Sorry, you need to enable JavaScript to visit this website.

ജോ ബൈഡനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ വെടിവെച്ചു കൊന്നു

വാഷിംഗ്ടണ്‍- യു. എസ് പ്രസിഡന്റ് ജോ ബൈഡനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാളെ എഫ്. ബി. ഐ ഏജന്റുമാര്‍ വെടിവെച്ചു കൊലപ്പെടുത്തി. യൂട്ടയില്‍ നിന്നുള്ള ആളാണ് കൊല്ലപ്പെട്ടത്. എഫ്. ബി. ഐ ഏജന്റുമാര്‍ ഇയാളഉടെ വീട് റെയ്ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. 

ബൈഡന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സംഭവം. എഫ്. ബി. ഐ സാള്‍ട്ട് ലേക്ക് സിറ്റിയുടെ തെക്ക് നഗരമായ പ്രോവോയിലെ ക്രെയ്ഗ് റോബര്‍ട്ട്‌സന്റെ വീട്ടില്‍ രെയ്ഡിനെത്തിയപ്പോഴായിരുന്നു വെടിവയ്പ്.

എഴുപത് വയസ്സിലേറെയുള്ള റോബര്‍ട്ട്‌സന്‍ ഡൊണാള്‍ഡ് ട്രംപിന്റെ തീവ്ര അനുയായിയാണ്. ഇയാള്‍ക്ക് ഒരു സ്‌നൈപ്പര്‍ റൈഫിളും മറ്റ് നിരവധി തോക്കുകളും ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രസിഡന്റിനെതിരായ ഭീഷണി, ഫെഡറല്‍ നിയമപാലകരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കുക, തടസ്സപ്പെടുത്തുക, പ്രതികാരം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് റോബര്‍ട്ട്‌സണെതിരെ ചുമത്തിയിരിക്കുന്നത്. കോടതി രേഖകള്‍ അനുസരിച്ച് റോബര്‍ട്ട്സണ്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ 'പ്രസിഡന്‍ഡിന്റെ കൊലപാതകം' പരാമര്‍ശിക്കുകയും ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്ന പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആഗസ്ത് ഏഴിനായിരുന്നു. ബൈഡന്‍ യൂട്ടായിലേക്ക് വരുന്നതായി കേട്ടതായും 'എം24 സ്‌നൈപ്പര്‍ റൈഫിളില്‍ നിന്ന് പൊടി തുടച്ചുവെക്കാന്‍'' പദ്ധതിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു പോസ്റ്റില്‍, റോബര്‍ട്ട്‌സണ്‍ സ്വയം ഒരു 'മെഗാ ട്രംപര്‍' എന്ന് വിശേഷിപ്പിച്ചു. യു. എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'മേക്ക് അമേരിക്ക അഗെയ്ന്‍' എന്ന മുദ്രാവാക്യത്തെയും ഇയാള്‍ പരാമര്‍ശിച്ചിരുന്നു.

വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, യു. എസ് അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് എന്നിവരെയും റോബര്‍ട്ട്സണ്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നോ രണ്ടോ പ്രസിഡന്‍ഷ്യല്‍ കൊലപാതകത്തിനുള്ള സമയമാണിതെന്ന് മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 'ആദ്യം ജോ പിന്നെ കമല!'

ന്യൂ മെക്‌സിക്കോയില്‍ വച്ച് ബൈഡനെ ഇക്കാര്യം അറിയിച്ചിരുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Latest News