Sorry, you need to enable JavaScript to visit this website.

വിവാഹിതയുടെ ബലാത്സംഗ പരാതി; സമ്മതമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി

പ്രയാഗ്‌രാജ്- ലൈംഗിക ബന്ധത്തിൽ മുൻ പരിചയമുള്ള വിവാഹിതയായ സ്ത്രീ എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിൽ മറ്റൊരു പുരുഷനുമായുള്ള അവളുടെ അടുപ്പം പരസ്പര സമ്മതപ്രകാരമല്ലെന്ന് കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. 40 കാരിയായ വിവാഹിതയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതിക്കെതിരായ ക്രിമിനൽ നടപടികളിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗ് ഈ നിരീക്ഷണം നടത്തിയത്.

പ്രതി അവളുടെ ലിവ് ഇൻ പാർട്ണറായിരുന്നുവെന്നതാണ് കേസിലെ മറ്റൊരു വിരോധാഭാസം.  ബലാത്സംഗത്തിന് ഇരയായ യുവതി ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാതെയും രണ്ട് മക്കളെ ഉപേക്ഷിക്കാതെയുമാണ്  ഹരജിക്കാരനായ രാകേഷ് യാദവുമായി ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടാൻ തീരുമാനിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ പിന്നീട്  വിവാഹം കഴിക്കാൻ ഉദ്ദേശിക്കുകയും ചെയ്തിരുന്നു.

ജൗൻപൂരിലെ  അഡീഷണൽ സിവിൽ ജഡ്ജിയുടെ (ജൂനിയർ ഡിവിഷൻ) കോടതിയിൽ തങ്ങൾക്കെതിരെ സമർപ്പിച്ച കുറ്റപത്രം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പ്രതികൾ സമർപ്പിച്ച ഹരജിയിലാണ്  കോടതി വാദം കേട്ടത്.

ഇരയായ യുവതി 2001-ലാണ്  വിവാഹം കഴിച്ചത്.  വൈവാഹിക ബന്ധത്തിൽ രണ്ട് കുട്ടികളെ പ്രസവിച്ചു. ഇവരുടെ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ്  രാകേഷ് യാദവ്  മുതലെടുത്തത്.  വിവാഹ വാഗ്ദാനം നൽകിയാണ്  അഞ്ച് മാസത്തേക്ക്  സഹവാസം തുടങ്ങിയതും  ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതും.

കൂട്ടുപ്രതികളായ രാജേഷ് യാദവ് പ്രതിയുടെ സഹോദരനും  ലാൽ ബഹാദൂർ  പിതാവുമാണ്. രാകേഷ് യാദവുമായുള്ള യുവതിയുടെ വിവാഹം സുഗമമാക്കാമെന്ന് ഉറപ്പുനൽകിയെന്നാണ് ഇവർക്കെതിരായ ആരോപണം. വിവാഹത്തിനുള്ള യുവതിയുടെ നിർബന്ധത്തിനു വഴങ്ങി, ഒരു നോട്ടറി സാക്ഷ്യപ്പെടുത്തിയ വിവാഹം നടന്നുവെന്ന വ്യാജേന ഇവർ  സ്റ്റാമ്പ് പേപ്പറിൽ യുവതിയുടെ ഒപ്പ് പോലും വാങ്ങിയിരുന്നു. യഥാർത്ഥത്തിൽ, അത്തരത്തിലുള്ള ഒരു വിവാഹവും നടന്നിരുന്നില്ല.

 40 വയസ്സുള്ള വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിക്ക്  ഉഭയസമ്മതപ്രകാരമുള്ള പ്രവൃത്തിയുടെ സ്വഭാവവും ധാർമ്മികതയും മനസ്സിലാക്കാനുള്ള പക്വതയുണ്ടെന്ന് ഹരജിക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകൻ വാദിച്ചു.  ഈ കേസ് ബലാത്സംഗമല്ലെന്നും മറിച്ച് പ്രതിയും യുവതിയും തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും അവർ വാദിച്ചു. കൂടുതൽ വാദങ്ങളുടെ  ആവശ്യകത വ്യക്തമാക്കിയ കോടതി ഹരജിക്കാർക്കെതിരെ നിലവിലുള്ള ക്രിമിനൽ കേസ് താൽക്കാലികമായി നിർത്തിവച്ചു. ആറാഴ്ചയ്ക്കുള്ളിൽ എതിർ സത്യവാങ്മൂലം  സമർപ്പിക്കാൻ എതിർകക്ഷികൾക്ക് അവസരം നൽകി. ഒമ്പത് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

Latest News