ചുരുക്കം. ഉമ്മൻ ചാണ്ടിക്ക് രോഗം വന്നപ്പോൾ വേണ്ട രീതിയിൽ ചികിത്സ നൽകാൻ കോൺഗ്രസുകാർ തയാറായില്ല എന്നുകൂടി അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.
വാസ്തവത്തിൽ ഇത് കേവലം ഒരു അനിൽ കുമാറിന്റെ മാത്രം വികാരമല്ല, കേരളത്തിലെ ഒട്ടുമിക്ക സി.പി.എം നേതാക്കളുടെയും അണികളുടെയും ഉള്ളിൽ പതഞ്ഞുപൊങ്ങുന്ന അമർഷമാണത്.
ഇത്രയും കാലം തങ്ങൾ ഏറ്റവും വെറുത്തിരുന്ന, അങ്ങേയറ്റം അധിക്ഷേപിച്ച, കല്ലെറിഞ്ഞ, രതിവൈകൃത കഥകൾ മെനഞ്ഞ് നാണം കെടുത്തിയ, ആക്ഷേപിക്കാനുള്ള ഒരവസരവും പാഴാക്കാതിരുന്ന അതേ ഉമ്മൻ ചാണ്ടിയെ ജനം ഹൃദയം കൊണ്ട് എടുത്തുയർത്തുന്നത് എത്രനാൾ അവർക്ക് കണ്ടുനിൽക്കാനാവും. അപ്പോൾ പിന്നെ അതിനെയങ്ങ് തകർക്കുക തന്നെ. അതിന് സി.പി.എമ്മിന് ഒരേയൊരു മാർഗമേ അറിയാവൂ. ആക്ഷേപിക്കുക, വീണ്ടും ആക്ഷേപിക്കുക, പിന്നെയും പിന്നെയും നിന്ദിക്കുക, വ്യക്തിഹത്യ ചെയ്യുക, ഒറ്റക്കും കോറസായും കിട്ടുന്ന വേദികളിലും സോഷ്യൽ മീഡിയയിലും അതുതന്നെ തുടരുക. അല്ലാതെ ഉമ്മൻ ചാണ്ടിയേക്കാൾ പരോപകാരിയും ജനങ്ങളെ രാഷ്ട്രീയവും ജാതിയും മതവുമൊന്നും നോക്കാതെ അവരെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടുകയും ചെയ്യുന്ന ഒരു നേതാവിനെയെങ്കിലും വളർത്തിക്കൊണ്ടുവരാൻ സി.പി.എം ശ്രമിക്കില്ല. അത്തരത്തിലൊരു നേതാവ് സി.പി.എമ്മിൽ ഇതുവരെ ഉണ്ടായിട്ടില്ല, ഇനിയൊട്ട് ഉണ്ടാകുമെന്ന് കരുതാനും വയ്യ.
ഉമ്മൻ ചാണ്ടിയെ സി.പി.എം വെറുക്കാൻ കാരണം അദ്ദേഹത്തിന്റെ ജനകീയത ഒന്നു മാത്രമായിരുന്നു. മുഖ്യമന്ത്രിയായിരിക്കേ നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെ പതിനായിരങ്ങളുടെ കണ്ണീരൊപ്പാൻ അദ്ദേഹത്തിന് കഴിഞ്ഞു. അങ്ങനെ സഹായം ലഭിച്ചവരിൽ നൂറുകണക്കിന് സി.പി.എം അനുഭാവികളും പ്രവർത്തകരുമുണ്ട്. മാത്രമല്ല, ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ, സർക്കാരുമായുള്ള ഇടപെടലുകളിൽ തടസ്സമായി നിൽക്കുന്ന ചുവപ്പുനാട നിയമക്കുരുക്കുകൾ ഒന്നൊന്നായി അഴിച്ചെടുക്കാൻ അദ്ദേഹം മുൻ കയ്യെടുത്തു. അധികാരത്തെ ഇത്രമേൽ ജനോപകാരപ്രദമാക്കിയ ഒരു ഭരണാധികാരി കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ ഉണ്ടാകാനിടയില്ല. അധികാരത്തിന് ഇത്ര സൗമ്യമാകാൻ കഴിയുമോ എന്ന് പ്രശസ്ത എഴുത്തുകാരൻ പ്രൊഫ. കൽപറ്റ നാരായണൻ അദ്ഭുതപ്പെട്ടത് അതുകൊണ്ടാണ്.
സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക്, അതെത്ര ചെറുതോ വലുതോ ആയിക്കൊള്ളട്ടെ അതിന് പരിഹാരമുണ്ടാക്കാൻ തന്നിൽ കിട്ടിയ അധികാരം പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു മുഖ്യമന്ത്രിയായിരുന്ന വേളയിൽ ഉമ്മൻ ചാണ്ടി. ഒപ്പം നാടിന്റെ പുരോഗതിക്കുവേണ്ടി ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഇതെല്ലാം അദ്ദേഹത്തെ ജനങ്ങളുടെ മതിപ്പിനിടയാക്കി. ആ ഗ്രാഫ് കുതിച്ചുപൊങ്ങുന്നത് കണ്ടാണ്, സി.പി.എം തങ്ങളുടെ എക്കാലത്തെയും തുറുപ്പുചീട്ടായ പെൺവിഷയം എന്ന ആയുധം തന്നെ വീശി അദ്ദേഹത്തെ തളർത്തിയത്. സി.പി.എമ്മിന്റെ ആക്രമണത്തിൽ ഉമ്മൻ ചാണ്ടി മാത്രമല്ല, സകല കോൺഗ്രസുകാരുടെയും തല കുനിഞ്ഞു. ഒടുവിൽ തനിക്കെതിരെ കെട്ടിപ്പൊക്കിയതെല്ലാം കള്ളക്കഥകളാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയപ്പോഴേക്കും ഉമ്മൻ ചാണ്ടി ശാരീരികമായി തകർന്നിരുന്നു.
ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ ജനം കാട്ടിയ സ്‌നേഹപ്രകടനം അദ്ദേഹത്തെ വേട്ടയാടിയവർക്കെതിരായ രോഷപ്രകടനം കൂടിയാണെന്ന് കരുതുന്നവരുണ്ട്. അദ്ദേഹത്തെ ഇത്ര നിന്ദ്യമായി ആക്രമിച്ചത് പൊറുക്കാനാവാത്ത കാര്യമാണെന്ന് കേരളത്തിലെ സാധാരണ ജനങ്ങൾ വിശ്വസിക്കുന്നു. ആരോപണങ്ങളുടെ പൊടിപടലങ്ങളുയർന്നപ്പോൾ ഒരുവേള, തങ്ങളുടെയും കാഴ്ചയും മങ്ങിപ്പോയല്ലോ എന്നവർ പശ്ചാത്തപിക്കുന്നുണ്ടാവാം. അതിന്റെ കൂടി പ്രായശ്ചിത്തമാവാം അദ്ദേഹത്തിന്റെ കബറിലേക്കുള്ള നിലക്കാത്ത ഈ ജനപ്രവാഹം.
സി.പി.എമ്മിന് എന്തെങ്കിലും പ്രതിബദ്ധത കേരളത്തിലെ ജനങ്ങളോടുണ്ടെങ്കിൽ അവർ ചെയ്യേണ്ടത് യാഥാർഥ്യത്തെ കണ്ണുതുറന്നു കാണുകയാണ്. ഉമ്മൻ ചാണ്ടിയോട് തങ്ങൾ എന്താണ് ചെയ്തതെന്ന് അവർക്ക് നന്നായറിയാം. അത് ജനങ്ങൾക്കുമറിയാം. ചെയ്തുപോയത് തെറ്റായിരുന്നുവെന്ന് ജനങ്ങളോട് ഏറ്റുപറയാൻ സി.പി.എം തയാറായാൽ ആ സത്യസന്ധതയെ എങ്കിലും ജനങ്ങൾ അംഗീകരിക്കും. എത്രയോ തവണ തെറ്റുകൾ ചെയ്യുകയും തിരുത്തുകയും ചെയ്ത പാർട്ടിയാണിത്. ശബരിമല വിഷയത്തിൽ കടുംപിടിത്തം പിടിച്ചിട്ട് ജനങ്ങളിൽനിന്ന് തിരിച്ചടി കിട്ടിയപ്പോൾ വീടുവീടാന്തരം കയറി മാപ്പ് പറഞ്ഞത് ഈയടുത്തല്ലേ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ സി.പി.എം ഉമ്മൻ ചാണ്ടിക്കുപിന്നാലെ പോകാതെ രാഷ്ട്രീയം പറയുകയാണ് ചെയ്യേണ്ടത്. സംസ്ഥാന സർക്കാർ അവകാശപ്പെടുന്ന നേട്ടങ്ങൾ ജനങ്ങൾക്കുമുന്നിൽ നിരത്തുക. ജനങ്ങളുടെ ചോദ്യങ്ങൾക്ക് വിശ്വസനീയമായ മറുപടി പറയുക. അല്ലാതെ ഇനിയും ഉമ്മൻ ചാണ്ടിക്കെതിരെ ഇല്ലാക്കഥകൾ മെനയാനാണ് ഭാവമെങ്കിൽ നിങ്ങൾ തോൽക്കുക മാത്രമല്ല, ജനങ്ങൾക്കുമുന്നിൽ പരിഹാസ്യരുമാവും.






